തിരുവനന്തപുരം: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മല്‍സരത്തിൽ കേരളത്തിന് 363 റൺസ് വിജയലക്ഷ്യം. മധ്യപ്രദേശ് രണ്ടാം ഇന്നിങ്സ് എട്ട് വിക്കറ്റിന് 369 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസെന്ന നിലയിലാണ്.
ഇന്ത്യൻ താരങ്ങളായ രജത് പട്ടീദാറിൻ്റെയും വെങ്കടേഷ് അയ്യരുടെയും ബാറ്റിങ് മികവാണ് രണ്ടാം ഇന്നിങ്സിൽ മധ്യപ്രദേശിന് തുണയായത്. രണ്ട് വിക്കറ്റിന് 140 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ മധ്യപ്രദേശിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ശുഭം ശർമ്മയുടെ വിക്കറ്റ് നഷ്ടമായി. 54 റൺസെടുത്ത ശുഭം ശർമ്മയെ ബേസിലാണ് പുറത്താക്കിയത്. തുടർന്ന് രജത് പട്ടീദാറും ഹർപ്രീത് സിങ്ങും ചേർന്ന കൂട്ടുകെട്ടിൽ 71 റൺസ് പിറന്നു. 92 റൺസെടുത്ത രജത് പട്ടീദാറിനെയും 36 റൺസെടുത്ത ഹർപ്രീത് സിങ്ങിനെയും ബേസിൽ തന്നെ മടക്കി. തുടർന്നെത്തിയ വെങ്കടേഷ് അയ്യരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് മധ്യപ്രദേശിനെ അതിവേഗം സ്കോർ ഉയർത്തി ഡിക്ലയർ ചെയ്യാൻ സഹായിച്ചത്. വെങ്കടേഷ് അയ്യർ 70 പന്തിൽ നിന്ന് 80 റൺസുമായി പുറത്താകാതെ നിന്നു. രണ്ട് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു വെങ്കിടേഷിൻ്റെ ഇന്നിങ്സ്. കേരളത്തിന് വേണ്ടി ബേസിൽ എൻ പി നാലും ജലജ് സക്സേന രണ്ടും നിധീഷ് എംഡിയും ആദിത്യ സർവാടെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 24 റൺസെടുത്ത അക്ഷയ് ചന്ദ്രൻ്റെ വിക്കറ്റാണ് നഷ്ടമായത്. രോഹൻ കുന്നുമ്മൽ നാല് റൺസോടെ ക്രീസിലുണ്ട്.
PHOTO – 4 വിക്കറ്റുകള്‍ നേടിയ ബേസില്‍ എന്‍.പി
PGS Sooraj