സംസ്ഥാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തുകളുടെ പുനഃക്രമീകരണം, പോളിംഗ് സ്റ്റേഷനുകളുടെ മാറ്റി സ്ഥാപിക്കല്‍ എന്നിവ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിച്ച് ചര്‍ച്ച നടത്തുന്നതില്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് വീഴചയുണ്ടായതായി കോണ്‍ഗ്രസ്. ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത കെപിസിസി ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.കെ.റഹ്‌മാനാണ് ഇതുസംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്.
കരട് വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ച ഉടന്‍ അതില്‍മേലുള്ള ആക്ഷേപം സ്വീകരിക്കുന്നതിനെ സംബന്ധിച്ച് പാര്‍ട്ടികളുടെ അഭിപ്രായം തേടേണ്ടതായിരുന്നു. എന്നാല്‍ ഇലക്ഷന്‍ കമ്മീഷന്റെ ഭാഗത്ത് നിന്ന് അത്തരമൊരു നടപടിയുണ്ടായില്ല. കൂടാതെ വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കുവാന്‍ സ്പെഷ്യല്‍ ക്യാമ്പയിന്‍ സംബന്ധിച്ച് കാര്യമായ പ്രചരണം നടത്തുന്നതിലും കമ്മീഷന് വീഴ്ചയുണ്ടായതായും എം.കെ.റഹ്‌മാന്‍ ചൂണ്ടിക്കാട്ടി. വേണ്ടവിധത്തിലുള്ള പ്രചരണത്തിന്റെ അഭാവം കാരണം സ്പെഷ്യല്‍ ക്യാമ്പയിന്‍ കാര്യക്ഷമമായി നടന്നിട്ടില്ല. ഇതുമൂലം കോണ്‍ഗ്രസിന് സജീവ ഇടപെടല്‍ നടത്തുവാനും കഴിഞ്ഞില്ല. ബൂത്തുകളുടെ എണ്ണം 25177 ല്‍ നിന്നും 25387 ആയി കൂടിയതായി കാണുന്നു. ഇതു സംബന്ധിച്ചു രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് ചര്‍ച്ച നടത്തിയില്ല.
പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക സംബന്ധിച്ച് ആക്ഷേപമുണ്ട്. വോട്ടര്‍പട്ടികയില്‍ പല കുടുംബങ്ങളുടെയും വോട്ടുകള്‍ പലബൂത്തുകളിലായി കിടക്കുകയാണ്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അത് പരിഹരിക്കാന്‍ വേണ്ട നടപടിയുണ്ടായില്ല. അതോടൊപ്പം ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കുള്ള പരിശീലനം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും എം.കെ.റഹ്‌മാന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. സങ്കേതിക കാരണങ്ങളാണ് ഇവ നടക്കാതെ പോയതെന്നും എത്രയും വേഗം യോഗത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കോണ്‍ഗ്രസിനെ അറിയിച്ചു.