റാഞ്ചി : മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ കേരളത്തിന് വീണ്ടും തോൽവി. സൌരാഷ്ട്ര 96 റൺസിനാണ് കേരളത്തെ തോല്പിച്ചത്. ടൂർണ്ണമെൻ്റിൽ ഇത് കേരളത്തിൻ്റെ തുടർച്ചയായ മൂന്നാം തോൽവിയാണ്. ആദ്യം ബാറ്റ് ചെയ്ത സൌരാഷ്ട്ര 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 309 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 46.2 ഓവറിൽ 213 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
ടോസ് നേടിയ കേരളം സൌരാഷ്ട്രയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പി ചൌഹാനും രാജ് വഗേലയും ചേർന്ന് മികച്ച തുടക്കമാണ് സൌരാഷ്ട്രയ്ക്ക് നല്കിയത്. ചൌഹാൻ 39 പന്തിൽ 56 റൺസ് നേടി. തുടരെയുള്ള ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി കേരളം റണ്ണൊഴുക്കിന് തടയിട്ടെങ്കിലും മധ്യനിരയിൽ ഗജ്ജർ സമ്മർ സൌരാഷ്ട്രയ്ക്ക് തുണയായി. ഒരറ്റത്ത് ഉറച്ച് നിന്ന ഗജ്ജർ 90 റൺസുമായി പുറത്താകാതെ നിന്നു. 31 റൺസെടുത്ത മൌര്യ ഗൊഗാറിയും 26 റൺസ് വീതം നേടിയ അൻഷ് ഗോസായ്, തീർഥ്രാജ് സിങ് ജഡേജ തുടങ്ങിയവരും സൌരാഷ്ട്രയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു. കേരളത്തിന് വേണ്ടി അഖിൻ നാല് വിക്കറ്റ് വീഴ്ത്തി.
വലിയ ലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വേണ്ടി മുൻനിര ബാറ്റർമാരിൽ അഭിഷേക് നായർ മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. രണ്ടാം വിക്കറ്റിൽ അഭിഷേകും വരുൺ നായനാരും ചേർന്നുള്ള കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കി. എന്നാൽ ഇരുവരും പുറത്തായതോടെ തുടരെ വിക്കറ്റുകൾ വീണു. അഭിഷേക് നായർ 59ഉം വരുൺ നായനാർ 27ഉം റൺസെടുത്തു.വാലറ്റത്ത് ജെറിനും അനുരാജും പവൻ രാജും നടത്തിയ ചെറുത്തുനില്പാണ് കേരളത്തിന് വലിയ തോൽവി ഒഴിവാക്കിയത്. അനുരാജ് 35 റൺസുമായി പുറത്താകാതെ നിന്നു.ജെറിൻ 25ഉം പവൻ രാജ് 23ഉം റൺസെടുത്തു. സൌരാഷ്ട്രയ്ക്ക് വേണ്ടി ഡി ഗോഹിൽ, ഗജ്ജർ സമ്മർ, ക്രെയ്ൻസ് ഫുലേത്ര, മൌര്യ ഗൊഗാറി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഫോട്ടോ – മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ കേരളത്തിന് വേണ്ടി 4 വിക്കറ്റ് നേടിയ അഖിന്.
PGS Soora