എല്‍ഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണം സാധാരണ ജനങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ ലഭ്യമാകാത്ത സ്ഥിതിയിലെത്തിച്ച നടപടിയില്‍ പ്രതിഷേധിച്ച് കെപിസിസി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
ജനുവരി 28 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ റേഷന്‍ കടകള്‍ക്ക് മുന്നിലും ഫെബ്രുവരി 6 വ്യാഴാഴ്ച രാവിലെ 10:30 ന് താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നിലും കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.
കേരളത്തിന്റെ ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെ പാടെ തകര്‍ക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാരിന്റെത്. ഗോഡൗണുകളില്‍ നിന്നും റേഷന്‍ ഷോപ്പുകളിലേക്ക് ഭക്ഷ്യ ധാന്യങ്ങള്‍ എത്തിച്ചിരുന്ന കരാറുകരുടെ സമരം മൂലം ജനുവരി 1 മുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ റേഷന്‍ കടകളില്‍ നിന്ന് ലഭ്യമായിരുന്നില്ല. വിതരണ കരാറുകാരുടെ പണിമുടക്ക് കാരണം റേഷന്‍ കടകള്‍ കാലിയാണ്. വിതരണ കരാറുകാരുടെ നൂറുകോടിയുടെ കുടിശ്ശിക തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ ഗുരുതരമായ അലംഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞമാസത്തെ റേഷന്‍ വിഹിതത്തിലെ നീക്കിയിരിപ്പ് ഉപയോഗിച്ചാണ് ഭാഗികമായെങ്കിലും ഈ മാസം വിതരണം ചെയ്തത്. വിതരണ കരാറുകാരുടെ സമരം കാരണം ഈ മാസത്തെ വിഹിതം എത്തിയിട്ടില്ല. ഇതിനുപുറമെ ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് ജനുവരി 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ടുള്ള വ്യാപാരികളുടെ സമരം ആരംഭിക്കുന്നതോടെ ഭക്ഷ്യ പൊതുവിതരണ സംവിധാനം പൂര്‍ണ്ണമായും സ്തംഭിക്കുമെന്നും ഈ മാസത്തെ റേഷന്‍ സാധനങ്ങള്‍ സാധാരണക്കാരന് ഇനി കിട്ടാത്തസാഹചര്യമാണുള്ളതെന്നും എം.ലിജു ചൂണ്ടിക്കാട്ടി.