ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 ഫെബ്രു: 21, 22 തീയതികളിൽ

Spread the love

കേരളത്തിലേയ്ക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി 2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് – 2025 സംഘടിപ്പിക്കും.
2025 ഫെബ്രുവരി 21ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഐ.കെ.ജി.എസ് ഉത്‌ഘാടനം ചെയ്യും. സമ്മിറ്റിൽ രണ്ടായിരത്തോളം നിക്ഷേപകർ, 30 രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ / കോൺസൽ ജനറൽമാർ, വിവിധ വിദേശ കമ്പനികളുടെ പ്രതിനിധികൾ, ഇന്ത്യയിലെ പ്രധാനപ്പെട്ട വ്യവസായികൾ, വിവിധ കമ്പനികളുടെ പ്രതിനിധികൾ, സംരംഭകർ, കേരളത്തിലെ പ്രധാന വ്യവസായികൾ, വ്യാപാര വ്യവസായ മേഖലയിലെ സംഘടനകളുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവരാണ് പങ്കെടുക്കുക. 9 രാജ്യങ്ങൾ കൺട്രി പാർട്‌ണർമാരായി പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു. വ്യവസായ വാണിജ്യ സംഘടനകളായ സി.ഐ.ഐ, ഫിക്കി , ടൈ കേരള തുടങ്ങിയവർ വിവിധ തരത്തിൽ പരിപാടിയിൽ പങ്കാളികളാകും. സർക്കാരിൻ്റെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് സമ്മിറ്റ്.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (DPIIT) നടത്തുന്ന വ്യവസായ കേന്ദ്രീകൃത, പൗര സേവന പരിഷ്കാരങ്ങളുടെ ഭാഗമായുള്ള ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ അടിസ്ഥാനമാക്കിയുള്ള റാങ്കിങ്ങിൽ കേരളം ടോപ് അച്ചിവർ സ്ഥാനം കൈവരിച്ചിട്ടുണ്ട്. ചരിത്രപരമായ ഈ നേട്ടം കേരളത്തെ സംബന്ധിച്ച് ഒരു നാഴികക്കല്ലാണ്. സംരംഭക വർഷം പദ്ധതിക്ക് അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, “ഇന്നവേഷൻ ഇൻ പബ്ളിക് അഡ്മിനിസ്ട്രേഷൻ എന്ന അംഗീകാരവും നൽകി. ചരിത്രത്തിലെ ഏറ്റവും മികച്ചതും അനുകൂലവുമായ നിക്ഷേപ സൗഹൃദാന്തരീക്ഷത്തിൽ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് മികച്ച ഫലം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *