അമേരിക്കൻ മലയാളികളിൽ പ്രബല ക്രൈസ്തവ വിഭാഗത്തിന്റെ അതിമനോഹര ദേവാലയ പുള്പിറ്റിൽ നിന്ന് ബൈബിളിൽ അഗാധ പാണിഢ്യത്യമുള്ള വചന പ്രഘോഷകന്റെ പ്രസംഗം കേൾക്കാൻ ഇടയായപ്പോൾ മനസ്സിനെ അസ്വസ്ഥമാക്കിയ ചില വാചകങ്ങളാണ് താഴെ കുറിക്കുന്നത് .
“സഹോദരന്മാരെ പ്രശംസിക്കുന്നതിൽ പിശുക്ക് കാണിക്കരുത്” എന്ന വിഷയത്തെ ആസ്പദമാക്കി ആരംഭിച്ച പ്രസംഗം ഇങ്ങനെ തുടര്ന്നു.
“പ്രശംസ ആഗ്രഹിക്കാത്ത മനുഷ്യൻ ഭൂമിയിലില്ല .മറ്റുള്ളവർ ചെയ്യുന്ന പ്രവര്ത്തികളെ പ്രശംസിക്കുന്നതിനും, അംഗീകരിക്കുന്നതിനും സന്മനസ്സുള്ളവർ ദുർലഭം. ഈ ചിന്താഗതിയിൽ സാരമായ മാറ്റം ഉണ്ടാകണം. ഒരു ചെറിയ കാര്യമാണ് ചെയ്യുന്നതെങ്കിലും, അതു പെരുപ്പിച്ചു കാണിക്കുന്നതിൽ ഒട്ടും പിശുക്കു കാണിക്കരുത്. ഒരു പക്ഷേ യാഥാര്ത്ഥ്യങ്ങളുമായി ഒരു വിധത്തിലും പൊരുത്തപ്പെടാത്തതാണെങ്കിലും കേൾകുന്നവന് അതു സന്തോഷത്തിനുതകുമെങ്കിൽ ചെയ്തിരിക്കേണ്ടത് അനിവാര്യമാണ്- മനുഷ്യൻ ചെയ്യുന്ന പ്രവര്ത്തികളിൽ ശരിയും തെറ്റും ഉണ്ടാകാം. എന്നാൽ തെറ്റിനെ മറച്ചുവെച്ചു ശരിയെ മാത്രം പുകഴ്ത്തി പറയുന്നതാണ് അഭികാമ്യം.”
ഒറ്റ നോട്ടത്തിൽ ഒരു അപാകതയും കണ്ടെത്താനാകില്ലെങ്കിലും, ഈ പ്രസ്താവനയിൽ പതിയിരിക്കുന്ന അപകടങ്ങളിലേയ്ക്കാണ് മനസ്സ് സാവകാശം ഊളിയിട്ടിറങ്ങിയത്.2000 വര്ഷങ്ങള്ക്കപ്പുറം മാനവ രക്ഷയ്ക്കായി അവതരിച്ച ക്രിസ്തുദേവന്റെ സാരോപദേശങ്ങൾ ജനഹൃ ദയങ്ങളിലേക്കു എത്തിക്കുന്നതിന് അഭിഷേകം ചെയ്യപ്പെട്ടവർ അടിസ്ഥാന പ്രമാണങ്ങളിൽ നിന്നും വ്യതിചലിക്കുന്ന ദയനീയ ചിത്രമാണ് ഇവിടെ വരച്ചു കാട്ടിയതു.
വലങ്കൈ കൊടുക്കുന്നത് ഇടംകയ് അിറയരുതെന്നും, സ്വര്ഗ്ഗത്തിൽ പ്രതിഫലം ലഭിക്കേണ്ടതിന് ഭൂമിയില് പ്രശംസ ആഗ്രഹിക്കരുതെന്നും, ഞാൻ നീതിമാന്മാരെയല്ല പാപികളെ രക്ഷിപ്പാനാണ് ലോകത്തിൽ വന്നതെന്നുമുള്ള വിലയേറിയ സത്യങ്ങള് ജനങ്ങളെ ഉപദേശിച്ച ക്രിസ്തുവിന്റെ അരുമശിഷ്യനാണൊ ഇത് പറയുന്നതെന്ന് ഒരു നിമിഷം തോന്നിപ്പോയി.അമേരിക്കന് സംസ്കാരത്തിന്റെ ഭാഗമാണെന്ന് കരുതി കേരളത്തില് നിന്നും കുടിയേറി പാര്ക്കുന്ന മലയാളി മാതാപിതാകൾ മക്കൾ ചെയ്യുന്ന പ്രവൃത്തികള് എല്ലാം ശരിയാണെന്ന് പറയുവാന് ഒരു പരിധി വരെ നിര്ബന്ധിതരാകുന്നു എന്നുള്ള ദുഃഖയാഥാര്ത്ഥ്യം തുറന്നു പറയാതെ വയ്യ. ഇത്തരം സമീപനം തെറ്റും ശരിയും തിരിച്ചറിയാനാകാത്ത അവസ്ഥയിലേക്ക് യുവജനങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നു – തെറ്റിനെ തെറ്റെന്നും, ശരിയെ ശരിയെന്നും മക്കളുടെ മുഖത്ത് നോക്കി പറയുന്നതിനുള്ള ആര്ജ്ജവം മാതാപിതാക്കള്ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. മക്കള് മാതാപിതാക്കളുടെ വരുതിയില് നിന്നും തെന്നിപോകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണിത്. എല്ലാ യുവജനങ്ങളും ഈ ഗണത്തില്പ്പെട്ടവരാണെന്നും ഇതു കൊണ്ടു അര്ത്ഥമാക്കുന്നില്ല.
വര്ഷങ്ങള്ക്കു മുമ്പു നടന്ന ഒരു സംഭവം-10 വയസ്സുള്ള ജോണി തൊട്ടടുത്ത വീട്ടിൽ നിന്നും ആരും കാണാതെ അഞ്ചുരൂപാ നോട്ടു മോഷ്ടിച്ചു. വളരെ അടുത്ത സ്നേഹബന്ധത്തിൽ കഴിഞ്ഞിരുന്ന ഇരുവീട്ടിലെ കുട്ടികള്ക്കു ഏതു സമയവും എവിടേയും കയറി ചെല്ലുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. വൈകുന്നേരമാണ് വീട്ടുടമസ്ഥൻ അലമാരയിൽ സൂക്ഷിച്ചിരുന്ന രൂപാ നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയത്. ജോണിയല്ലാതെ ആ വീട്ടിൽ ആരും അന്നു വന്നിരുന്നില്ല. ജോണിയുടെ അമ്മയെ വിളിച്ചു സംഭവം പറഞ്ഞു. ഇതു കേട്ട ജോണിയുടെ അമ്മ പൊട്ടിത്തെറിച്ചു-“എന്റെ മകൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല- അവനെ കള്ളനാക്കുവാനാണോ നിങ്ങളുടെ ഉദ്ദേശ്യം”- മകന്റെ മുമ്പില് വെച്ചു തൊട്ടടുത്ത വീട്ടുകാരനെ അധിക്ഷേപിക്കുന്നതിനും, മകനെ നിരപരാധിയായി ചിത്രീകരിക്കുന്നതിനുമാണ് അമ്മ ശ്രമിച്ചത്.
അടുത്ത ദിവസം പ്രഭാതത്തില് ജോണിയെ സ്ക്കൂളിലയയ്ക്കുന്നതിന് പുസ്തകങ്ങള് ബാഗില് വെക്കുന്നതിനിടെ അഞ്ചുരൂപാ അമ്മയുടെ ദൃഷ്ടിയില് പെട്ടു. പെട്ടെന്ന് അമ്മക്ക് കാര്യം മനസ്സിലായി. മനസ്സിൽ ഉയര്ന്നുവന്ന ദുരഭിമാനം മകനെ ശാസിക്കുന്നതിനോ, അയൽവാസിയോട് ക്ഷമായാചനം നടത്തുന്നതിനോ അനുവദിച്ചില്ല. ജോണി ഇടയ്ക്കിടെ കളവുകള് ആവര്ത്തിക്കുകയും, യൗവനത്തിലേക്ക് പ്രവേശിച്ചതോടെ കുപ്രസിദ്ധനായ കള്ളനായി മാറുകയും ചെയ്തു.
തക്കസമയത്ത് മകനെ തിരുത്തിയിരുന്നെങ്കില് ഒരു പക്ഷേ ജോണി ഒരു പെരുങ്കള്ളനാകുമായിരുന്നില്ല.
കല്യാണ വിരുന്നിൽ പങ്കെടുക്കാനെത്തിയ ഒരു പെണ്കുട്ടി അരചാണ് തുണികൊണ്ടു മാറും, അരക്കെട്ടും മറച്ചിരുന്നു. പലരും ഈ പെണ്കുട്ടിയെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. ചില സ്ത്രീകള് അടുത്തുവന്ന് അണിഞ്ഞിരുന്ന വസ്ത്രത്തെ കുറിച്ചു പുകഴ്ത്തി പറയുന്നതും കേട്ടു. ഇതിൽ ഒരു സ്ത്രീയെ വിളിച്ചു വളരെ രഹസ്യമായി ചോദിച്ചു. “നിങ്ങള് ഈ കുട്ടിയുടെ വസ്ത്രധാരണത്തെ ഇത്രമാത്രം പുകഴ്ത്തി പറഞ്ഞതു എന്തുകൊണ്ടാണ്. “മറുപടി അവിശ്വസനീയമായിരുന്നു. “അവള് എങ്ങനെ വസ്ത്രം ധരിച്ചാൽ എനിക്കെന്താ, വല്ല ആണ്പിള്ളേരെയും വശീകരിക്കുന്നതിനായിരിക്കും ഇങ്ങനെ ചമഞ്ഞു നടക്കുന്നത്. “നോക്കണേ പുകഴ്ത്തി പറഞ്ഞ സ്ത്രീയുടെ മനസ്സിലിരുപ്പ്. പെണ്കുട്ടിയെ സാവകാശം വിളിച്ചു വസ്ത്രധാരണത്തിന്റെ അപകാതകള് പറഞ്ഞു മനസ്സിലാക്കുന്നതിന് സന്മനസ്സുള്ളവര് ഒരാളുപോലും അവിടെയില്ലായിരുന്നു.
കേരളത്തിൽ നിന്നും എത്തിചേര്ന്ന മദ്യനിരോധന പ്രവര്ത്തക സമിതിയുടെ അധ്യക്ഷൻ അമേരിക്കന് മലയാളി സംഘടനാ നേതാക്കള് ചേര്ന്ന് വലിയൊരു സ്വീകരണം നല്കുകയായിരുന്നു. സ്വീകരണ സമ്മേളനത്തിൽ ഇദ്ദേഹത്തിന്റെ പ്രവര്ത്തനങ്ങളെ വാനോളം പുകഴ്ത്തി പ്രസംഗിച്ചതിൽ ഒരു നേതാവ് സമ്മേളന പരിപാടികൾ കഴിഞ്ഞ ഉടനെ പുറത്തേക്കു പോകുന്നത് ശ്രദ്ധിച്ചു . പാര്ക്കിങ്ങ് ലോട്ടിൽ കിടന്നരുന്ന കാറിനകത്ത് കയറി കരുതിയിരുന്ന മദ്യം ഗ്ലാസ്സില് പകര്ന്ന് കുടിക്കുന്നതാണ് ശ്രദ്ധയിൽ പെട്ടത് .നോക്കുക വാക്കിലും, പ്രവൃത്തിയിലുമുള്ള അന്തരം. ഈ സംഭവത്തിന്റെ ക്ലൈമാക്സ് നേരെ എതിർവശത്തു പാര്ക്ക് ചെയ്തിരുന്ന കാറിലായിരുന്നു. ഇതേ നേതാവിന്റെ മകൻ കൂട്ടുകാരുമൊത്ത് കാറിനകത്തിരുന്ന് ശരിക്കും ആഘോഷിക്കുകയായിരുന്നു. പിതാവിന്റെ മാതൃക പിന്തുടരുന്ന മകൻ – മകനെ ശാസിക്കുന്നതിനോ, തിരുത്തുന്നതിനോ, അര്ഹത നഷ്ടപ്പെട്ട പിതാവ്.
അമേരിക്കയില് വരുന്നതിന് എന്ത് ത്യാഗവും സഹിക്കുവാൻ തയ്യാറായിരുന്ന ഒരു കാലഘട്ടം. കേരളത്തിലെ സുനന്ദരനും, വിദ്യാസമ്പന്നനുമായ ഒരു ചെറുപ്പക്കാരൻ അമേരിക്കയിൽ സ്ഥിര താമസമാക്കിയിരുന്ന സൗന്ദര്യമോ, വിദ്യാഭ്യാസമോ, നല്ല തൊഴിലോ ഇല്ലാത്ത ഒരു യുവതിയെ വിവാഹം കഴിച്ചു. അമേരിക്കയിൽ കടന്നു കൂടിയ ഈ ചെറുപ്പക്കാരൻ ചുറ്റുപാടുമുള്ള സ്ത്രീകളെ കണ്ടപ്പോള് ഭാര്യയെ പഴിക്കുന്നതിനും , സാവകാശം മര്ദന മുറകൾ ആരംഭിക്കുകയും ചെയ്തു. ഇതൊടൊപ്പം മറ്റു സ്ത്രീകളിലേക്കും മനസ്സും, ശരീരവും ചായുവാന് തുടങ്ങി. ചുരുങ്ങിയ സമയത്തിനുള്ളിൽ വിവാഹബന്ധം താറുമാറായി. ഗര്ഭിണിയായ ഭാര്യയെ ഉപേക്ഷിക്കുന്നതിനും ഇയാള് തയ്യാറായി-ഇതിനിടെ ഇയ്യാൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി . ഈ യുവാവിനെ നേർവഴിക്കു നയിക്കുവാന് മത മോ, സമൂഹമോ ഒരു ചെറുവിരല്പോലും അനക്കിയില്ല. പരാജയപ്പെട്ട വിവാഹബന്ധങ്ങളിൽ നിന്നും പിറന്നു വീണ സന്തതികള് സമൂഹത്തിനും, രാഷ്ട്രത്തിനും തലവേദനയായി മാറിയിരിക്കുന്നു. തെറ്റുകള് ചൂണ്ടികാണിക്കുന്നതിനും തിരുത്തുന്നതിനും പരാജയപ്പെട്ടതിന്റെ തിക്ത ഫലം.
ആദ്യം ചൂണ്ടികാട്ടിയ, വിഷയത്തിലേക്ക് വീണ്ടും കടന്നു വരാം.
അമേരിക്കയിലെ കുടിയേറ്റ മലയാളികളായ മാതാപിതാക്കള് വളര്ന്നുവരുന്ന മക്കളെ നേർവഴിക്കു നയിക്കുന്നതിനും, തെറ്റായ പ്രവര്ത്തികള് ചൂണ്ടികാണിക്കുന്നതിനും ഉത്തരവാദിത്വമുള്ളവരാണ്. ഇതിനനുകൂലമായോ, പ്രതികൂലമായോ പ്രതികരിക്കുക എന്നുള്ളത് പൂര്ണ്ണമായും യുവതലമുറയുടെ സ്വാതന്ത്ര്യത്തില്പ്പെട്ട ഒന്നാണ്. യുവജനങ്ങളില് അമിത സ്വാധീനം ചെലുത്തുക എന്നത് ഈ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥകള്ക്ക് തികച്ചും എതിരാണെന്നുള്ള യാഥാര്ത്ഥ്യം വിസ്മരിക്കുന്നില്ല.
വിശുദ്ധ വേദപുസ്തകത്തില് ഏലി എന്ന ഒരു പുരോഹിതനെ പരിചയപ്പെടുത്തുന്നുണ്ട്. രണ്ടു ആണ്മക്കള്- ദേവാലയ പൗരോഹിത്യ ശുശ്രൂഷ നിര്വ്വഹിക്കുന്നതിനും, ഭക്തി ജീവിതം നയിക്കുന്നതിനും വൃതമെടുത്തിട്ടുള്ള ഏലി. ദേവാലയത്തേയും, യാഗാര്പ്പിതക വസ്തുവിനേയും മലിനപ്പെടുത്തുന്ന പ്രവര്ത്തനങ്ങള്ക്കു നേതൃത്വം നല്കുന്ന മക്കള് ദേവാലയത്തില് ശുശ്രൂഷ ചെയ്യുന്ന സ്ത്രീകളെ അപമാനിക്കുകയും സ്വാര്ത്ഥേച്ഛകള്ക്ക് നിര്ബ്ബന്ധിക്കുകയും ചെയ്തിരുന്ന മക്കള്-ഇവര്ക്ക് ലഭിച്ച ശിക്ഷാവിധി- ഏലി പുരോഹിതന്റെ ദയനീയ അന്ത്യം- വിശുദ്ധ വേദപുസ്തകത്തില് ഇങ്ങനെ ഒരു വാക്യം പറയുന്നു.-അവന്റെ പുത്രന്മാര് ദൈവഭൂഷണം പറയുന്ന ആ കൃത്യം അവര് അറിഞ്ഞിട്ടും അവനവരെ ശാസിച്ചമത്തായികനിമിത്തം-ഞാന് അവന്റെ ഭവനത്തിന് എന്നേക്കും ശിഷ വിധിക്കും(ശാമുവല് 3-13).
മക്കളെ വേണ്ട സമയത്ത് ഉപദേശിക്കുകയും, തെറ്റുകള് തിരുത്തുന്നതിന് ആവശ്യപ്പെടുകയും ചെയ്തിട്ടും മക്കള് ഇതാവര്ത്തിച്ചാല് പോലും ഒരു പക്ഷേ ഏലിക്കു വന്ന ശിക്ഷാവിധി ഒഴിവാക്കാമായിരുന്നു.
ഏലിയെപോലെ നിശ്ശബ്ദമായിരിക്കുന്ന മാതാപിതാക്കളാണിന്ന് സിംഹഭാഗവും, സ്വന്തംനാശത്തിനും, തലമുറകളുടെ നാശത്തിനും ഇതു വഴിതെളിയിക്കുമെന്ന യാഥാര്ത്ഥ്യം നാം വിസ്മരിക്കരുത്.
ശാസ്ത്രിമാരുടേയും, പരീശന്മാരുടേയും, പുരോഹിതന്മാരുടെയും കപടഭക്തിക്കു നേരെ വിരല്ചൂണ്ടുകയും, വെള്ളതേച്ച ശവകല്ലറകളെന്ന് പരസ്യമായി വിളിച്ചുപറയുകയും നിലവിലുണ്ടായിരുന്ന സമൂഹത്തലെ ഉച്ഛനീചത്വങ്ങള്ക്കെതിരെ മുഖം നോക്കാതെ പ്രതികരിക്കുകയും, പരിശുദ്ധനായ ദൈവത്തെ ആരാധിക്കുന്നതിന് പണിതുയര്ത്തിയ മനോഹര ദേവാലയം കള്ളന്മാരുടെ ഗുഹയാക്കി തീര്ക്കുകയും, വ്യാപാരശാലയായി അധഃപതിപ്പിക്കുകയും ചെയ്തവര്ക്കെതിരെ ചാട്ടവാറോങ്ങുകയും ചെയ്ത ക്രിസ്തുദേവനെ ക്രൂശമരണം നല്കിയ സമൂഹം സഹോദരന്റെ ഭാര്യയെ സ്വന്തം ഭാര്യയാക്കി വെച്ച രഹസ്യം പരസ്യമായി ചൂണ്ടികാണിച്ച യോഹന്നാന് സ്ഥാപകന്റെ ശിരച്ഛേദം നടത്തിയ സമൂഹം, സത്യത്തിനും, നീതിക്കും, ധര്മ്മത്തിനും, വിശ്വാസങ്ങള്ക്കും പിന്നില് ഉറച്ചു നിന്നതിന് വിശുദ്ധന്മാര്ക്ക് മരണശിക്ഷ വിധിച്ച സമൂഹം ഇവര് നമ്മുടെ മുമ്പില് വെച്ചിരിക്കുന്ന വെല്ലുവിളികളും, അനുകരണീയ മാതൃകകളും ഉള്കൊണ്ടു സ്വയം തിരുത്തുന്നതിനും, തലമുറയുടെ തെറ്റുകള് ചൂണ്ടികാട്ടി നന്മയിലേക്ക് നയിക്കുന്നതിനുമുള്ള ആര്ജ്ജവം മാതാപിതാക്കള് ഏറ്റെടുക്കേണ്ടിയിരിക്കുന്നു.
ബൈബിളില് നിന്ന് ഒരു വാക്യം കൂടി ഉദ്ധരിക്കുന്നു. നീ ഈ സമയത്ത് മിണ്ടാതിരുന്നാല്… നീയും നിന്റെ പിതൃഭവനവും നശിച്ചു പോകും(എസേഫര് 4-14).