പെരിയ എല്ലാ പ്രതികള്‍ക്കും ശിക്ഷ ലഭിക്കാനുള്ള പോരാട്ടം തുടരുമെന്ന് കെ സുധാകരന്‍ എംപി

Spread the love

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം.

പെരിയ ഇരട്ടക്കൊല കേസില്‍ പ്രതിപ്പട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കും ശിക്ഷ ലഭിക്കാനുള്ള നിയമ പോരാട്ടം തുടരുമെന്നും അതിനായി കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിന് നിയമസഹായം നല്‍കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ഇരട്ടക്കൊല കേസില്‍ സിപിഎം നേതൃത്വത്തിന്റെ പങ്ക് അടിവരയിടുന്നതാണ് സിബിഐ കോടതിയുടെ വിധി. കൃഷേപിന്റെയും ശരത് ലാലിന്റെയും കൊലപാതകം സിപിഎം ഉന്നത നേതൃത്വം ആസൂത്രണം ചെയ്തതാണ്. അത് മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനില്‍ മാത്രം ഒതുങ്ങുന്നതല്ല. കുഞ്ഞിരാമന്റെ മുകളിലേയും താഴെത്തെയും തട്ടിലെ നേതാക്കളുടെ അറിവും സമ്മതത്തോടുമാണ് കൊല നടന്നത്. തുടര്‍ന്നുള്ള നിയമ പോരാട്ടത്തില്‍ അതു കോടതിയെ ബോധ്യപ്പെടുത്തും.

തുടക്കം മുതല്‍ കേസ് അട്ടിമറിക്കാനാണ് സിപിഎം ശ്രമിച്ചത്. കേസ് അട്ടിമറിക്കുന്നതിനും തടസ്സഹര്‍ജ്ജിക്കും മറ്റുമായി ഖജനാവില്‍നിന്ന് ഒന്നര കോടിയോളം രൂപ ചെലവാക്കി. പ്രതികള്‍ക്ക് നിയമസഹായവും സംരക്ഷണവും സര്‍ക്കാരും പാര്‍ട്ടിയും ഉറപ്പാക്കി. ഏറെ വൈകിയെങ്കിലും അനുകൂലമായ വിധി ലഭിക്കാന്‍ ഇടയായത് കോടതിയുടെ സന്ദര്‍ഭോചിതവും സമയോചിതവുമായ ഇടപെടലിലൂടെയാണ്.

കേസ് അട്ടിമറിക്കാന്‍ സര്‍ക്കാരും സിപിഎമ്മും ഇടപെടല്‍ നടത്തിയപ്പോഴെല്ലാം കോണ്‍ഗ്രസും യുഡിഎഫും കേസിന് പിറകെ നിഴല്‍പോലെയുണ്ടായിരുന്നു. കോടതി കുറ്റക്കാരായി കണ്ടെത്തിയ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *