ശബരിമല: 3.35 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനം നല്‍കി

Spread the love

ഹൃദയാഘാതം വന്ന 122 പേരുടെ ജീവന്‍ രക്ഷിച്ചു.

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സജ്ജമാക്കിയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി 3,34,555 തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പമ്പ, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, സന്നിധാനം, നിലയ്ക്കല്‍, റാന്നി പെരിനാട്, കോന്നി മെഡിക്കല്‍ കോളേജ് പ്രത്യേക വാര്‍ഡ്, പന്തളം, ചെങ്ങന്നൂര്‍, എരുമേലി എന്നീ ആശുപത്രികളിലൂടെ 2,52,728 തീര്‍ത്ഥാടകര്‍ക്കും പമ്പ മുതല്‍ സന്നിധാനം വരെയും കാനനപാതയിലും സജ്ജമാക്കിയ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളിലൂടെ 81,827 തീര്‍ത്ഥാടകര്‍ക്കും ആരോഗ്യ സേവനം നല്‍കി. സിപിആര്‍ ഉള്‍പ്പെടെയുള്ള അടിയന്തര സേവനം നല്‍കി മരണനിരക്ക് പരമാവധി കുറയ്ക്കാനായി. മികച്ച ആരോഗ്യ സേവനം നല്‍കിയ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും മന്ത്രി അഭിനന്ദിച്ചു.

നിസാര രോഗങ്ങള്‍ മുതല്‍ ഹൃദയാഘാതം പോലെ ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് വരെ ചികിത്സ നല്‍കി. ശബരിമല യാത്രയ്ക്കിടെ ഹൃദയാഘാതം വന്ന 122 പേരുടെ ജീവന്‍ രക്ഷിച്ചു. 71 പേര്‍ക്ക് ഹൃദയാഘാതത്തിനുള്ള ത്രോബോലൈസിസ് അടിയന്തര ചികിത്സ നല്‍കി. 110 പേര്‍ക്ക് അപസ്മാരത്തിന് ചികിത്സ നല്‍കി. റോഡപകടങ്ങളില്‍ പരിക്കേറ്റവര്‍ 230, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ 37141, ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ ബാധിച്ചവര്‍ 25050, വയറിളക്ക രോഗങ്ങളുള്ളവര്‍ 2436, പനി 20320, പാമ്പുകടിയേറ്റവര്‍ 4 എന്നിവര്‍ക്കാണ് ചികിത്സ നല്‍കിയത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള 456 പേരെ പമ്പയില്‍ നിന്നും മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്തു.

ഇത്തവണ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ ആരോഗ്യ സേവനങ്ങളാണ് ഒരുക്കിയത്. ആരോഗ്യ വകുപ്പില്‍ നിന്നുള്ള ടീമിനെ കൂടാതെ ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ച ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുമാര്‍, സ്റ്റാഫ് നഴ്‌സുമാര്‍ എന്നിവരുടെ സേവനം കൂടി ഇത്തവണ ഉപയോഗിച്ചു. പമ്പയിലെ കണ്‍ട്രോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെയും വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ ഉറപ്പാക്കി. ശബരിമലയുമായി ബന്ധപ്പെട്ട് ആശുപത്രികളില്‍ പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കി. കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലും തീര്‍ത്ഥാടകര്‍ക്കായി പ്രത്യേകം കിടക്കകള്‍ ക്രമീകരിച്ചിരുന്നു. ഇതോടൊപ്പം പത്തനംതിട്ട ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളിലും കിടക്കകള്‍ ക്രമീകരിക്കുകയും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു. വിവിധ ഭാഷകളില്‍ ശക്തമായ ബോധവത്ക്കരണം നല്‍കി.

ഈ കാലയളവില്‍ നിലവിലുള്ള 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ കൂടാതെ സോപാനം, ക്യൂ കോംപ്ലക്‌സ് എന്നിവിടങ്ങളിലും പുതിയതായി അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. മകരവിളക്ക് ദിവസം വലിയാനവട്ടം, പാണ്ടിത്താവളം, സന്നിധാനം എച്ച്‌ഐ ക്വാര്‍ട്ടേഴ്‌സ്, ബെയ്‌ലി പാലം, പമ്പ ഹില്‍ ടോപ്പ്, ഹില്‍ ഡൗണ്‍, പമ്പ പോലീസ് സ്റ്റേഷന്‍, പമ്പ ത്രിവേണി പാലം, പമ്പ കെ.എസ്.ആര്‍.ടി.സി., യുടേണ്‍, അട്ടത്തോട്, ഇരവുങ്കല്‍, പഞ്ഞിപ്പാറ, നീലിമല, ആങ്ങമൂഴി, അട്ടത്തോട് ഈസ്റ്റ്, അട്ടത്തോട് വെസ്റ്റ് എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാക്കി. ഹൃദയസ്തംഭനം വന്ന 40 പേര്‍ക്ക് അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങള്‍ വഴി സിപിആറും എഇഡി ഉപയോഗിച്ച് ഷോക്ക് ചികിത്സയും നല്‍കി.

ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കി. ശബരിമലയില്‍ സേവനത്തിന് എത്തുന്ന വോളന്റിയര്‍മാര്‍ക്ക് ബേസിക് ലൈഫ് സപ്പോര്‍ട്ട്, സിപിആര്‍ എന്നിവയില്‍ പരിശീലനം നല്‍കി. ആയുഷ് വിഭാഗത്തില്‍ നിന്ന് ഇത്തവണ കൂടുതല്‍ തെറാപ്പിസ്റ്റുകളുടെ സേവനവും ഉറപ്പാക്കി. വിപുലമായ ആംബുലന്‍സ് സേവനം ഒരുക്കി. തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *