കാത്തിരിപ്പിന്‍റെ വേദന : ലാലി ജോസഫ്

Spread the love

രേഖാചിത്രം 2025 ജനുവരി 9ാം തീയതി റിലീസ് ആകുന്നു. ഈ സിനിമയെ കുറിച്ചുള്ള നല്ല അഭിപ്രായം ആദ്യമായി കേട്ടത് കൂടെ ജോലി ചെയ്യുന്ന മലയാളി സുഹ്യത്തുക്കളില്‍ നിന്നാണ് പിന്നീട് രമേഷ് പിഷാരടിയുടെ ഫേയ്സ് ബുക്കില്‍ സിനിമയെ കുറിച്ചും ചിത്രം സംവിധാനം ചെയ്ത ജോഫിന്‍. ടി. ജോണിനെ പ്രശംസിച്ച് കൊണ്ടുള്ള പോസ്റ്റ് കൂടി വായിച്ചു കഴിഞ്ഞപ്പോള്‍ രേഖാചിത്രം കാണുവാന്‍ തന്നെ തീരുമാനിച്ചു. അടുത്ത അവധി ദിവസമായ ജനുവരി 15ാം തീയതി ലൂവിസ്വില്ലാ സിനിമാര്‍ക്ക് തീയേറ്ററില്‍ പോയി ഈ വര്‍ഷം ഞാന്‍ കണ്ട ആദ്യ ചിത്രവും ڇരേഖാചിത്രംڈ ആയിരുന്നു. 2025 ല്‍ എഴുതിയ ആദ്യ ലേഖനത്തിന്‍റെ ക്രെഡിറ്റും രേഖാചിത്രത്തിനു തന്നെ കൊടുക്കാം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു കൊലപാതകവും ആ കൊല നടത്തിയത് ആരാണ് എന്നു കണ്ടു പിടിക്കുവാന്‍ വേണ്ടി നടത്തുന്ന ഒരു അന്യേഷണവും അതാണ് ഈ കഥയുടെ ഉള്ളടക്കം. 40 വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടിയെ കാണാതെ പോകുന്നു. ആരാലും അറിയപ്പെടാതെ പോയ ഒരു ചെറുപ്പക്കാരിയുടെ കഥ. രണ്ടു മണിക്കൂര്‍ പതിനാറ് മിനിറ്റില്‍ തീരുന്ന ഈ മൂവിയില്‍ വെറും 10 സെക്കന്‍റില്‍ കേട്ട ഒരു ഡയലോഗ് ആണ് എന്നെ ഈ ലേഖനം എഴുതുവാന്‍ പ്രേരിപ്പിച്ച ഒരു ഘടകം.
സ്വന്തം മകള്‍ എവിടെ ആണെന്ന് അറിയാതെ വേദനിച്ചു കഴിയുന്ന ഒരു പിതാവ്. അവള്‍ ഒരു ദിവസം പടി കയറി വീട്ടീല്‍ എത്തുമെന്ന പ്രതീക്ഷയില്‍ ഉള്ളുരുകി കഴിയുന്ന ഒരു കുടുംബം. കാത്തിരിപ്പിന്‍റെ ഒടുവില്‍ മകളെ കാണാതെ ആ പിതാവ് മരണപ്പെടുന്നു. മരണവീട്ടീലേക്ക് കടന്നു വരുന്ന പോലിസുകാരനോട് കാണാതെ പോകുന്ന പെണ്‍കുട്ടിയുടെ സഹോദരന്‍ പറയുന്ന ഒരു ഡയലോഗ്. അത് ഇപ്രകാരം ആണ് ڇ മരണം ഉറപ്പായ ഒരു കാര്യമാണ് പക്ഷെ കാത്തിരിപ്പിന്‍റെ വേദനയാണ് ഏറ്റവും വലുത്.
സിനിമ കണ്ടിട്ടുള്ള നിങ്ങളില്‍ എത്ര പേര്‍ക്ക് ഇതുപോലെ ആ സഹോദരന്‍ പറഞ്ഞ കാര്യം ആഴത്തില്‍ പതിഞ്ഞിട്ടുണ്ട് ? അതോ എനിക്കു മാത്രം തോന്നിയ ഒരു വികാരമാണോ? സിനിമ കണ്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ ഡയലോഗ് എന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.
എത്രമാത്രം ശരിയായ ഒരു വസ്തുതയാണ്. മരണം എല്ലാവര്‍ക്കും വേദന തരുന്ന ഒന്നാണ് ഏതു പ്രയത്തില്‍ മരിച്ചാലും നമ്മളില്‍ വേദനയും ദു:ഖവും ഉളവാകും എന്നാല്‍ മരണം അത് ഉറപ്പായ ഒരു കാര്യമാണ്. ഒരാള്‍ മരിച്ചു എന്ന സത്യം മനസിലാക്കാതെ എതെങ്കിലും ഒരു ദിവസം വീട്ടുകാരെ തേടിയെത്തും എന്നുള്ള കാത്തിരിപ്പിന്‍റെ വേദന ശരിക്കും ആ ചെറുപ്പക്കാരനും അവന്‍റെ വീട്ടുകാരും അനുഭവിച്ചറിഞ്ഞതിന്‍റെ പശ്ചാത്തലത്തില്‍ മാത്രമേ ഈ രീതിയില്‍ പറയുവാന്‍ സാധിക്കുകയുള്ളു.
വീട്ടില്‍ തിരിച്ചെത്തുന്ന വ്യക്തി ഏതു രീതിയില്‍ തിരിച്ചു വന്നാലും സ്വീകരിക്കാന്‍ തയ്യാറായി ആണ് ആ കുടുംബാംഗങ്ങള്‍ നില കൊള്ളുന്നത്. ഇന്നു വരും നാളെ വരും എന്ന് ഓര്‍ത്തിരിക്കുന്ന ഓരോ നിമിഷവും അവര്‍ അനുഭവിക്കുന്ന തീവ്രമായ വേദന എന്തു മാത്രമായിരിക്കും. അതും നീണ്ട 40 വര്‍ഷക്കാലം കാത്തിരിക്കുക എന്നു പറഞ്ഞാല്‍..
അവസാനം കാത്തിരിപ്പിന്‍റെ ഫലം പോലും അറിയാന്‍ സാധിക്കാതെ മരണത്തിനു വഴി മാറി കൊടുക്കുന്ന ആ ഒരു അവസ്ഥയാണ് ഇവിടെ എഴുത്തുകാരന്‍ നമ്മളുടെ മുന്‍പില്‍ വരച്ചു കാട്ടുന്നത്. ഈ സഹോദരനോട് സംസാരിച്ചതിനു ശേഷം കാറില്‍ തിരിച്ചു കയറുന്ന സമയത്തും പോലീസുകാരന്‍റെ മനസിലേക്ക് ഈ ഡയലോഗ് ഓടിയെത്തുന്നതായിട്ട് കാണിക്കുന്നുണ്ട് അപ്പോള്‍ എന്നെ ആഴത്തില്‍ സ്പര്‍ശിച്ചതു പോലെ ആ പോലിസുകാരനും അത് മനസില്‍ തട്ടിയെന്നു മനസ്സിലാക്കാന്‍ സാധിച്ചു. പിന്നെ മറ്റൊരു ഡയലോഗ് എന്താണന്നു വച്ചാല്‍ 40 വര്‍ഷം മുന്‍പ് മ്യതദേഹം കുഴിച്ചിട്ട സ്ഥലം പോലീസ്കാരന്‍ ആയാസപ്പെട്ട് കുഴിക്കുമ്പോള്‍ കരയില്‍ നില്‍ക്കുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു അവന്‍റെ ആവേശം കണ്ടോ? അപ്പോള്‍ അത് കേട്ട ആള്‍ കൊടുക്കുന്ന മറുപടിയാണ് ڇ ആവേശം അല്ല സാര്‍ അത് അവന്‍റെ ആവശ്യം ആണ്. നമ്മുടെ ജീവിതത്തിലും നമ്മള്‍ കാണിക്കുന്ന ആവേശം ശരിക്കും നമ്മളുടെ എല്ലാം ആവശ്യമാണ് എന്ന ഒരു തിരിച്ചറിവും കൂടി തരുന്നുണ്ട്. വളരെ വ്യത്യസ്ഥമായ ഒരു അന്വേഷണ കഥയാണ്. പ്രത്യേകിച്ച് 40 വര്‍ഷത്തിന് ശേഷം ഒരു കൊലപാതകത്തിന്‍റെ ആളെ കണ്ടെത്തുവാന്‍ വേണ്ടിയുള്ള തിരച്ചില്‍ തന്നെ ഒരു വലിയ പ്രത്യേകതയായി ഇതിനെ കണാം. വളരെ നല്ല സ്ക്രിപ്റ്റും സംവിധാനവും ആണ് ഈ ചിത്രത്തില്‍ കൂടി കാഴ്ച വച്ചിരിക്കുന്നത്. ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം അനുമോദനം അര്‍പ്പിക്കുന്നു. സംവിധായകന്‍ ജോഫിന്‍.ടി. ജോണിന് ഒരു ബിഗ് സല്യൂട്ട്. ഇനിയും നല്ല നല്ല സിനിമകള്‍ നിങ്ങളില്‍ നിന്ന് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *