എഴുത്തച്ഛൻ പുരസ്കാരം മുഖ്യമന്ത്രി എൻ.എസ്. മാധവന് സമ്മാനിച്ചു.
ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ, ഹിഗ്വിറ്റ തുടങ്ങിയ കൃതികളിലൂടെ സർഗാത്മകതകൊണ്ട് ഭാവുകത്വ പരിണാമം തീർത്ത എഴുത്തുകാരനാണ് എൻ.എസ് മാധവനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ് മാധവന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്രിയാത്മകമായി പ്രതികരിക്കാൻ ശേഷിയുള്ള സാഹിത്യകാരനെന്ന നിലയിലും അദ്ദേഹത്തിന്റെ കൃതികൾ വിലയിരുത്തപ്പെടുന്നു. വൻമരങ്ങൾ വീഴുമ്പോൾ എന്ന കഥ ഇതിന്റെ മികച്ച ഉദാഹരണമാണ്. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ വധവും, രാജീവ് ഗാന്ധിയുടെ പരാമർശവുമാണ് ഇതിന് ഇതിവൃത്തമായത്. തിരുത്ത്, നിലവിളി എന്നിവയും ഇത്തരത്തിൽ രാഷ്ട്രീയം മന്നോട്ട് വെക്കുന്നു. ഔദ്യോഗിക ജീവിതത്തിലും സാഹിത്യത്തിന്റെകൈത്തിരി എൻ.എസ്. മാധവൻ കെടാതെ സൂക്ഷിച്ചു. നവീന കഥയുടെ ഉണർവും ഊർജവും അദ്ദേഹത്തിന്റെ എഴുത്തുകളിൽ പ്രകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാവ്യമേഖലയിലൂടെ മലയാളഭാഷയെ നവീകരിച്ച ഭാഷാ പിതാവ് എഴുത്തച്ഛന്റെ സ്മരണയിലാണ് ഈ പുരസ്കാരം നൽകുന്നത്. നാടുവാഴിത്തത്തിന്റെയും വരേണ്യതയുടെയും ലോകത്ത് സംസ്കൃതം മാത്രം ശ്രേഷ്ഠമെന്ന് കരുതിയ കാലഘട്ടത്തിൽ സാധാരണ മനുഷ്യരിലേക്ക് ഭക്തിയിലൂടെ മലയാളത്തെ എത്തിച്ച കവിയായിരുന്നു അദ്ദേഹം. ജാതിയുടെ ഭോഗാലസ്യത്തിൽ ഇരുട്ടിലമർന്ന സമൂഹത്തിലെ ഓരോ വീടുകളിലേക്കും രാമായണത്തിലൂടെ എഴുത്തച്ഛൻ കടന്നുചെന്നു.
മലയാള ഭാഷ സംസാരിച്ചാൽ ശിക്ഷനൽകുന്ന സ്കൂളുകളിൽ അത് നിർത്തലാക്കിയും മാലയാള ഭാഷാ പഠനം പ്രോത്സാഹിപ്പിച്ചതും ഔദ്യോഗിക ഭാഷ മലയാളമാക്കിയതും സംസ്ഥാന സർക്കാർ മലയാളത്തിന് നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. മലയാള ഭാഷാ ബിൽ നിയമസഭ പാസാക്കിയതും ഈ നിലപാടുകളുടെ ഭാഗമായാണ്. ചിന്തിക്കാനും സ്വപ്നം കാണാനുമുള്ള നമ്മുടെ ഭാഷയെന്ന നിലയിൽ മലയാളത്തിന്റെ ഔന്നത്യം നിലനിർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പ്രശസ്തി പത്രം വായിച്ചു. ആന്റണി രാജു എം എൽ എ ആശംസകളർപ്പിച്ചു. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ സ്വാഗതവും കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ നന്ദിയും അറിയിച്ചു.