സങ്കീർണ ശസ്ത്രക്രിയയിലൂടെ ഷാജഹാന് പുതു ജീവിതം നൽകി എസ് പി മെഡിഫോർട്ട് ഹോസ്പിറ്റൽ

Spread the love

തിരുവനന്തപുരം : കുളിമുറിയിൽ വീണ്, സ്യൂഡോ പാരാലിസിസ് അവസ്ഥയിലെത്തിയ കാട്ടാക്കട സ്വദേശി ഷാജഹാന് ഇഞ്ചക്കലിലെ എസ് പി മെഡിഫോർട്ട് ആശുപത്രിയിൽ നടന്ന അപൂർവ ശസ്ത്രക്രിയയിലൂടെ പുതുജീവൻ. ജന്മനാ പോളിയോ ബാധിതനായ ഷാജഹാന് മാസങ്ങൾക്കു മുൻപ് സംഭവിച്ച വീഴ്ചയിലാണ് ഇടതു തോളിലെ പേശികൾക്ക് സാരമായി പരിക്കേറ്റത്. എസ് പി മെഡിഫോർട്ട് സീനിയർ ഓർത്തോപെഡിക് സർജൻ ഡോ. ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സങ്കീർണമായ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. സാമ്പത്തിക പരാധീനകൾ ഏറെ അലട്ടിയിരുന്ന ഷാജഹാന്റെ സാഹചര്യം മനസിലാക്കിയ ആശുപത്രിയുടെ ചാരിറ്റബിൾ വിഭാഗമായ എസ്പി ആദർശ് ഫൗണ്ടേഷൻ ശസ്ത്രക്രിയയുടെ ചെലവുകൾ പൂർണ്ണമായും ഏറ്റെടുത്തു.

വൈകല്യം മൂലം വലതുകൈ കാൽമുട്ടുകുളിൽ ഊന്നിയായിരുന്നു ഷാജഹാൻ സഞ്ചരിച്ചിരുന്നത്. വീഡിയോ എഡിറ്റിംഗ് ജോലികളൊക്കെ ചെയ്ത് ഉപജീവനം നടത്തിയിരുന്ന ഷാജഹാന്റെ അതിജീവനത്തിനേറ്റ തിരിച്ചടിയായിരുന്നു അപ്രതീക്ഷിതമായി സംഭവിച്ച വീഴ്ച. ഇടതു തോളിനു പരിക്ക് പറ്റിയതോടെ, ചലനശേഷി പൂർണ്ണമായി ഇല്ലാതായ അവസ്ഥയിലാണ് എസ് പി മെഡിഫോർട്ടിൽ എത്തുന്നത്. ആർത്രോസ്കോപ്പിക് റൊട്ടേറ്റർ കഫ് സർജറിയാണ് ചെയ്തത്. ആരോഗ്യമുള്ള ഒരാളിൽ ഇത്തരം ശസ്ത്രക്രിയ നടത്തുക വലിയ വെല്ലിവിളി ഉയർത്താറില്ല. എന്നാൽ ഷാജഹാന്റെ വൈകല്യം കണക്കിലെടുത്ത് നടത്തിയ ശസ്ത്രക്രിയ കൂടുതൽ സങ്കീർണമാവുകയായിരുന്നു. “ശസ്ത്രക്രിയയ്ക്ക് കൂടുതൽ കൃത്യതയും പരിചരണവും ആവശ്യമായിരുന്നു. ഷാജഹാന്റെ ശാരീരിക അവസ്ഥകൾ ഒരു വെല്ലുവിളിയായിരുന്നു. ചെറിയ മാറ്റങ്ങൾ പോലും അദ്ദേഹത്തിന്റെ ഭാവിജീവിതത്തെ സാരമായി ബാധിക്കുമെന്നുള്ളത് കൊണ്ട് വളരെ ശ്രദ്ധയോടെയും ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയുമാണ് ശസ്ത്രക്രിയ നടത്തിയത്”-ഡോ. ഹരികുമാർ പറഞ്ഞു.

അത്യാധുനിക ചികിത്സയുടെയും പരിചരണത്തിന്റെയും സഹായത്തോടെ ജീവിതത്തിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണിപ്പോൾ ഷാജഹാൻ. ശസ്ത്രക്രിയക്ക് ശേഷം ഫിസിയോതെറാപ്പി ചികിത്സകൂടി കഴിഞ്ഞാൽ പഴയത് പോലെ സഞ്ചരിക്കാനും ജോലി ചെയ്യാനും കഴിയുമെന്നാണ് പ്രതീക്ഷ. ചെറിയ പ്രശ്നങ്ങൾക്കുപോലും തളർന്നു പോകുന്ന വലിയ സമൂഹത്തിന് മുൻപിൽ, പ്രതിസന്ധികളോടും കഷ്ടതകളോടും പൊരുതി പുഞ്ചിരിതൂകികൊണ്ട് ജീവിതത്തിലേക്ക് തിരികെ നടക്കാൻ ഒരുങ്ങുകയാണ് ഷാജഹാൻ.

Adarsh R C

 

Author

Leave a Reply

Your email address will not be published. Required fields are marked *