പെരിയ ഇരട്ടക്കൊല കേസില്‍ കൊലയാളികളെ സംരക്ഷിക്കുകയും കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിന് നീതി വൈകിപ്പിക്കുകയും ചെയ്ത മുഖ്യമന്ത്രിക്ക് പദവിയില്‍ തുടരാനും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കാനുമുള്ള ധാര്‍മിക അവകാശമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.
പെരിയ ഇരട്ടക്കൊലയില്‍ സിപിഎം നേതൃത്വത്തിന്റെ പങ്കും ഗൂഢാലോചനയും തെളിഞ്ഞു. സിപിഎം അനുഭാവികളായ പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സുപ്രീംകോടതിയില്‍ വരെ പോയി കേസ് അട്ടിമറിക്കാനുള്ള ഇടപെടലുകളാണ് പിണറായി സര്‍ക്കാര്‍ നടത്തിയത്. കൊലയാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തിലുള്ളത്. കൊലപാതകം ആസൂത്രണം ചെയ്തതും പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സഹായവും സംരക്ഷണവും നല്‍കിയതും സിപിഎമ്മാണ്. അതിനായി ആഭ്യന്തരവകുപ്പിനെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തു. കോടതി ഇടപെടലില്ലായിരുന്നെങ്കില്‍ പ്രതികളെ സിപിഎം നിയമത്തിന് മുന്നില്‍ നിന്നും രക്ഷപ്പെടുത്തുമായിരുന്നു. നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തിപിടിക്കുന്നതാണ് കോടതിവിധിയെന്നും കുറ്റവിമുക്തരാക്കപ്പെട്ട പ്രതിപട്ടികയിലുള്ളവര്‍ക്കും ശിക്ഷയുറപ്പാക്കാനുള്ള നിയമപോരാട്ടം തുടരുമെന്നും എംഎം ഹസന്‍ പറഞ്ഞു.