കൊച്ചി: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംജാതമായിരിക്കുന്ന ആനുകാലിക പ്രശ്‌നങ്ങളും നിയമനിര്‍മ്മാണ കരട് നിര്‍ദ്ദേശങ്ങളും പുതുതലമുറയുടെ ഭാവിയും പ്രതീക്ഷകളും പന്താടുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കുന്നത് അപകടകരമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ വി.സി.സെബാസ്റ്റ്യന്‍.
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖലയെ നയിക്കുന്ന പരമോന്നത സംവിധാനമാണ് യുജിസി. യുജിസി ജനുവരി 6ന് പുറത്തിറക്കിയ കരടുനിര്‍ദ്ദേശങ്ങള്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത് നിസ്സാരവല്‍ക്കരിക്കരുത്. അതേസമയം രാഷ്ട്രീയ കണ്ണുകളിലൂടെ മാത്രം ഉന്നതവിദ്യാഭ്യാസമേഖലയെ കാണുന്നതും തെറ്റാണ്. ഫെഡറല്‍ ഭരണ സംവിധാനങ്ങളെ അംഗീകരിച്ചുകൊണ്ടും വിവിധ സംസ്‌കാരങ്ങളും ഭാഷകളും വ്യത്യസ്ത ജീവിതസാഹചര്യങ്ങളുമുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ ഉള്‍ക്കൊണ്ടുമുള്ള വിദ്യാഭ്യാസ കാഴ്ചപ്പാടുകളാണ് വേണ്ടത്.
ആഗോള കാഴ്ചപ്പാടുകള്‍ക്കും തൊഴില്‍ സാധ്യതകള്‍ക്കുമനുസരിച്ച് രാജ്യത്തെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ സമഗ്രമായ പൊളിച്ചെഴുത്തും അനിവാര്യമാണ്. അക്കാദമിക് വ്യവസായതല സഹകരണവും കാലഘട്ടത്തിനനുസരിച്ചുള്ള കോഴ്‌സുകളുടെ മാറ്റങ്ങളും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ നയവും ഏതു സര്‍ക്കാര്‍ നടപ്പിലാക്കിയാലും യുവതലമുറ സ്വാഗതം ചെയ്യും. ഇത്തരം പ്രതീക്ഷകള്‍ നല്‍കുന്ന നീക്കങ്ങളെ രാഷ്ടീയ പിടിവാശികളുടെ പേരില്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഭാവിതലമുറയോടുള്ള വെല്ലുവിളിയാണ്. അറിവുമാത്രമല്ല തൊഴിലും വിദ്യാഭ്യാസത്തിന്റെ സൃഷ്ടിയാണ്. അദ്ധ്യാപക സിലബസിനപ്പുറം ലോകത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് പുതുതലമുറയെ രൂപപ്പെടുത്തുവാനുള്ള ആഗോള കാഴ്ചപ്പാടോടുകൂടിയ വിദ്യാഭ്യാസ നിയമനിര്‍മ്മാണങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും വി..സി..സെബാസ്റ്റ്യന്‍ പറഞ്ഞു.