ഉയര്‍ന്ന ഡിമാന്‍ഡുള്ള ഡിജിറ്റല്‍ ജോലികള്‍ക്കായി 30 ലക്ഷം യുവജനങ്ങളെ പ്രാപ്തരാക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്‍ പദ്ധതിയുടെ ഭാഗം.
കൊച്ചി: കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റിജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) പദ്ധതിയായ കേരള നോളജ് ഇക്കോണി മിഷന്‍ സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക്, വ്യവസായ മേഖല ആവശ്യപ്പെടുന്ന തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നതിന് മുന്‍നിര ആഗോള ഓണ്‍ലൈന്‍ ലേണിങ് പ്ലാറ്റ്ഫോം ആയ കോഴ്സിറയുമായി കൈകോര്‍ക്കുന്നു. കണമൂല ജോണ്‍ കോക്സ് എഞ്ചിനീയറിങ് കോളെജില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. വിപണിയില്‍ ഏറെ ഡിമാന്‍ഡുള്ള 17 തരം ഡിജിറ്റല്‍ ജോലികള്‍ക്കായി 60,000 യുവജനങ്ങള്‍ക്ക് ഈ വര്‍ഷം നൈപുണ്യ പരിശീലനം നല്‍കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. 2026ഓടെ 30 ലക്ഷം പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുകയും 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്ന കേരള നോളജ് ഇക്കോണി മിഷന്റെ സുപ്രധാന പദ്ധതിയുടെ ഭാഗമാണിത്.
തൊഴിലില്‍ മാത്രമല്ല ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വ്യവസായ മേഖലയുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വിദ്യാഭ്യാസം നല്‍കി തൊഴില്‍നൈപുണ്യമുള്ള യുവനജങ്ങളുടെ ഒരു വലിയ നിരയെ സജ്ജരാക്കുകയും സുസ്ഥിര വികസനത്തെ പോഷിപ്പിക്കുകയും ചെയ്യുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.
നാളെയുടെ തൊഴില്‍സേനയെ ശാക്തീകരിക്കുക: കോഴ്സിറയുടെ ഏറ്റവും മികച്ച കോഴ്സ് ഉള്ളടക്കവും സൂക്ഷ്മ ക്രെഡന്‍ഷ്യലുകളും വിദ്യാര്‍ത്ഥികളെ വ്യവസായ പ്രസക്തമായ നൈപുണ്യം നേടാനും നേരിട്ട് ജോലിയില്‍ പ്രവേശിക്കാനും സജ്ജരാക്കുന്നു. കേരളത്തിലുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മൂന്ന് മാസത്തെ തീവ്രപരിശീലന പദ്ധതിയായ ടാലന്റ് ആക്സിലറേറ്റര്‍ പ്രോഗ്രാമും ഇതിന്റെ ഭാഗമാണ്. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തുടനീളമുള്ള 250 കോളെജുകളിലാണ് ഇത് നടപ്പിലാക്കുന്നത്.
തൊഴിലന്വേഷകര്‍ക്കും പ്രൊഫഷനലുകള്‍ക്കുമുള്ള നൈപുണ്യ പരിശീലനം: പുതിയ അവസരങ്ങള്‍ തേടുന്നവര്‍ക്കും, ഇടവേളയ്ക്കു ശേഷം തൊഴിലിലേക്ക് തിരിച്ചെത്തുന്നവര്‍ക്കുമായി ഉയര്‍ന്ന ഡിമാന്‍ഡുള്ള ഡിജിറ്റല്‍ ജോലികള്‍ക്കാവശ്യമായ നൈപുണ്യം നേടിയെടുക്കാനും അവസരമുണ്ട്. ബ്ലോക്ക് പഞ്ചായത്ത് തലങ്ങളില്‍ ഇവര്‍ക്കുള്ള നൈപുണ്യ പരിശീലനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ടാലന്റ് ക്യൂറേഷന്‍ എക്സിക്യൂട്ടീവുമാരേയും തദ്ദേശ തലങ്ങളില്‍ നിയമിക്കും.
എഐ/ എംഎല്‍, ക്ലൗഡ് കംപ്യൂട്ടിങ്, സൈബര്‍സെക്യൂരിറ്റി, ക്രിയേറ്റീവ് ഡിസൈന്‍, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തുടങ്ങി സുപ്രധാന തൊഴിലുകളുമായി ബന്ധപ്പെട്ട പരിശീലനങ്ങള്‍ക്കായി എല്ലാ പഠിതാക്കള്‍ക്കും 40 വെര്‍ച്വല്‍ അക്കാഡമികളിലേക്ക് പ്രവേശനം ലഭിക്കും. ഗൂഗ്ള്‍, ഐബിഎം, മെറ്റ, മൈക്രോസോഫ്റ്റ്, അഡോബി, സെയില്‍സ്ഫോഴ്സ് തുടങ്ങി വന്‍കിട കമ്പനികളുടെ പ്രൊഫഷനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഈ അക്കാഡമികള്‍ വഴി നേടാം. വിദ്യാഭ്യാസ യോഗ്യതയോ തൊഴില്‍പരിചയമോ പരിഗണിക്കാതെ ഏതു പശ്ചാത്തലത്തില്‍ നിന്നുള്ള പഠിതാക്കള്‍ക്കും മാസങ്ങള്‍ക്കകം പുതിയ കരിയര്‍ തുടങ്ങാന്‍ ഈ കോഴ്സുകള്‍ സഹായിക്കും.
വൈജ്ഞാനിക സമ്പദ് ഘടനയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തില്‍ വിജ്ഞാന തൊഴിലുകളില്‍ നൈപുണ്യമുള്ള യുവതലമുറയുടെ പങ്ക് പ്രധാനമാണ്. കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റിജിക് കൗണ്‍സിലിനു കീഴിലുള്ള കേരള നോളജ് ഇക്കോണി മിഷന്‍ നടത്തുന്ന വിജ്ഞാന കേരളം പരിപാടിയുടെ ഭാഗമായ ടാലന്റ് ആക്സിലറേറ്റര്‍ പ്രോഗ്രാം വിജ്ഞാന തൊഴിലുകളിലേക്കുള്ള നമ്മുടെ യുവജനങ്ങളുടെ നൈപുണ്യം ഉയര്‍ത്താന്‍ സഹായിക്കും എന്നതില്‍ ഉറപ്പുണ്ട്. മുഖ്യന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തിന്റെ വളര്‍ച്ചയുടെ അടിസ്ഥാനമായി സംസ്ഥാനം എക്കാലത്തും മുന്‍ഗണന നല്‍കിയിട്ടുള്ളത് വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനുമാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായി യുവജനങ്ങളും തൊഴിലെടുക്കുന്നവരും സജ്ജരാണ് എന്ന് ഉറപ്പാക്കുന്നതിന് കോഴ്സിറയുമായുള്ള ഈ പങ്കാളിത്തം സഹായിക്കും. വിദ്യാഭ്യാസത്തെ വ്യവസായ മേഖലയുടെ ആവശ്യങ്ങള്‍ക്കനുസൃതമാക്കുന്നതു വഴി പ്രാദേശിക നവീകരണം മാത്രമല്ല പരിപോഷിപ്പിക്കപ്പെടുന്നത്, കേരളത്തെ പ്രതിഭകളുടേയും അവസരങ്ങളുടേയും ഒരു ആഗോള ഹബ് കൂടി ആക്കി മാറ്റും, ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
ഈ പദ്ധതിക്കു വേണ്ടി കെ-ഡിസ്‌കുമായി കൈകോര്‍ക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. സര്‍ക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവയാസ മേഖലയും സഹകരിക്കുന്നതിലൂടെ എങ്ങനെ നൈപുണ്യമുള്ള ഒരു തൊഴില്‍സേനയെ സൃഷ്ടിക്കുകയും വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ തുറന്നിടാമെന്നതിനുമുള്ള മികച്ച ഉദാഹരമാണ് കേരളം നല്‍കുന്നത്. കോഴ്സിറ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ടിം ഹനാന്‍ പറഞ്ഞു. പഠന സൗകര്യം എല്ലാവര്‍ക്കും ലഭ്യമാക്കുക, വ്യക്തികളെ ശാക്തീകരിക്കുക, സമൂഹത്തെ കരുത്തുറ്റതാക്കുക, പ്രാദേശികമായും ആഗോള തലത്തിലും മികവ് പുലര്‍ത്തുന്ന പ്രതിഭകളെ പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് നാം പങ്കിടുന്നത്, അവര്‍ പറഞ്ഞു.
ഭാവി സജ്ജമായ ഒരു കേരളത്തെ നിര്‍മ്മിക്കുക എന്ന കേരള നോളജ് ഇക്കോണി മിഷന്റെ ലക്ഷ്യവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് കോഴ്സിറയുമായുള്ള ഈ സഹകരണം. ആഗോള തലത്തില്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും ജോലി അനുബന്ധ പരിശീലനവും നല്‍കുക വഴി കേരളത്തിന്റെ തൊഴില്‍ ലക്ഷ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല ലക്ഷ്യം, ടെക്നോളജി നയിക്കുന്ന സമ്പദ്ഘടനയ്ക്ക് ആവശ്യമായ നൈപുണ്യം നല്‍കി വ്യക്തികളെ ശാക്തീകരിക്കുക കൂടിയാണ്, കേരള നോളജ് ഇക്കോണി മിഷന്‍ ചീഫ് അഡൈ്വസര്‍ ഡോ. തോമസ് ഐസക് പറഞ്ഞു.
പഠിതാക്കള്‍ക്ക് വ്യക്തിഗത മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ആധ്യാപകരും കരിയര്‍ കൗണ്‍സിലര്‍മാരും, സാമൂഹ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെ കേരളത്തിലുടനീളം ആയിരത്തിലേറെ മെന്റര്‍മാര്‍ക്കും കോഴ്സിറ കേരള നോളജ് ഇക്കോണി മിഷനുമായി ചേര്‍ന്ന് പരിശീലനം നല്‍കും. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നാലു ദിവസം നീളുന്ന വര്‍ക്ക്ഷോപ്പുകളും ഇവര്‍ക്കായി സംഘടിപ്പിക്കും. ഈ മെന്റര്‍മാര്‍ക്ക് കെ-ഡിസ്‌കിന്റെ ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോര്‍ട്ടല്‍ വഴി കരിയര്‍ കോച്ച് സര്‍ട്ടിഫിക്കറ്റുകളും കോഴ്സിറ നല്‍കും.
Anto William