അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനത്തോടെ കലാനൈപുണിയുടെ ഉത്സവനാളുകൾക്കാണ് തിരശ്ശീല വീണത്. സർഗപ്രതിഭകൾ തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയ മത്സരവേദികളിൽ മാറ്റുരച്ചത് ആരോഗ്യകരമായ മത്സരബുദ്ധിയോടെയായിരുന്നു. പഠനത്തിലും ഇനിയങ്ങോട്ടുള്ള ജീവിത യാത്രയിലും ഈ മികവ് പുലർത്താൻ ഭാവി തലമുറയ്ക്ക് സാധിക്കട്ടെ.
കലോത്സവത്തെ വലിയ വിജയമാക്കാൻ അഹോരാത്രം പ്രയത്നിച്ച വിദ്യാഭ്യാസ വകുപ്പ്, ജനപ്രതിനിധികൾ, രാഷ്ട്രീയ, സാംസ്കാരിക പ്രമുഖർ, സംഘടനാ പ്രതിനിധികൾ, വളന്റിയർമാർ, പൊലീസ്, ഹരിതകർമ്മസേനാംഗങ്ങൾ തുടങ്ങിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയെ നാടാകെ നെഞ്ചേറ്റിയതിന്റെ ദൃഷ്ടാന്തമായിരുന്നു മത്സരവേദികളിലേക്ക് ഒഴുകിയെത്തിയ ജനാവലി. കേരള സമൂഹത്തിന്റെ പ്രബുദ്ധതയുടെ പ്രതിഫലനം കൂടിയായി കലോത്സവം മാറി. സർവ്വോപരി മേളയെ ഏറ്റെടുത്ത തിരുവനന്തപുരംകാരും പ്രശംസയർഹിക്കുന്നു.
കലോത്സവത്തിൽ പങ്കാളികളാവുകയും വിജയം നേടുകയും ചെയ്ത എല്ലാ മത്സരാർത്ഥികൾക്കും അഭിനന്ദനങ്ങൾ. ഈ അഞ്ചുനാളുകൾ നൽകിയ അനുഭവങ്ങളും അറിവുകളും നാളെ നമ്മുടെ നാടിനെ നയിക്കാൻ നിങ്ങൾക്ക് കരുത്താകട്ടെ എന്നാശംസിക്കുന്നു. കൂടുതൽ പോയിന്റുകൾ നേടി ഒന്നാമതെത്തിയ തൃശൂർ ജില്ലയ്ക്കും രണ്ടാമതെത്തിയ പാലക്കാട് ജില്ലയ്ക്കും മൂന്നാമതെത്തിയ കണ്ണൂർ ജില്ലയ്ക്കും അനുമോദനങ്ങൾ.