എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി ആലപ്പുഴയിൽ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം.
അന്തരിച്ച പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിങിൻ്റെ സംസ്കാരത്തിനും സ്മാരകത്തിനുമായുള്ള ഇടം കണ്ടെത്താത് കൃത്യമായ ഗൂഢ അജണ്ടയോടെ കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഇടപെട്ടത് കൊണ്ടാണെന്ന് എഐ സിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.
ശവസംസ്‌കാരം നടത്തിയിടത്ത് തന്നെ സ്മാരകം നിർമ്മിക്കുന്നതാണ് സാധാരണയായി പിന്തുടർന്ന് വരുന്ന രീതി. ഗവൺമെൻ്റ് ഈ വിഷയം കൈകാര്യം ചെയ്ത് വഷളാക്കി.
ലോകം ആദരിക്കുന്ന ഒരു മുൻ പ്രധാനമന്ത്രിയുടെ കാര്യത്തിൽ ഇത്ര വലിയ കൃത്യ വിലോപം നടത്തിയ സർക്കാരിനെ വിമർശിക്കാനാകില്ല എന്നാണോ? കോൺഗ്രസ് മാത്രമല്ല വിമർശനം ഉന്നയിക്കുന്നത്. ശിരോമണി അകാലിദളും രൂക്ഷമായ ഭാഷയിലാണ് ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചത്.
കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായ ഈ ക്രൂരമായ സമീപനം ചർച്ച ചെയ്യപ്പെടണം.
പത്തുവർഷക്കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ് അദ്ദേഹം. സാമ്പത്തികരംഗത്തെ വലിയ തകർച്ചയിൽ നിന്ന് തിരിച്ചുകൊണ്ടുവന്ന സാമ്പത്തികവിദഗ്ദനാണ്. ലോകത്തിലെ ഒട്ടുമിക്ക രാഷ്ട്രനേതാക്കളും അദ്ദേഹത്തിൻ്റെ വിയോഗത്തിൽ അനുശോചനം നടത്തി അറിയിച്ച വാക്കുകൾ മാത്രം മതി അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെ കുറിച്ച് മനസ്സിലാക്കാൻ. അത്തരത്തിലൊരു വ്യക്തി മരണപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങളല്ല കേന്ദ്ര സർക്കാർ ചെയ്‌തത് – കെസി വേണുഗോപാൽ പറഞ്ഞു.
പ്രതിരോധ വകുപ്പാണ് ഇത് ചെയ്‌തതെന്ന് സർക്കാർ പറയുന്നത്. മുമ്പും പ്രതിരോധ വകുപ്പാണല്ലോ ഇത്തരം കാര്യങ്ങൾ ചെയ്‌തിരുന്നത്. നരസിംഹ റാവുവിൻ്റെ അന്ത്യാഭിലാഷ പ്രകാരമാണ് അദ്ദേഹത്തിൻറെ സംസ്കാര ചടങ്ങുകൾ ഹൈദരാബാദിലേക്ക് മാറ്റിയത്.ഇന്ത്യയുടെ ആദ്യ സിഖ് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. സിഖ് സമുദായത്തിൽ നിന്ന് പ്രധാനമന്ത്രി പദത്തിലെത്തിയ മഹാനായ നേതാവിനോട് സർക്കാർ ഇത്ര അനാദരവ് കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണം.
സർക്കാർ കോൺഗ്രസ് പാർട്ടിയുമായോ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുമായോ യാതൊരു ചർച്ചയും നടത്തിയിട്ടില്ല. ഏറ്റവും അടുത്ത ബന്ധുക്കൾക്ക് പോലും ഇരിപ്പിടം ക്രമീകരിച്ചിരുന്നില്ല. കോൺഗ്രസ് അദ്ധ്യക്ഷനടക്കം ആഭ്യന്തരമന്ത്രിയോട് കത്തെഴുതിയും ഫോണിൽ വിളിച്ചും ആവശ്യപ്പെട്ടിട്ടും ഞാനും പ്രിയങ്കാ ഗാന്ധിയും ഉൾപ്പെടെയുള്ളവർ പ്രതിരോധവകുപ്പ് മന്ത്രി രാജ്നാഥ് സിങിനെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിട്ടും ആവശ്യമായ ക്രമീകരണങ്ങളൊന്നും ഒരുക്കാതെ മൻമോഹൻ സിങിൻ്റെ യശസ്സിന് കേന്ദ്ര സർക്കാർ കളങ്കമുണ്ടാക്കിയെന്നും കെ സി വേണുഗോപാൽ പറഞ്ഞു