മദ്യനിര്‍മ്മാണ പ്ലാന്റ് തുടങ്ങുന്നത് കോളജ് നിര്‍മ്മിക്കാന്‍ വാങ്ങിയ സ്ഥലത്ത്; എന്തു കിട്ടിയെന്നു മാത്രം മന്ത്രി പറഞ്ഞാല്‍ മതി – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കൊച്ചി എയര്‍പോര്‍ട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (18/01/2025).

മദ്യനിര്‍മ്മാണ ശാലയ്ക്കുള്ള അനുമതി മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും അറിഞ്ഞുള്ള അഴിമതി; നാല് ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയില്ല; രണ്ടു വര്‍ഷം മുന്‍പെ സര്‍ക്കാരും കമ്പനിയും ഗൂഡാലോചന തുടങ്ങി; മദ്യനിര്‍മ്മാണ പ്ലാന്റ് തുടങ്ങുന്നത് കോളജ് നിര്‍മ്മിക്കാന്‍ വാങ്ങിയ സ്ഥലത്ത്; എന്തു കിട്ടിയെന്നു മാത്രം മന്ത്രി പറഞ്ഞാല്‍ മതി; ആരോപണം ഉന്നയിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ തര്‍ക്കമെന്ന മറുപടി നല്‍കുന്ന എക്‌സൈസ് മന്ത്രിക്കാണ് വിഷയ ദാരിദ്ര്യം; മന്ത്രി രാജേഷിന് വിഷമമുണ്ടെങ്കില്‍ ഞാനും രമേശ് ചെന്നിത്തലയും ഒന്നിച്ച് പത്രസമ്മേളനം നടത്താം.

കൊച്ചി : പാലക്കാട് ആരംഭിക്കുന്ന മദ്യ നിര്‍മ്മാണ പ്ലാന്റിനെ കുറിച്ച് ഗുരുതരമായ രണ്ട് ആരോപണങ്ങളാണ് ഇന്നലെ ഉന്നയിച്ചത്. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഈ കമ്പനിയുടെ ഉടമ അറസ്റ്റിലായിട്ടുണ്ട്. ഇതുകൂടാതെ ഇതേ കമ്പനി പഞ്ചാബില്‍ ആരംഭിച്ച മദ്യ നിര്‍മ്മാണ പ്ലാന്റ് നാലു കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂഗര്‍ഭജലം മലിനമാക്കിയത്. ബോര്‍വെല്ലിലൂകളിലൂടെയാണ് ഈ കമ്പനി മാലിന്യം ഭൂഗര്‍ഭജലത്തിലേക്ക് കലര്‍ത്തിയത്. ശക്തമായ സമരത്തെ തുടര്‍ന്ന് പഞ്ചാബില്‍ കമ്പനിയെ പൂട്ടിച്ചുകൊണ്ടിരിക്കുകയാണ്. കമ്പനിക്കെതിരെ അഴിമതിയും ജലമലിനീകരണവുമാണ് ഉന്നയിച്ചത്. എന്നിട്ടും എക്‌സൈസ് മന്ത്രി മറുപടി നല്‍കിയില്ല.

പ്രതിപക്ഷ നേതാവെന്ന നിലയിലാണ് മന്ത്രിയോട് രണ്ട് ആരോപണം ഉന്നയിച്ചത്. ആരോപണത്തിന് മറുപടി പറയാതെ കോണ്‍ഗ്രസില്‍ ഞാനും രമേശ് ചെന്നിത്തലയും തമ്മില്‍ തര്‍ക്കമെന്നാണ് മന്ത്രി പറഞ്ഞത്. ഞങ്ങള്‍ തമ്മില്‍ ഒരു തര്‍ക്കവുമില്ല. അന്നത്തെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ബ്രൂവറിക്കെതിരെ ശക്തമായ നിലപാടെടുത്ത നേതാവാണ് രമേശ് ചെന്നിത്തല. അന്ന് ഞാനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇപ്പോള്‍ രമേശ് ചെന്നിത്തലയുമായി കൂടിയാലോചിച്ചാണ് നിലപാടെടുത്തത്. മന്ത്രി രാജേഷിന് വിഷമമുണ്ടെങ്കില്‍ ഞാനും രമേശ് ചെന്നിത്തലയും ഒന്നിച്ച് പത്രസമ്മേളനം നടത്താം.

ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം പറയാന്‍ സാധിക്കാതെ വരുമ്പോള്‍ കൊഞ്ഞനം കുത്തിക്കാണിക്കുന്നതു പോലെയാണ് വിഷയദാരിദ്ര്യമെന്നും രമേശ് ചെന്നിത്തല, കോണ്‍ഗ്രസിലെ തര്‍ക്കം എന്നൊക്കെ മന്ത്രി പറയുന്നത്. അതൊക്കെ മാറ്റി വച്ച് ചോദിച്ചതിന് മറുപടി പറയുകയാണ് വേണ്ടത്. എന്തു കിട്ടിയെന്ന ചോദ്യത്തിന് മറുപടിയില്ല. എന്നിട്ടാണ് നിങ്ങള്‍ മദ്യനയത്തിന്റെ പോയിന്റ് 24 നോക്കൂവെന്ന് മന്ത്രി പറയുന്നത്. എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉണ്ടാക്കാന്‍ അനുമതി നല്‍കുമെന്നാണ് പോയിന്റ് 24-ല്‍ പറയുന്നത്. ഇവിടെ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉണ്ടാക്കാനുള്ള അനുമതി മാത്രമാണോ നല്‍കിയിരിക്കുന്നത്? എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി പ്ലാന്റ്, വൈനറി പ്ലാന്റ് എന്നിവയ്‌ക്കൊക്കെ അനുമതി നല്‍കിയിരിക്കുകയാണ്. പോയിന്റെ 24 പറഞ്ഞിരിക്കുന്നതിനല്ല അനുമതി നല്‍കിയത്. മന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. എന്തിനാണ് ടെന്‍ഡര്‍, കൊടുത്താല്‍ പോരെ എന്നതാണ് മന്ത്രിയുടെ മറ്റൊരു ചോദ്യം. എല്ലാവര്‍ക്കും അനുമതി നല്‍കുമെങ്കില്‍ അത് ശരിയാണ്. മദ്യനയം മാറ്റി, ഇത്തരത്തില്‍ അനുമതി നല്‍കുന്നുണ്ടെന്ന കാര്യം സമാനമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും കമ്പനി അറിഞ്ഞിട്ടുണ്ടോ?

മന്ത്രിയും ചില ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും മാത്രം അറിഞ്ഞുള്ള ഇടപാടാണ്. ഒരു സുതാര്യതയുമില്ല. അതുകൊണ്ടാണ് ഇത് അഴിമതിയാണെന്നു പറയുന്നത്. എലപ്പുള്ളി പഞ്ചായത്തില്‍ ഈ മദ്യനിര്‍മ്മാണ കമ്പനി 26 ഏക്കര്‍ സ്ഥലം മതില്‍കെട്ടി എടുത്തിട്ടുണ്ട്. പഞ്ചായത്തിനോടും നാട്ടുകാരോടും പറഞ്ഞത് കോളജ് തുടങ്ങാനെന്നാണ്. മദ്യ നിര്‍മ്മാണ യൂണിറ്റാണ് ഈ സര്‍ക്കാരിന്റെ കോളജ്. രണ്ടു വര്‍ഷം മുന്‍പ് എക്‌സൈസ് മന്ത്രിയും സര്‍ക്കാരും ഈ കമ്പനിയുമായി ഗൂഡാലോചന ആരംഭിച്ചതാണ്.

ചോദ്യങ്ങള്‍ക്കാണ് മന്ത്രി ആദ്യം മറുപടി പറയേണ്ടത്. ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായതിനു പുറമെ പഞ്ചാബില്‍ ഭൂഗര്‍ഭ ജലവും ഉപരിതല ജലവും മലിനപ്പെടുത്തിയ കമ്പനിയെ എന്തിനാണ് തെരഞ്ഞെടുത്തത്? ജലമലിനീകരണത്തിന് കൊക്കക്കോള പ്ലാന്റ് അടച്ചുപൂട്ടിയ ജില്ലയില്‍ തന്നെ ദശലക്ഷക്കണക്കിന് ലിറ്റര്‍ ആവശ്യമുള്ള ഈ പ്ലാന്റ് എന്തിന് അനുവദിച്ചു? മദ്യ നയത്തിലെ 24 നോക്കൂ എന്ന് മന്ത്രി പറഞ്ഞു. ഞങ്ങള്‍ നോക്കി. ഈ കമ്പനിക്ക് നല്‍കിയതും 24-ല്‍ പറയുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. എന്തുകൊണ്ടാണ് രഹസ്യമായി ഈ കമ്പനിയുമായി മാത്രം ചര്‍ച്ച നടത്തി അവര്‍ക്കു തന്നെ കൊടുത്തത്? ഇഷ്ടക്കാര്‍ക്ക് പട്ടുംവളയും നല്‍കാന്‍ ഇത് രാജഭരണമല്ല, ജനാധിപത്യ ഭരണമാണ്. നടപടിക്രമങ്ങളുള്ള നാടാണ്. മന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. വിഷയ ദാരിദ്രമെന്നും കോണ്‍ഗ്രസിലെ തര്‍ക്കമെന്നും പറഞ്ഞാല്‍ മറുപടിയാകില്ല. ചോദിച്ചതിന് മറുപടി പറയാതെ പിന്തിരിഞ്ഞ് ഓടരുത്. കൊടിയ അഴിമതിയാണ് നടന്നത്. കൊടിയ അഴിമതിക്കാണ് മുഖ്യമന്ത്രി കുടപിടിച്ചു കൊടുക്കുന്നത്. ഈ ഇടപാടിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവരും. കമ്പനിയുടെ പ്രൊപ്പഗന്‍ഡ മാനേജരെ പോലെയാണ് എക്‌സൈസ് മന്ത്രി സംസാരിച്ചത്. മന്ത്രി പുകഴ്ത്തിയപ്പോഴാണ് എന്തോ കുഴപ്പമുണ്ടെന്നു മനസിലായത്. സ്വന്തം ജില്ലയിലെ ആളുകളുടെ കുടിവെള്ളം മുട്ടിക്കാനാണ് എക്‌സൈസ് മന്ത്രി ഇറങ്ങിയിരിക്കുന്നത്. അത് ചോദ്യം ചെയ്യപ്പെടും. എലപ്പുള്ളിയിലും പാലക്കാടും സംസ്ഥാന വ്യാപകമായും സമരം നടക്കും.

 

Author

Leave a Reply

Your email address will not be published. Required fields are marked *