ദേശിയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദേശിയ ദുരന്ത നിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവരുടെ സാമ്പത്തിക സഹായത്തോടെ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചം (കേരള വാണിംഗ്സ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ്സ് മാനേജ്മെന്റ് സിസ്റ്റം) KaWaCHaM – Kerala Warnings, Crisis and Hazard Management sy-stem) കേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവന്‍ പ്രദേശങ്ങളെയും ഏകീകൃത മുന്നറിയിപ്പ് സംവിധാനത്തിനു കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. 126 സൈറണ്‍-സ്ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന 93 VPN ബന്ധിത എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകള്‍, അവയുടെ ഡിസിഷന്‍ സപ്പോര്‍ട്ട് സോഫ്റ്റ് വെയര്‍, ബൃഹത്തായ ഡാറ്റാ സെന്റ്റര്‍ എന്നിവ അടങ്ങുന്ന വലിയ സന്നാഹമാണ് കവചം സംവിധാനത്തിനുള്ളത്. ഇത്തരത്തിലൊരു മുന്നറിയിപ്പ് സംവിധാനം അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം.
അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ കേന്ദ്ര നോഡല്‍ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന മുറയ്ക്ക് പൊതു സമൂഹത്തില്‍ ഇവ വ്യാപകമായി എത്തിക്കുവാന്‍ നിലവില്‍ സാമൂഹിക മാധ്യമങ്ങള്‍, സ്ഥല അധിഷ്ഠിത എസ്.എം.എസ് എന്നിവ ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ ആണ് സൈറണ്‍-സ്ട്രോബ് ലൈറ്റ് ശൃംഖല സ്ഥാപിച്ചിട്ടുള്ളത് ഇവയിലൂടെ സംസ്ഥാന, ജില്ലാ ഇ.ഒ.സികളില്‍ നിന്നും അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ നോഡല്‍ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന മുറയ്ക്ക് പൊതുജനങ്ങള്‍ക്ക് അറിയിപ്പ് സന്ദേശങ്ങളും, സൈറണ്‍ വിസില്‍ സന്ദേശങ്ങളുമായി നല്കുവാന് സാധിക്കും. പദ്ധതിയുടെ ഭാഗമായി 126 സ്ഥലങ്ങളില്‍ സൈറണുകള്‍ സ്ഥാപിക്കും. രണ്ടുഘട്ട പ്രവര്‍ത്തന പരീക്ഷണമുള്‍പ്പെടെ 91 സൈറണുകള്‍ സജ്ജീകരിച്ചു കഴിഞ്ഞു. താലുക്ക് തലത്തിലും ജില്ലാതലത്തിലും എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകള്‍ക്ക് ഇവ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.
കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിൽ ദുരന്തനിവാരണ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതിന്റെയെല്ലാം തുടർച്ചയെന്ന നിലയ്ക്കാണ് കവചം എന്ന സംവിധാനത്തെ കാണേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്കും രക്ഷാസേനകൾക്കും കൃത്യമായ മുന്നറിയിപ്പ് നൽകാനും ആവശ്യമെങ്കിൽ ആളുകളെ മാറ്റി താമസിപ്പിക്കാനും ഇതുവഴി കഴിയും.
വി കെ പ്രശാന്ത് എം.എൽ.എ, ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.