നയി ചേതന’ 3.0 ദേശീയ ക്യാമ്പയിന് സമാപനം
അവകാശ സ്വാതന്ത്ര്യത്തിൻറെ പെൺപോരാട്ടങ്ങൾക്ക് പുതിയ മുഖവും കരുത്തും പകർന്നു കൊണ്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ജെൻഡർ കാർണിവലിന് നിറപ്പകിട്ടാർന്ന സമാപനം. ‘ലിംഗവിവേചനത്തിനും ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കുമെതിരേ’ എന്ന തലക്കെട്ടിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘നയിചേത്‌ന 3.0 ദേശീയ ജെൻഡർ ക്യാമ്പയിൻറെ സമാപനത്തോടനുബന്ധിച്ചായിരുന്നു ജെൻഡർ കാർണിവൽ. അതിക്രമങ്ങൾക്കെതിരേ പ്രതികരിക്കാനും പ്രതിരോധിക്കാനും ശബ്ദമുയർത്താനും നിർഭയം മുന്നോട്ടു വരുന്ന സ്ത്രീകളുടെ പുതിയകാല ദൃശ്യം സമ്മാനിച്ചു കൊണ്ടാണ് കുടുംബശ്രീയുടെ കീഴിൽ 1070 സി.ഡി.എസുകളിലും സംഘടിപ്പിച്ച ജെൻഡർ കാർണിവലിന് പരിസമാപ്തിയായത്. ദേശീയതലത്തിൽ ദേശീയ ഗ്രാമീണ ഉപജീവന മിഷനാണ് നയിചേത്‌ന 3.0 ക്യാമ്പയിൻറെ നേതൃത്വം.
നവംബർ 23 ന് തുടക്കമിട്ട ക്യാമ്പയിനിൽ പ്രത്യേകം തയ്യാറാക്കിയ കലണ്ടർ പ്രകാരം അയൽക്കൂട്ട എ.ഡി.എസ്, സി.ഡി.എസ്, ജില്ലാതലത്തിൽ കഴിഞ്ഞ നാല് ആഴ്ചകളിലായി വൈവിധ്യമാർന്ന പരിപാടികളാണ് കുടുംബശ്രീ സംഘടിപ്പിച്ചത്.