കോട്ടയം: വൈസ് ചാന്‍സിലര്‍, അദ്ധ്യാപക നിയമന മാനദണ്ഡ കരട് നിര്‍ദ്ദേശങ്ങളുടെ പേരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ ബോധപൂർവ്വം തകര്‍ക്കുവാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആഗോളവല്ക്കരണമിന്ന് യാഥാര്‍ത്ഥ്യമായിരിക്കുമ്പോള്‍ അവസരങ്ങളും സാധ്യതകളും തേടി പുതുതലമുറ വിദേശരാജ്യങ്ങളിലേയ്ക്ക് ഒഴുകുന്ന സാഹചര്യം വലിയ വെല്ലുവിളി ഉയർത്തുന്നു. രാജ്യാന്തര നിലവാരവും തൊഴില്‍ സാധ്യതയുള്ളതുമായ ഉന്നതവിദ്യാഭ്യാസം പുതുതലമുറയ്ക്ക് പങ്കുവെയ്ക്കാന്‍ ഉത്തരവാദിത്വപ്പെട്ട സർക്കാർ സംവിധാനങ്ങൾ പരസ്പരം പോരടിച്ച് തുഗ്ലക് പരിഷ്കാരങ്ങള്‍ നടത്തി രാഷ്ട്രീയ നാടകം കളിച്ച് വരും തലമുറയുടെ ഭാവി പന്താടുകയാണ്. യുജിസിയുടെ പുതിയ കരട് നിര്‍ദ്ദേശങ്ങള്‍ രാജ്യത്തെ ഫെഡറല്‍ ഭരണസംവിധാനത്തിന്മേലുള്ള കടന്നുകയറ്റമാണെന്നതില് സംശയമില്ല. സംസ്ഥാന സർക്കാരുകൾ നിയമനിര്‍മ്മാണത്തിലൂടെ ആരംഭിച്ച സര്‍വ്വകലാശാലകള്‍ ആരു ഭരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്നത് എതിര്‍ക്കപ്പെടണം. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സമഗ്ര സംഭാവനകൾ ചെയ്യുന്ന ഉന്നത നിലവാരവും അന്തർദേശീയ അംഗീകാരവുമുള്ള സംസ്ഥാനത്തെ സ്വയംഭരണ കോളജുകളേയും സ്വാശ്രയ കോളേജുകളേയും കൂച്ചുവിലങ്ങിടുന്ന സർക്കാർ മനോഭാവവും മാറണം. വിദ്യാര്‍ത്ഥി പരിശീലന പാഠ്യപദ്ധതികളിലും അദ്ധ്യാപനരീതികളിലും കാലോചിതമായ മാറ്റങ്ങളും വേണം. അധികാരത്തിന്റെ മറവില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ നടത്തുന്ന പിന്നാമ്പുറ നിയമനങ്ങളും അംഗീകരിക്കാനാവില്ല. അദ്ധ്യാപകരുടെ യോഗ്യതകളും അവരുടെ പ്രവർത്തനങ്ങളുടെ കാലാനുസൃത വിലയിരുത്തലുകളും കാലഘട്ടത്തിൻറെ മാറ്റങ്ങൾക്കനുസരിച്ചുള്ള യോഗ്യത പുനർനിർണയവും ഇന്നത്തെ സാഹചര്യത്തിൽ അത്യാവശ്യ കാര്യങ്ങളാണ്. അധികാര വടംവലിയുടെ പേരില്‍ രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ ഉന്നതവിദ്യാഭ്യാസമേഖലയിൽ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ പുതുതലമുറ രാജ്യം വിട്ടോടുന്ന പ്രക്രിയ കൂടുതല്‍ ശക്തിപ്പെടുമെന്ന് തിരിച്ചറിയണമെന്നും രാജ്യാന്തര കാഴ്ചപ്പാടോടുകൂടിയ ഉന്നതവിദ്യാഭ്യാസ മുന്നേറ്റത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം സഹകരിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യർത്ഥിച്ചു.
Secretary, Council for Laity
Catholic Bishops’ Conference of India (CBCI)
New Delhi
Mbl : +91 9447355512
Tel : +91 4828234056