സ്പോർട്സ് സ്‌കൂൾ, സ്പോർട്സ് കൗൺസിൽ സെലക്ഷൻ ജനുവരി 18 മുതൽ

Spread the love

സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്‌കൂൾ, കണ്ണൂർ സ്പോർട്സ് സ്‌കൂൾ, തൃശ്ശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കും, കേരള സ്റ്ററ്റേ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ഹോസ്റ്റലുകൾ, സ്‌കൂൾ അക്കാദമികൾ എന്നിവിടങ്ങളിലേക്കുമുള്ള 2025-26 അധ്യയനവർഷത്തെ ആദ്യഘട്ട സെലക്ഷൻ ജനുവരി 18 മുതൽ നടക്കും. 6, 7, 8, പ്ലസ് വൺ ക്ലാസ്സുകളിലേക്ക് നേരിട്ടും 9, 10 ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രിയിലൂടെയും ആയിരിക്കും സെലക്ഷൻ.

ബാസ്‌കറ്റ് ബോൾ, ബോക്സിങ്, ഹോക്കി, ജൂഡോ, വോളിബോൾ, റസ്ലിംഗ് എന്നീ കായിക ഇനങ്ങളിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, ഫുട്ബോളിലും ത്വെയ്ക്കുണ്ടോയിലും പെൺകുട്ടികൾക്ക് മാത്രവുമാണ് സെലക്ഷൻ. ആൺകുട്ടികളുടെ ഫുട്ബോൾ സെലക്ഷൻ പിന്നീട് നടത്തുന്നതാണ്. 6, 7 ക്ലാസുകളിലേക്കുള്ള സെലക്ഷൻ കായക്ഷമതാ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും, 8, പ്ലസ് വൺ ക്ലാസ്സുകളിലേക്കുള്ള സെലക്ഷൻ കായികക്ഷമതയുടെയും അതാത് കായിക ഇനത്തിലെ മികവിന്റെയും അടിസ്ഥാനത്തിലുമാണ്. 9, 10 ക്ലാസുകളിലേക്കുള്ള ലാറ്ററിൽ എൻട്രിക്ക് സംസ്ഥാന തലത്തിൽ മെഡൽ കരസ്ഥമാക്കിയവരോ, തത്തുല്യ പ്രകടനം കാഴ്ചവച്ചവരോ ആയിരിക്കണം. ആദ്യഘട്ട സെലക്ഷനിൽ മികവ് തെളിയിക്കുന്നവരെ 2025 ഏപ്രിൽ മാസത്തിൽ സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ അസസ്മെന്റ് ക്യാമ്പിൽ പങ്കെടുപ്പിക്കുന്നതാണ്. ക്യാമ്പിലെ പ്രകടനത്തിന്റെയും ടെസ്റ്റുകളുടെയും അടിസ്ഥാനത്തിലാണ് അന്തിമ തെരഞ്ഞെടുപ്പ്.

ജനുവരി 18 ന് തലശ്ശേരി മുനിസിപ്പൽ സ്റ്റഡേിയം, 19 ന് നീലേശ്വരം ഇ എം എസ്സ് സ്റ്റേഡിയം, 21 ന് കൽപ്പറ്റ എസ്സ്.കെ.എം.ജെ.എച്ച്.എസ്സ്.എസ്സ് സ്റ്റേഡിയം, 22 ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയം, 23 ന് പാലക്കാട് മുനിസിപ്പൽ സ്റ്റേഡിയം, 24 ന് കുന്നംകുളം ജി.വി.എച്ച്.എസ്സ്.എസ്സ് സ്റ്റേഡിയം, 25 ന് ആലുവ യൂ.സി കോളേജ് ഗ്രൗണ്ട്, 28 ന് കലവൂർ ഗോപിനാഥ് സ്റ്റേഡിയം, 30 ന് നെടുങ്കണ്ടം മുനിസിപ്പൽ സ്റ്റേഡിയം, 31 ന് പാലാ മുനിസിപ്പൽ സ്റ്റേഡിയം, ഫെബ്രുവരി 1 ന് പത്തനംതിട്ട കൊടുമൺ സ്റ്റേഡിയം, 2 ന് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം, 3 ന് തിരുവനന്തപുരം മൈലം ജി വി രാജ സ്പോർട്സ് സ്‌കൂൾ എന്നീ കേന്ദ്രങ്ങളിലാണ് പ്രാഥമിക സെലക്ഷൻ നടക്കുന്നത്.

സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോർട്സ് ഡ്രസ്സ് എന്നിവ സഹിതം അതാത് ദിവസം രാവിലെ 9 മണിക്ക് എത്തിച്ചേരേണ്ടതാണ്. വിദ്യാർത്ഥികൾക്ക് അവരവരുടെ സൗകര്യം അനുസരിച്ച് മേൽ സൂചിപ്പിച്ച ഏതു കേന്ദ്രത്തിലും സെലക്ഷന് പങ്കെടുക്കാം.ഏതു കേന്ദ്രത്തിലാണെങ്കിലും ഒരു തവണ മാത്രമേ പങ്കെടുക്കാവൂ. കൂടുതൽ വിവരങ്ങൾക്ക് dsya.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Author

Leave a Reply

Your email address will not be published. Required fields are marked *