സുഗതകുമാരിക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കണം – രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നല്‍കി

Spread the love

മലയാളത്തിന്റെ പ്രിയ കവയിത്രിയും, പരിസ്ഥിതി പ്രവര്‍ത്തകയും, ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി ടീച്ചക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നല്‍കി.

സുഗതകുമാരി ടീച്ചര്‍ വിടവാങ്ങിയിട്ട് നാല് വര്‍ഷം കഴിഞ്ഞു. സൂഗതകുമാരി ടീച്ചറിന്റെ കര്‍മ്മ മേഖലയായ തിരുവനന്തപുരത്ത് ആ മഹത്തായ സ്മരണ നിലനിറുത്തുന്നതിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്, 2021 ലെ സംസ്ഥാന ബഡ്ജറ്റില്‍ 3 കോടി രൂപ പ്രഖ്യാപിച്ചിരുന്നതാണ്. കൂടാതെ കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ സ്മാരകത്തിന് സ്ഥലം കണ്ടെത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മ്യൂസിയം – നന്ദാവനം – ബേക്കറി ജംഗ്ഷന്‍ റോഡിന് സുഗതകുമാരിയുടെ പേര് നല്‍കണമെന്ന് തിരുവനന്തപുരം നഗരസഭ പ്രമേയം പാസാക്കിയെങ്കിലും ഇക്കാര്യത്തിലും തുടര്‍ ഉണ്ടായില്ല.

സുഗതകുമാരി ടീച്ചറുടെ പുസ്തകങ്ങളും, വിലപിടിച്ച കത്തുകളും, അവാര്‍ഡുകള്‍ അടക്കമുള്ള സ്മാരക ശേഷിപ്പുകളും അന്യാധീനപ്പെടുമെന്ന ഭയം സാംസ്‌കാരിക ലോകത്തിനുണ്ട്. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കാലവിളംബം കൂടാതെ സുഗതകുമാരി ടീച്ചര്‍ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള അടിയന്തിര തുടര്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു – രമേശ് ചെന്നിത്തല കത്തില്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *