മാലിന്യമുക്തം നവകേരളം: എല്ലാവരുടെയും പൂർണ്ണസഹകരണവും കൂട്ടായ ഇടപെടലും പ്രധാനമെന്ന് മുഖ്യമന്ത്രി

Spread the love

സമ്പൂർണ മാലിന്യനിർമാർജനം ഉറപ്പുവരുത്തുന്നതിനായി മാലിന്യമുക്തം നവകേരളം എന്ന ക്യാമ്പയിൻ ഇപ്പോൾ സജീവമായി മുന്നോട്ട് പോകുകയാണെന്നും അത് പൂർണ്ണമായും ഫലപ്രദമാകണമെങ്കിൽ സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളുടെ സഹകരണം ഉണ്ടാകേണ്ടതത്യാവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപെട്ടു റെസിഡൻസ് അസോസിയേഷനുകൾ, തൊഴിലാളി യൂണിയനുകൾ, ജീവനക്കാരുടെ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എൻ.എസ്.എസ്., എൻ.സി.സി., എസ്.പി.സി., സ്‌കൗട്ട്‌സ് & ഗൈഡ്‌സ് തുടങ്ങിയവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി നടത്തിയ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാവരുടെയും കൂട്ടായ ഇടപെടലിലൂടെ മാത്രമേ മാലിനിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കുകയുള്ളൂ. നമ്മൾ വ്യക്തി ശുചിത്വത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നവരാനാണ്. അതേ പ്രാധാന്യം തന്നെ പൊതു ശുചിത്വത്തിന് കൂടി കൊടുക്കേണ്ടതുണ്ട്. അത് നമ്മുടെ നാടിന്റെയും ഭാവി തലമുറകളുടെയും നിലനിൽപ്പിന് പ്രധാനമാണ്. ശുചിത്വം ഉറപ്പുവരുത്തുന്നത് വൃത്തിയും വെടിപ്പുമുള്ള പരിസങ്ങൾ സൃഷ്ടിക്കുന്നതിന് മാത്രമല്ല, ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുന്നതിനും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ മാലിന്യമുക്തം നവകേരളം എന്ന ക്യാമ്പയിൻ ഏറെ പ്രാധാന്യത്തോടെ ഏറ്റെടുത്തു പൂർണ്ണതോതിൽ ജനകീയമാക്കേണ്ടതുണ്ട്.
ഗാന്ധി ജയന്തി ദിനമായ 2024 ഒക്ടോബർ 2 മുതൽ അന്തരാഷ്യ സീറോ വേസ്റ്റ് ദിനമായ 2025 മാർച്ച് 30 വരെയാണ് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ലഭ്യമായ കണക്കനുസരിച്ചു രണ്ടു ലക്ഷത്തി നാൽപ്പതിനായിരത്തോളം പേർ സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്.
മാലിന്യമുക്തം നവകേരളം എന്ന ക്യാമ്പയിൻ പൂർണ്ണതോതിൽ നടപ്പിലാക്കിയെങ്കിൽ മാത്രമേ സുസ്ഥിരമായ നവകേരളം എന്ന നമ്മുടെ ആത്യന്തിക ലക്ഷ്യം കൈവരിക്കാനാകൂ. ഇത് നമ്മുടെ ഭാവി തലമുറകളെ കൂടി ബാധിക്കുന്ന വിഷയമാണ്. അതിവേഗത്തിൽ നഗരവത്കരിക്കപെട്ടുകൊണ്ടിരിക്കുന്ന കേരളത്തിൽ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യപ്പെടേണ്ടത് കേരളീയരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിനോദ സഞ്ചാരത്തെ വലിയ തോതിൽ ആശ്രയിക്കുന്ന കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ വളർത്തുന്നതിനും ഉപകരിക്കും. അതിനാൽ ഇക്കാര്യത്തിൽ എല്ലാവരുടെയും പൂർണ്ണ പിൻതുണയുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *