മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെയും എഐസിസി പ്രഖ്യാപിച്ച ജയ് ബാപ്പു ജയ് ഭീം ജയ് സംവിധാന്‍ ക്യാമ്പയിന്റെയും സംസ്ഥാനതല ഉദ്ഘാടനം ജനുവരി 9ന് കെപിസിസി രാജീവ് ഗാന്ധി ആഡിറ്റോറിയത്തില്‍ നടക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി രാവിലെ 10ന് ഉദ്ഘാടനം നിര്‍വഹിക്കും. ജെഎന്‍യു പ്രൊഫസറും ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് സെന്റര്‍ ഡീനും ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായിരുന്ന പ്രൊഫ. ആദിത്യ മുഖര്‍ജി മുഖ്യപ്രഭാഷണം നടത്തും.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, സാമൂഹിക ചിന്തകന്‍ ബി.രാജീവന്‍,ചരിത്രകാരന്‍ പ്രൊഫ.എന്‍.ഗോപകുമാരന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയെ ചടങ്ങില്‍ ആദരിക്കും.ഡിസിസി പ്രസിഡന്റ് പാലോട് രവി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗംങ്ങള്‍,കെപിസിസി ഭാരവാഹികള്‍,മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ ചെയര്‍മാനും കെ.പി ധനപാലന്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് മഹാത്മാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.
ഗാന്ധിജിയുടെ ഇന്ത്യ എന്ന ആശയം മുന്‍നിര്‍ത്തി സംസ്ഥാന വ്യാപകമായി വിപുലമായ ആഘോഷപരിപാടികളും ഗാന്ധി സ്മൃതി സംഗമ സമ്മേളനങ്ങളും കോണ്‍ഗ്രസ് സംഘടിപ്പിക്കുകയും ചെയ്യും.