കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി നിയമസഭ മന്ദിരത്തിൽ നടത്തിയ ക്വിസ് മത്സരഫലം പ്രഖ്യാപിച്ചു. കണ്ണൂർ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ വിദ്യാർഥികളായ അശ്വതി പി.എ., അഭിനവ് മനോജ് എന്നിവർ ഒന്നാം സ്ഥാനവും തിരുവനന്തപുരം നാലാഞ്ചിറ മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജിലെ വിദ്യാർഥികളായ ശ്രീവിശാഖ് എസ്, പ്രിയ മേരി ജോൺ എന്നിവർ രണ്ടാം സ്ഥാനവും മാർ ഇവാനിയോസ് കോളേജിലെ വിദ്യാർഥികളായ ആദിത്യ ഡി.എം., അശ്വിൻ വി.ജെ. എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുഹമ്മദ് മുഹ്സിൻ എം.എൽ.എ., നിയമസഭാ അഡീഷണൽ സെക്രട്ടറി കെ. ജി. ത്രിദീപ് എന്നിവർ വിജയികൾക്കുള്ള മെമന്റോ, ക്യാഷ് പ്രൈസ്, ബുക്ക് കൂപ്പൺ എന്നിവ വിതരണം ചെയ്തു. മേഖലാടിസ്ഥാനത്തിൽ നടത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളാണ് നിയമസഭയിൽ നടത്തിയത്.