ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ട് – പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Spread the love

പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം. (23/01/2025)

മലയോര മേഖലയില്‍ നിലനില്‍ക്കുന്നത്. കുട്ടികളെ സ്‌കൂളില്‍ വിടാനാകുന്നില്ല. പശുവിന് പുല്ല് വെട്ടാന്‍ പോകാനാകില്ല. ജനങ്ങള്‍ക്ക് വീടിന് പുറത്തേക്ക് ഇറങ്ങാനാകാത്ത സാഹചര്യമാണ് പല കാര്‍ഷികമേഖലകളിലും. വ്യാപകമായ ഭീതിയാണ് നിലനില്‍ക്കുന്നത്. അതിനു പിന്നാലെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നത്. എന്തിനാണ് ജനങ്ങളെ ശത്രുക്കളായി കാണുന്നത്? മലയോര മേഖലയില്‍ ജീവിക്കുന്നവര്‍ വനസംരക്ഷണത്തിന്റെ ശത്രുക്കളാണോ?

നിങ്ങള്‍ പണ്ട് ഇ.എഫ്.എല്‍ കൊണ്ടു വന്നാണ് കാര്‍ഷിക മേഖലയിലെ ജനങ്ങളുടെ പരിസ്ഥിതിയുടെയും വനസംരക്ഷണത്തിന്റെയും ശത്രുക്കളാക്കി മാറ്റിയത്. ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ പോലെ അവകാശം കൊടുത്തു. കാപ്പി കൃഷിയും തേയില കൃഷിയും ചെയ്തിരുന്ന ഏക്കര്‍ കണക്കിന് സ്ഥലം ഒരു നഷ്ടപരിഹാരവും നല്‍കാതെ ഒരു നിയമം കൊണ്ടു വന്ന് പിടിച്ചെടുത്തു. വനാതിര്‍ത്തിയിലെ ചിലരുടെ പിടിച്ചെടുത്തില്ല. കാരണം അവര്‍ കൈകാര്യം ചെയ്യും. അതിന് ഇപ്പുറമുള്ളവരുടെ തോ്‌നിയതു പോലെ പിടിച്ചെടുത്തു. വനസംരക്ഷണവും കര്‍ഷകരും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടാക്കിയ നിയമം നിങ്ങള്‍ ഉണ്ടാക്കി.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ട്. വന്യജീവികളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള ബാധ്യത സംസ്ഥാനത്തിനൊപ്പം കേന്ദ്ര സര്‍ക്കാരിനുമുണ്ട്. കേരളത്തില്‍ 29 ശതമാനമാണ് വനം. അത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. വനം സംരക്ഷിക്കപ്പെടണം. എന്നാല്‍ ഇനിയും വനാതിര്‍ത്തി വര്‍ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ എന്ത് ചെയ്യും? നിങ്ങള്‍ എവിടെയൊക്കെ നോട്ടിഫിക്കേഷന്‍ ഇറക്കിയിട്ടുണ്ട്. ജനങ്ങള്‍ ജീവിക്കുന്ന ഭൂമി പിടിച്ചെടുത്ത് വനമാക്കിയാല്‍ ജനം വീണ്ടും ശത്രുക്കളാകും. പ്രധാനപ്പെട്ട ടൗണുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ വനങ്ങളാക്കി വനം വകുപ്പ് നോട്ടിഫിക്കേഷന്‍ നല്‍കുകയാണ്. പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് എവിടെയെങ്കിലും പാലിച്ചോ? വനസംരക്ഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആളുകള്‍ വനാതിര്‍ത്തികളില്‍ താമസിക്കുന്ന കര്‍ഷകരാണ്. അവര്‍ വനത്തിന്റെ ശത്രുക്കളല്ലെന്ന് മന്ത്രി മന്ത്രിയുടെ വകുപ്പിനോട് പറയണം.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ക്രൂരകൃത്യങ്ങളെ കുറിച്ചാണ് പ്രമേയ അവതാരകനായ മാത്യു കുഴല്‍നാടന്‍ പറഞ്ഞത്. അത് പറയണ്ടേ? അവിടെ സംഘര്‍ഷവും ഭീതിയുമാണ്. അതിനിടയിലാണ് വനംനിയമ ഭേദഗതി കൊണ്ടുവന്നത്. ഭേദഗതി പിന്‍വലിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. ഏതെങ്കിലും വകുപ്പുകളില്‍ നിക്ഷിപ്തമാകുന്ന അധികാരം ദുര്‍വിനിയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അതല്ല വനംമന്ത്രി പറഞ്ഞത്. പിന്‍വലിക്കപ്പെട്ട വനഭേദഗതിയിലെ ഓരോ വ്യവസ്ഥകളെയും മന്ത്രി

ന്യായീകരിച്ചു. മുഖ്യമന്ത്രി പറഞ്ഞതിന് വിരുദ്ധമായാണ് വനംമന്ത്രി നിയമസഭയില്‍ സംസാരിച്ചത്. വനനിയമത്തിന് എതിരായി സമരം ഉണ്ടാക്കി പ്രതിപക്ഷം കര്‍ഷരെ പ്രകോപിപ്പിക്കാന്‍ നോക്കിയതു കൊണ്ടാണ് വനനിയമം പിന്‍വലിക്കേണ്ടി വന്നതെന്നും അല്ലാതെ വനനിയമം കര്‍ഷകവിരുദ്ധമോ ആദിവാസി വിരുദ്ധമോ ആയതുകൊണ്ടല്ലെന്നാണ് മന്ത്രി പറഞ്ഞത്. അമിതമായ അധികാരം ഒരു വകുപ്പിലും പാടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അപ്പോള്‍ അമിതമായ അധികാരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന വകുപ്പുകള്‍ ഈ നിയമത്തിലുണ്ട്. അമിതമായ അധികാരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിന് എതിരെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. വനാവകാശ നിയമത്തിന്റെ അന്തസത്തയ്ക്ക് പോലും എതിരായ ബില്‍ കൊണ്ടു വന്നപ്പോഴാണ് ഞങ്ങള്‍ എതിര്‍ത്തത്. അത് നിങ്ങള്‍ പിന്‍വലിച്ചു. ഈ നിയമത്തിന് എതിരെ കൂടിയാണ് യു.ഡി.എഫ് സമരം പ്രഖ്യാപിച്ചത്. അവസരം കിട്ടിയാല്‍ ഈ നിയമം ഇനിയും കൊണ്ടുവരുമെന്ന നിലപാടാണ് വനംമന്ത്രി ഇപ്പോഴും സ്വീകരിക്കുന്നത്. ഈ ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നതാണ് ഞങ്ങളുടെ നിലപാട്.

വന്യമൃഗ ആക്രമണം തടഞ്ഞ് ജനങ്ങളെ രക്ഷിക്കാന്‍ കിട്ടിയ പണം പോലും വനംവകുപ്പ് ചെലവാക്കുന്നില്ല. 48.85 കോടി വകയിരുത്തിയിട്ട് 48 ശതമാനം പോലും ചെലവഴിച്ചില്ല. എന്തെങ്കിലം പറഞ്ഞാല്‍ സോളാര്‍ വേലി, ആന പ്രതിരോധ കിടങ്ങുകള്‍, ആന പ്രതിരോധ മതിലുകള്‍, ക്രാഷ് ഗാര്‍ഡ് ഫെന്‍സിങ് എന്നിവ നിര്‍മ്മിച്ചെന്നാണ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി ക്രാഷ് ഗാര്‍ഡ് വേലിക്കും കല്‍ മതിലിലും റെയില്‍ വേലിക്കും ചുറ്റുമതിലിനും പൂജ്യം രൂപയാണ് ചെലവഴിച്ചത്. 2023-24 ല്‍ ചെലവഴിച്ച തുക 3.1 കോടിയായി ചുരുങ്ങി. ഇപ്പോള്‍ ആറളത്ത് പോലും മതില്‍ കെട്ടുന്നില്ല. ചാലക്കുടി, വാഴച്ചാല്‍, മലയാറ്റൂര്‍ ഡിവിഷനുകളില്‍ ഫെന്‍സിംഗ് സ്ഥാപിക്കാന്‍ 13.5 കോടി രൂപ നബാര്‍ഡ് 2023-ല്‍ അനുവദിച്ചു. എന്നാല്‍ ഇതുവരെ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ച് പണി ആരംഭിച്ചിട്ടില്ല. ജനങ്ങളെ വന്യജീവി ആക്രമണങ്ഹളില്‍ നിന്നും രക്ഷിക്കാനുള്ള ഒരു നടപടികളുമില്ല.

ആരാണ് കാട്ടില്‍ പോയി ആനയെയും സിംഹത്തെയും പുലിയെയും കടുവയെയും കേരളത്തിലെ വനത്തില്‍ എത്തി ആക്രമിക്കുന്നത് ആരാണെന്ന് പ്രതിപക്ഷ നേതാവിനും മുന്‍പ്രതിപക്ഷ നേതാവിനും അറിയാമെന്നു മന്ത്രി പറഞ്ഞത് മനസിലായില്ല. വനങ്ങളിലെ വേട്ടയാടല്‍ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അവസാനിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. അതിന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ട ഗാഡുകള്‍ കൂടി വനസംരക്ഷണം ഏറ്റെടുത്തതോടെ വേട്ടയാടല്‍ നടക്കുന്നില്ല. ഇപ്പോള്‍ ആരാണ് കാട്ടില്‍ പോയി ആനയെ ആക്രമിച്ച് നാട്ടിലേക്ക് ഇറക്കി വിടുന്നത്? എന്തുകൊണ്ടാണ് വയനാട്ടില്‍ കടുവ ഇറങ്ങുന്നതെന്ന് മന്ത്രി മനസിലാക്കണം. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം 80 കടുവകള്‍ക്ക് 1000 സ്‌ക്വയര്‍ കിലോമീറ്റര്‍ സ്ഥലം വേണം. വയനാട് വന്യജീവി സങ്കേതത്തിന്റെ വിസ്തീര്‍ണ്ണം 344 സ്‌ക്വയര്‍ കിലോമീറ്ററാണ്. ഇത്രയും വിസ്തീര്‍ണമുള്ള വന്യജീവി സങ്കേതത്തിന് 20 കടുവകളെ മാത്രം ഉള്‍ക്കൊള്ളാന്‍ സാധിക്കൂ.
എന്നാല്‍ 154 കടുവകളാണ് വയനാട്ടിലുള്ളത്. 3000 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതി വേണ്ടിടത്താണ് 344 സ്‌ക്വയര്‍ കിലോമീറ്ററുള്ളത്. കടുവകള്‍ ടെറിട്ടോറിയല്‍ ജീവികളാണ്. അതായത് ഓരോന്നിനും അതിന്റേതായ ആധിപത്യ പ്രദേശം ഉണ്ടായിരിക്കും. ഒരു കടുവയുടെ ആധിപത്യ പ്രദേശത്തേക്ക് പുതിയ കടുവ എത്തിയാല്‍ പരസ്പരം ആക്രമിക്കുകയും കരുത്തന്‍ അതിജീവിക്കുകയും ദുര്‍ബലന്‍ നാട്ടിലേക്ക് ഇറങ്ങുകയും ചെയ്യും. അല്ലാതെ ആരും വെടിവച്ച് നാട്ടിലേക്ക് ഇറക്കുന്നതല്ല. വന്യജീവികളുടെ എണ്ണം കൂടിയിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര വനം നിയമത്തില്‍ ഭേദഗതി വേണം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസംഗത ശരിയല്ല. ആനയും പുലിയും കടുവയും ഇറങ്ങിയാല്‍ ഞങ്ങള്‍ എന്തുചെയ്യാനാണെന്ന നിസംഗത അംഗീകരിക്കാനാകില്ല. വന്യമൃഗങ്ങള്‍ ജനവാസമേഖലകളിലേക്ക് കടക്കാതിരിക്കാന്‍ ആധുനിക മാര്‍ഗങ്ങള്‍ നിരവധി സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നുണ്ട്. വാല്‍പ്പാറയില്‍ ഇത്തരത്തില്‍ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനവാസ മേഖലകളിലേക്ക് വന്യജീവികള്‍ കടക്കാതിരിക്കാന്‍ എന്തൊക്കെ സങ്കേതങ്ങള്‍ സ്വീകരിച്ചിട്ടുണ്ട് എന്നത് പഠിക്കണം. എന്നാല്‍ നിങ്ങള്‍ പഴയതും നടപ്പാക്കുന്നില്ല പുതിയതും നടപ്പാക്കുന്നില്ല. എന്നിട്ടാണ് ആരോ പറഞ്ഞ കണക്ക് വച്ച് വന്യജീവി ആക്രമണങ്ങള്‍ കുറഞ്ഞു വരികയാണെന്ന് പറയുന്നത്.

ജനങ്ങള്‍ ഭീതിയിലാണ്. കാര്‍ഷിക മേഖല തകര്‍ന്നു. ബഫര്‍ സോണ്‍ വിഷയത്തിലും ആശയക്കുഴപ്പമുണ്ട്. സര്‍ക്കാര്‍ വേണ്ടരീതിയില്‍ ആ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. കാര്‍ഷിക മേഖലയിലെ തകര്‍ച്ച, വിലയിടിവ്, ക്ഷീരമേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കൊപ്പമാണ് ജീവിക്കാന്‍ നിവൃത്തിയില്ലാത്ത സാഹചര്യവും. മലയോര ജനത സങ്കടത്തിലാണ്. അതുകൊണ്ടാണ് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ 25 മുതല്‍ ഫെബ്രുവരി 5 വരെ മലയോര സമര യാത്ര സംഘടിപ്പിക്കുന്നത്. സമരം ചെയ്യേണ്ട കാര്യങ്ങളില്‍ സമരം ചെയ്യും. നേടിയെടുക്കേണ്ട കാര്യങ്ങളുണ്ടെങ്കില്‍ നേടിയെടുത്ത് മലയോര ജനതയോടേ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന സമരപരിപാടിയാണിത്. അതുകൊണ്ട് കൂടിയാണ് ഈ വിഷയം നിയമസഭയില്‍ കൊണ്ടു വന്നത്. എന്നാല്‍ ഒന്നും ചെയ്യില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *