കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുവജനകാര്യ കായിക മന്ത്രാലയം, നെഹ്റു യുവ കേന്ദ്ര സംഘാടൻ എന്നിവ സംയുക്തമായി മേരാ യുവ ഭാരതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പതിനാറാമത് ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടി ജനുവരി 20 മുതൽ 26 വരെ എറണാകുളം ഗവണ്മെന്റ് യൂത്ത് ഹോസ്റ്റലിൽ സംഘടിപ്പിക്കും.
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 20 ന് വൈകീട്ട് 05.30 ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് , നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം. അനിൽകുമാർ, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ രാധാമണിപിള്ള, ജില്ലാ യൂത്ത് ഓഫീസർ വിവേക് ശശിധരൻ എന്നിവർ പ്രസംഗിക്കും.
തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ കലാ പരിപാടികൾ അരങ്ങേറും. ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ 200 യുവതി യുവാക്കളാണ് ഒരാഴ്ച്ചത്തെ നിൽക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. ഇവരോടൊപ്പം സിആർപി എഫ്, ബി എസ്എഫ്, എസ്.എസ്. ബി എന്നിവയിലെ 20 ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിക്കുന്നുണ്ട്. പിന്നാക്ക മേഖലകളിലെ ഗിരിവർഗ യുവ ജനങ്ങൾക്ക് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസിലാക്കാനും രാഷ്ട്ര നിർമ്മാണ പരിപാടികളിൽ അവരെ പങ്കാളികളാക്കി മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഉദ്ദേശിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ക്ലാസുകൾക്ക് പുറമെ സംഘാംഗങ്ങൾക്കു നേവൽ ബേസ്, റീജിയണൽ സ്പോർട്ട് സെന്റർ, കൊച്ചിൻ ഷിപ്യാർഡ്, മട്ടാഞ്ചേരി, ഹിൽ പാലസ് മ്യൂസിയം, മറൈൻ ഡ്രൈവ്, വാട്ടർ മെട്രോ എന്നിവിടങ്ങൾ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സമാപന സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയും. ഹൈബി ഈഡൻ എം പി അധ്യക്ഷത വഹിക്കും. 26 ന് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ശേഷം സംഘം തിരിച്ചു പോകും.