ഭക്ഷ്യ സുരക്ഷാ വകുപ്പിന് അത്യാധുനിക മൈക്രോബയോളജി ലാബ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

Spread the love

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം കണ്ണാശുപത്രിയ്ക്ക് സമീപം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് ക്യാമ്പസിലുള്ള ഗവ. അനലിസ്റ്റ്സ് ലബോറട്ടറിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ മൈക്രോബയോളജി ലാബ് ജനുവരി 15 ബുധനാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴിലെ മൂന്നാമത്തെ മൈക്രോബയോളജി ലാബാണ് സജ്ജമായതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എറണാകുളം, കോഴിക്കോട് ജില്ലകളിലെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബുകളിലെ മൈക്രോബയോളജി ലാബുകള്‍ക്ക് പുറമേയാണ് തിരുവനന്തപുരത്തും സജ്ജമാക്കിയത്. മൂന്ന് ലാബുകളിലെയും മൈക്രോബയോളജി വിഭാഗത്തിന് എന്‍.എ.ബി.എല്‍. അംഗീകാരം സമയബന്ധിതമായി നേടിയെടുക്കാനാണ് പരിശ്രമിക്കുന്നത്. 2022-23, 2023-24 വര്‍ഷങ്ങളില്‍ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനത്താണ് കേരളം. മൈക്രോബയോളജി ലബോറട്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കുകയും തുടര്‍ന്ന് അക്രഡിറ്റേഷനും ലഭിക്കുന്നതോടെ ഭക്ഷ്യ പരിശോധനയില്‍ ദേശീയ നിലവാരത്തിലുള്ള മികവ് പുലര്‍ത്താന്‍ സംസ്ഥാനത്തിന് സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ മൈക്രോബയോളജി പരിശോധനകള്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നു. പാലും പാല്‍ ഉത്പ്പന്നങ്ങളും, പഴങ്ങളും പച്ചക്കറികളും അവയുടെ മറ്റ് ഉത്പ്പന്നങ്ങളും, സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും, കുപ്പി വെള്ളം, കുടിവെള്ളം, മാംസവും മാംസ ഉത്പ്പന്നങ്ങളും, മത്സ്യവും മത്സ്യ ഉത്പ്പന്നങ്ങളും, മുട്ടയും മുട്ട ഉത്പ്പന്നങ്ങളും, ആരോഗ്യ സപ്ലിമെന്റുകള്‍, ന്യൂട്രാസ്യൂട്ടിക്കല്‍സ്, പ്രത്യേക ഭക്ഷണക്രമത്തില്‍ ഉപയോഗിക്കേണ്ട ഭക്ഷണങ്ങള്‍, പ്രത്യേക മെഡിക്കല്‍ ആവശ്യത്തിനുള്ള ഭക്ഷണങ്ങള്‍ തുടങ്ങി ഒട്ടുമിക്ക ഭക്ഷ്യ വിഭാഗങ്ങള്‍ക്കും മൈക്രോബയോളജി പരിശോധന എഫ്എസ്എസ്എഐ മാനദണ്ഡ പ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇവയൊക്കെ പരിശോധിക്കാന്‍ ഈ ലാബും ഇപ്പോള്‍ സജ്ജമാണ്. ഭക്ഷ്യ വിഷബാധ പോലെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ മൈക്രോബയോളജി പരിശോധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *