കോഴിക്കോട് : മൂന്നാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഇ സന്തോഷ് കുമാറിന്. തപോമയിയുടെ അച്ഛൻ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കോഴിക്കോട് ബീച്ചില്‍ നടന്നുവരുന്ന കേരള ലിറ്ററേചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ ബാങ്കിന്റെ കോഴിക്കോട് റീജിയണൽ മേധാവിയും വൈസ് പ്രസിഡന്റുമായ ജോസ് മോൻ പി ഡേവിഡ് പുരസ്‌കാരം സമ്മാനിച്ചു. എഴുത്തുകാരന്‍ വി ജെ ജെയിംസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഫെഡറൽ ബാങ്കിന്റെ ഈ വർഷത്തെ സാഹിത്യ പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. സമകാലിക അഭയാർത്ഥി പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വ്യത്യസ്തമായ മൂന്നു പ്രമേയങ്ങളാണ് ന്നേവൽ പ്രതിപാദിച്ചത്. അതിനാൽ തന്നെ നോവലെഴുത്ത് വെല്ലുവിളി നിറഞ്ഞതായിരുന്നു. ആ വെല്ലുവിളി വളരെ വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞു എന്നതാണ്, നോവലിന് ലഭിക്കുന്ന ഓരോ പുരസ്കാരവും തെളിയിക്കുന്നത്.” ഈ സന്തോഷ് കുമാർ പറഞ്ഞു.
ബെന്യാമിൻ, ഇ വി ഫാത്തിമ, രാഹുൽ രാധാകൃഷ്ണൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. ബാങ്കിന്റെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ബിന്ദു എം നന്ദി പ്രകാശിപ്പിച്ചു.
Photocaption: ഫെഡറൽ ബാങ്ക് കോഴിക്കോട് റീജിയണൽ മേധാവി ജോസ് മോൻ പി ഡേവിഡ് ഇ സന്തോഷ് കുമാറിന് പുരസ്കാരം സമ്മാനിക്കുന്നു. ബാങ്കിൻ്റെ ഡെപ്യൂട്ടി വൈസ് പ്രസിഡൻ്റ് ബിന്ദു എം , എഴുത്തുകാരായ വി ജെ ജെയിംസ്, ബെന്യാമിൻ എന്നിവർ സമീപം.
Athulya K R