മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു

Spread the love

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.

ഇന്ത്യയെ ലോകത്തെ പ്രധാനസാമ്പത്തിക ശക്തികളിലൊന്നായി വളര്‍ത്തിയതില്‍ മന്‍മോഹന്‍ സിങിന്റെ ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും ഏറെ സഹായകരമായിട്ടുണ്ട്.സമൂലമായ പരിഷ്‌കരണത്തിലൂടെ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് അടിത്തറ പാകിയ ക്രാന്തദര്‍ശിയായ ഭരണാധികാരിയായിരുന്നു അദ്ദേഹം. ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും പാതയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ പൊളിച്ചെഴുത്താണ് മന്‍മോഹന്‍ സിങ് നടത്തിയത്. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരഞ്ഞപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ആ പ്രതിസന്ധിയെ അതിജീവിക്കാന്‍ കരുത്ത് നല്‍കിയത് മന്‍മോഹന്‍ സിങ് തെളിച്ച സാമ്പത്തിക നയങ്ങളുടെ പാതയായിരുന്നു.

അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന നിരവധി നിയമങ്ങള്‍ പിന്നീട് രാജ്യത്തിന്റെ നട്ടെല്ലായി മാറി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സ്ത്രീ സുരക്ഷയ്ക്കായുള്ള നിയമനിര്‍മ്മാണം, വിദ്യാഭ്യാസ അവകാശ ബില്‍, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍,വിവരാവകാശ നിയമം തുടങ്ങിയ ജനകീയ നിയമങ്ങള്‍ അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തില്‍ നടപ്പാക്കിയവയായിരുന്നു. കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളോടും നിലപാടുകളോടും അചഞ്ചലമായ കൂറും പുലര്‍ത്തിയ നേതാവാണ് അദ്ദേഹം. കാലം അടയാളപ്പെടുത്തിയ രാജ്യം കണ്ട മികച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരില്‍ ഒരാളാണ് മന്‍മോഹന്‍സിങ്. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.
——————

Author

Leave a Reply

Your email address will not be published. Required fields are marked *