തിരുവനന്തപുരം : സംസ്ഥാനത്തെ 1200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള ഈ വര്‍ഷത്തെ പ്ലാന്‍ ഫണ്ടിന്റെ മൂന്നാം ഗഡു അടിയന്തരമായി നല്‍കണമെന്ന് രാജീവ് ഗാന്ധി
പഞ്ചായത്തീരാജ് സംഘടനാ ചെയര്‍മാന്‍ എം. മുരളി ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും മൂന്നാം ഗഡു പ്ലാന്‍ ഫണ്ട് അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ നടത്തിയ ഒളിച്ചു കളി ഈ വര്‍ഷവും ആവര്‍ത്തിക്കരുത്. ഓരോ മാസവും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ജനറല്‍ പര്‍പ്പസ് ഗ്രാന്‍ഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്ന് മാസത്തെ കുടിശ്ശിക യും ഇതുവരെയും നല്‍കിയിട്ടില്ല. ഈ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ മുതലുള്ള കുടിശ്ശികയുമായി ആറുമാസത്തെ ജനറല്‍ പര്‍പ്പസ് ഗ്രാണ്ടും അടിയന്തിരമായി നല്‍കണം.
റോഡ്- റോഡിതര ആസ്തികളുടെ മെയിന്റനന്‍സ് ഗ്രാണ്ടുകളുടെ മൂന്നാം ഗഡുവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം നല്‍കാതിരുന്നത്, ഈ സാമ്പത്തിക വര്‍ഷം തീരുന്നതിനു മുന്നേ അനുവദിക്കണമെന്നും എം. മുരളി അഭ്യര്‍ത്ഥിച്ചു. നിലവിലുള്ള തദ്ദേശ സ്ഥാപന ഭരണ സമിതികളുടെ കാലാവധി പൂര്‍ത്തിയാക്കുന്ന അവസാന വര്‍ഷം കേരളത്തിലെ പ്രാദേശിക വികസന സ്തംഭനാവസ്ഥക്കും പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണുതുറക്കണം.
കയ്യടിക്കുവേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈസി കിച്ചന്‍,ക്ലോക്ലിയര്‍ ഇംമ്പ്‌ലാന്റ് തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ മതിയായ പണം വരുന്ന ബജറ്റില്‍ അനുവദിക്കാന്‍ തയ്യാറാവണം എന്നും എം.മുരളി ആവശ്യപ്പെട്ടു.