പൊന്മുടി, കോവിഡിന് ശേഷം വലിയ ഉണർവ് ഉണ്ടായ ടൂറിസ്റ്റ് കേന്ദ്രം: മന്ത്രി പി. എ മുഹമ്മദ് റിയാസ്
കോവിഡിന് ശേഷം കേരളത്തിൽ ഏറ്റവും ഉണർവ് ഉണ്ടായ വിനോദസഞ്ചാര കേന്ദ്രമാണ് പൊന്മുടിയെന്നും താമസ സൗകര്യത്തിന്റെ അപര്യാപ്തതയാണ് പൊന്മുടി നേരിടുന്ന പ്രശ്നമെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പൊന്മുടിയിൽ നവീകരണം പൂര്‍ത്തിയാക്കിയ റസ്സ് ഹൗസിന്റെയും പുതിയതായി നിര്‍മ്മിച്ച കഫറ്റീരിയയുടേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കുറഞ്ഞ ചെലവിൽ താമസ സൗകര്യം ഒരുക്കുന്നതിനു വേണ്ടിയാണു റസ്റ്റ് ഹൗസുകൾ നവീകരിക്കുന്ന ഉദ്യമത്തിലേക്കു പൊതുമരാമത്ത് വകുപ്പ് കടന്നത്. 153 റസ്റ്റ് ഹൗസുകളാണ് കേരളത്തിൽ നിലവിലുള്ളത്. ഇതിൽ 1160 മുറികൾ ഉണ്ട്. 2021ൽ കേരള പിറവി ദിനത്തിലാണ് റസ്റ്റ് ഹൗസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചത്. 2024 ഡിസംബർ 31 വരെയുള്ള കണക്കു പ്രകാരം മൂന്നരലക്ഷത്തിലധികം പേർ റൂമുകൾ ബുക്ക് ചെയ്തു. 21.21 കോടിയിലധികം രൂപ ഇതിലൂടെ ലഭിച്ചു.
റസ്റ്റ് ഹൗസുകൾ കുറഞ്ഞ ചിലവിൽ ബുക്ക് ചെയ്യുന്നതോടെ 2000 രൂപയുടെ ലാഭമാണ് ഓരോ വ്യക്തിക്കും ലഭിക്കുന്നത്. നവീകരണം പൂർത്തിയാക്കിയ പൊന്മുടി ഗസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു.
പൊന്മുടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിന് സമീപത്തായി പ്ലാൻ ഫണ്ടിൽ നിന്നും 78.18 ലക്ഷം രൂപ ചെലവിട്ടാണ് റസ്സ് ഹൗസിന്റെ നവീകരണ പ്രവൃത്തികളും കംഫർട്ട് സ്റ്റേഷൻ ഉൾപ്പെടെയുള്ള കഫറ്റീരിയ നിര്‍മാണവും പൂര്‍ത്തിയാക്കിയത്.