തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി സാമ്പത്തിക ഉപരോധത്തിലൂടെ പ്രതിസന്ധിയിലാക്കുകയും വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുകയും ചെയ്ത സര്‍ക്കാരിനെതിരെ ശക്തമായ സമരം കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആരംഭിക്കുമെന്ന് രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടന സംസ്ഥാന ചെയര്മാന് എം.മുരളി പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും പ്ലാന്‍ ഫണ്ട് നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണ് മൂന്നാം ഗഡു പ്ലാന്‍ ഫണ്ട് ആണ് നല്‍കാതിരിക്കുന്നത്. മെയിന്റനന്‍സ് ഗ്രാന്റുകളും, ജനറല്‍ പര്‍പ്പസ് ഗ്രാന്റുകളും നല്‍കുന്നതിലും സര്‍ക്കാര്‍ ഗുരുതരമായ വീഴ്ചവരുത്തിയിരിക്കുകയാണ്.
ബജറ്റ് അലോക്കേഷനുകള്‍ പ്രത്യേകിച്ചും എസ് .സി. പ്ലാന്‍ ഫണ്ടുകളും, എസ്.ടി സബ് പ്ലാന്‍ ഫണ്ടുകള്‍ പോലും സര്‍ക്കാര്‍ നല്കാന് തയ്യാറാകുന്നില്ല എന്നും മുരളി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ സാമൂഹ്യ ബാദ്ധ്യതകള്‍ ആയ ക്ഷേമ – സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രൂപ പോലും അനുവദിക്കാതെ അവയെല്ലാം തദ്ദേശസ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നിര്‍വഹിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന് കൈയ്യടി കിട്ടാനുള്ള പദ്ധതികള്‍ സ്വന്തം ഫണ്ടില്‍ നിന്നും എടുത്ത് നിര്‍വഹിക്കാന്‍ തദ്ദേശസ്ഥാപനങ്ങളെ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. അധികാരവികേന്ദ്രീകരണ പ്രക്രിയയെ വാനോളം പുകഴ്ത്തിയവര്‍ അത് അട്ടിമറിക്കുകയും, അവഹേളിക്കുകയുമാണ്. ഇതിനെതിരെ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം പോലും ഇല്ലാത്ത കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുരളി അറിയിച്ചു