പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനം (22/01/2025)
കോവിഡ് കാല കൊള്ളയ്ക്ക് കൂടുതല്‍ തെളിവുകള്‍; കിറ്റിന് ക്ഷാമം ഉണ്ടായതുകൊണ്ട് കൂടിയ വിലയ്ക്ക് വാങ്ങിയെന്ന കെ.കെ ശൈലജയുടെ വാദം പച്ചക്കള്ളം; 1550 രൂപയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കുന്നതിന്റെ തലേദിവസം അനിത ടെക്സ്റ്റിക്കോട്ട് എന്ന സ്ഥാപനം 550 രൂപ നിരക്കില്‍ 25,000 പി.പി.ഇ കിറ്റുകള്‍ നല്‍കാമെന്ന് പറഞ്ഞിരുന്നു; അനിത ടെക്സ്റ്റിക്കോട്ട് സര്‍ക്കാരിന് നല്കിയ കത്ത് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്; അഴിമതിയില്‍ മുഖ്യമന്ത്രിക്കും കെ.കെ ശൈലജയ്ക്കും പങ്ക്.
കോവിഡ് കാലത്തെ അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ട്. 450 രൂപയ്ക്കും 500 രൂപയ്ക്കും പി.പി.ഇ കിറ്റ് ലഭിക്കുന്ന സമയത്താണ് 1550 രൂപ നല്കി മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാന്‍ ഫാര്‍മയില്‍ നിന്നും വാങ്ങിയെന്നതായിരുന്നു പ്രധാന ആരോപണം. എന്നാല്‍ അന്ന് കിറ്റ് കിട്ടാനില്ലായിരുന്നതു കൊണ്ടാണ് വാങ്ങേണ്ടി വന്നതെന്നാണ് മുന്‍ ആരോഗ്യമന്ത്രി ഇതിന് മറുപടിയായി പറഞ്ഞത്.
എന്നാല്‍ 1550 രൂപയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കുന്നതിന്റെ തലേദിവസം (28/03/2020) അനിത ടെക്സ്റ്റിക്കോട്ട് എന്ന സ്ഥാപനം 550 രൂപ നിരക്കില്‍ 25,000 പി.പി.ഇ കിറ്റുകള്‍ നല്‍കാമെന്ന് പറഞ്ഞിരുന്നു. അതിന്റെ കത്താണ് പ്രതിപക്ഷം പുറത്തുവിടുന്നത്. അവരുടെ കയ്യില്‍ നിന്നും 550 രൂപയ്ക്ക് വാങ്ങാതെയാണ് മൂന്നിരിട്ടി വിലയ്ക്ക് വാങ്ങിയത്. ഇതിലൂടെ മുന്‍ ആരോഗ്യമന്ത്രിയുടെ വാദം പൊളിയുകയാണ്. നിയമവിരുദ്ധമായി സാന്‍ ഫാര്‍മയ്ക്ക് 100 ശതമാനം അഡ്വാന്‍സും നല്കി. 550 രൂപയ്ക്ക് കിറ്റ് നല്‍കിയിരുന്ന കമ്പനികളൊക്കെ പത്ത് ദിവസം കൊണ്ട് കിറ്റ് എത്തിച്ചപ്പോള്‍ 100 ശതമാനം പണവും നല്കിയ സാന്‍ഫാര്‍മ വൈകിയാണ് സപ്ലെ ചെയ്തത്.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ (കെഎംഎസ്സിഎല്) അഴിമതിയുടെ കൂത്തരങ്ങാക്കി സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്. ജനങ്ങളുടെ ജീവന് വരെ ഭീഷണി ഉയര്‍ത്തുന്ന തരത്തിലേക്ക് ഈ അഴിമതി മാറിയിരിക്കുകയാണ്.
ആശുപത്രികളില്‍ അവശ്യമരുന്നുകള്‍ക്കു പോലും ക്ഷാമം നേരിടുന്നത്തിനു കാരണം കെ.എം.എസ്.സി.എല്ലിന്റെ പിടിപ്പുകേടാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. സംസ്ഥാനത്തെ 67 ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ 62,826 ലേറെ സന്ദര്‍ഭങ്ങളില്‍ മരുന്നുകള്‍ ലഭ്യമായില്ല. ഇതില്‍ ചില അവശ്യ മരുന്നുകള്‍ 1745 ദിവസം വരെ ലഭ്യമാകാതിരുന്നു. 4732 ഇനം മരുന്നുകള്‍ക്ക് ആശുപത്രികള്‍ ഇന്‍ഡന്റ് നല്‍കിയെങ്കിലും കെഎംഎസ്സിഎല് പൂര്‍ണമായ അളവിന് വേണ്ടി ഓര്‍ഡര്‍ നല്‍കിയത് 536 ഇനങ്ങള്‍ക്കു മാത്രമാണ് (11.33%). 1085 ഇനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കിയിട്ടേയില്ല.
സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന ഗുരുതര ആരോപണവും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്. കാലാവധി കഴിഞ്ഞ മരുന്നുകളില്‍ രാസസംയുക്തങ്ങള്‍ക്കു മാറ്റം സംഭവിക്കുമെന്നതിനാല്‍ രോഗികളുടെ ജീവന് തന്നെ അപകടത്തിലാകും. എന്നിട്ടാണ് പാവങ്ങള്‍ പോകുന്ന 26 സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത്. കൊലക്കുറ്റത്തിന് സമാനമായ കുറ്റമാണ് സര്‍ക്കാര്‍ ചെയ്തത്. നൂറു കോടിയുടെ മരുന്നിന് ഓര്‍ഡര്‍ നല്കിയാല് കൈക്കൂലിയായി കമ്പനി 80 കോടി രൂപ മടക്കി നല്‍കും. നശിപ്പിച്ചു കളയേണ്ട മരുന്ന് 20 ശതമാനം വിലയ്ക്കു വാങ്ങി 80 ശതമാനം കൈക്കൂലിയാണ് വാങ്ങിയത്. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് കാലാവധി കഴിഞ്ഞ മരുന്ന് വാങ്ങിയതിലൂടെ നടത്തിയത്. ചില കമ്പനികളുടെ മരുന്നുകള്‍ക്ക് ഗുണനിലവാര പരിശോധന പോലും നടത്തിയിട്ടില്ല.
ഒരു വര്‍ഷത്തെ 54049 ബാച്ച് മരുന്നുകളില്‍ 8700 ബാച്ചുകളുടെ ഗുണനിലവാരം മാത്രമാണ് പരിശോധിച്ചതെന്നാണ് സി.എ.ജി കണ്ടെത്തല്‍. 46 ഇനം മരുന്നുകള്‍ക്ക് ഒരു നിലവാര പരിശോധനയും നടത്തിയിട്ടില്ല. 14 വിതരണക്കാരുടെ ഒറ്റ മരുന്നു പോലും പരിശോധിച്ചിട്ടില്ല. കമ്പനികളെ സഹായിച്ച് കോടികളാണ് കോവിഡ് കാലത്ത് ഇവര്‍ കൈപ്പറ്റിയത്. പുര കത്തുന്ന കാലത്ത് അവര്‍ വാഴവെട്ടുകയായിരുന്നു. പ്രതിപക്ഷം നിയമസഭയിലും പുറത്തും ഉന്നയിച്ച ആരോപണമാണ് സി.എ.ജി ശരിവച്ചിരിക്കുന്നത്. അഴിമതിയില്‍ മുഖ്യമന്ത്രിക്കും കെ.കെ ശൈലജയ്ക്കും പങ്കുണ്ട്.
മദ്യ നിര്മ്മണശാലയ്ക്ക് അനുമതി; എന്ത് കിട്ടിയെന്ന ചോദ്യത്തിന് ഇതുവരെ മന്ത്രി മറുപടി നല്‍കിയിട്ടില്ല
മദ്യനിര്‍മ്മാണ ശാലയ്ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണം രമേശ് ചെന്നിത്തലയും ഞാനും രണ്ടായി ഉന്നയിക്കുന്നതിലായിരുന്നു മന്ത്രി എം.ബി രാജേഷിന് വിഷമം. അതുകൊണ്ട് കൂടിയാണ് സംയുക്ത വാര്‍ത്താസമ്മേളനം. അടിയന്തിര പ്രമേയമായി ആരോപണം ഉന്നയിച്ചില്ലെന്നാണ് മന്ത്രി ഇന്നലെ ആക്ഷേപിച്ചത്. ഈ മന്ത്രി പാര്‍മെന്ററികാര്യ മന്ത്രി കൂടിയാണ്. അഴിമതി ആരോപണം അടിയന്തിര പ്രമേയമായി ഉന്നയിക്കാനാകില്ല. എഴുതിക്കൊടുത്തു മാത്രമെ ഉന്നയിക്കാനാകൂ. ഇതല്ലാതെ മന്ത്രിക്ക് ഒരു മറുപടിയുമില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശ്രമിച്ച പരാജയപ്പെട്ടതാണ്. മദ്യനയത്തിലെ 24 ല്‍ എക്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉണ്ടാക്കാന്‍ അനുമതി നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ്സ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യ ബോട്ടിലിംഗ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി വൈന്‍ പ്ലാന്‍ ഉള്‍പ്പെടെ എല്ലാത്തിനും അനുമതി നല്‍കിയിരിക്കുകയാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്റ്റിലറികള്‍ പോലും അറിഞ്ഞില്ല. രണ്ടു വര്‍ഷം മുന്‍പ് കോളജ് തുടങ്ങാനാണെന്ന് പറഞ്ഞ് പഞ്ചായത്തിനെയും നാട്ടുകാരെയും പറ്റാച്ചാണ് ഒയാസിസ് കമ്പനി എലപ്പുള്ളിയില്‍ സ്ഥലം വാങ്ങിയത്. അന്നു മുതല്‍ക്കെ ഗൂഡാലോചന തുടങ്ങി. ഈ കമ്പനിക്കു വേണ്ടിയാണ് മദ്യനയത്തില്‍ പോലും മാറ്റം വരുത്തിയത്. ആരും അറിയാതെ ഒരു മാനദണ്ഡവും പാലിക്കാതെയാണ് ഈ കമ്പനിക്ക് മാത്രം അനുമതി നല്‍കിയത്.
മന്ത്രി പുകഴ്ത്തിയ കമ്പനിയാണ് ഡല്‍ഹി മദ്യ നയ കേസില്‍ അറസ്റ്റിലായത്. പഞ്ചാബില്‍ ബോര്‍വെല്‍ വഴി മലിനജലം ഒഴുക്കിവിട്ട് ഭൂഗര്‍ഭ ജലം മലിനമാക്കിയതിന് നടപടി നേരിട്ട കമ്പനിയെയാണ് കേരള സര്‍ക്കാര്‍ ഉത്തരവിലൂടെ പ്രകീര്‍ത്തിച്ചിരിക്കുന്നത്. ജല അതോറിട്ടി വെള്ളം നല്‍കാമെന്ന് പറഞ്ഞത് നുണയാണെന്നു വ്യക്തമായി. കുടിവെള്ള ക്ഷാമമുള്ള സ്ഥലത്താണ് 80 ദശലക്ഷം ലിറ്റര്‍ ജലം വേണ്ടി വരുന്ന പ്ലാന്റിന് അനുമതി നല്‍കിയത്. 400 ദശലക്ഷം യൂണിറ്റ് ജലമാണ് പാലക്കാട്ടെ ആവശ്യങ്ങള്‍ക്ക് വേണ്ടത്. എന്നാല്‍ 200 ദശലക്ഷം ലിറ്റര്‍ മാത്രമാണ് മലമ്പുഴ അണക്കെട്ടിന്റെ കപ്പാസിറ്റി. എന്നിട്ടാണ് ഒരു പഠനവും നടത്താതെ 80 ദശലക്ഷം ലിറ്റര്‍ ജലം വേണ്ടി വരുന്ന പദ്ധതിക്ക് അനുമതി നല്‍കിയത്. മന്ത്രിയുടെ കയ്യില്‍ മൂന്നുമാസ ഇരുന്ന ഫയല്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ ആറാമത്തെ ദിവസമാണ് മുഖ്യമന്ത്രിക്ക് നല്‍കുന്നത്. എന്ത് കിട്ടിയെന്ന ചോദ്യത്തിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.