എല്ലാ വ്യത്യാസങ്ങൾക്കിടയിലും ഏവരും ഒരുമിച്ച് പ്രവർത്തിക്കുകയും മുന്നേറുകയും ചെയ്യണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യാസങ്ങൾ സ്വാഭാവികമാണ്, മനുഷ്യരാണ്, കൃത്രിമ യന്ത്രങ്ങളല്ല. പക്ഷേ സംഭാഷണത്തിലൂടെയും സഹകരണത്തിലൂടെയും ഒരുമിച്ച് മുന്നേറാൻ സാധിക്കും. കേരളത്തെ കുറിച്ചു സംസാരിക്കുമ്പോൾ അഭിമാനമാണെന്നും സംസ്ഥാനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ടെന്നും ഗവർണർ പറഞ്ഞു. വികസിത കേരളം ഇല്ലാതെ ഒരു വികസിത ഇന്ത്യ സാധ്യമല്ല എന്നും കേരളം അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ഗവർണർ പറഞ്ഞു.
കേരളം സമ്പൂർണ്ണ സാക്ഷരതയുറപ്പാക്കിയ സംസ്ഥാനമാണെന്നത് അഭിമാനകരമാണെന്നും രാജ്യത്ത് ഒട്ടനവധി സൂചകങ്ങളിൽ കേരളം ഒന്നാമതാണെന്നും ഗവർണർ പറഞ്ഞു. പത്മ പുരസ്‌കാരങ്ങൾ നേടിയ മലയാളികൾക്കും ഗവർണർ അഭിനന്ദനമറിയിച്ചു.
1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. തുടർന്ന്, 1950ൽ ദീർഘവീക്ഷണമുള്ള നേതാക്കളുടെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ നമ്മുടെ ഭരണഘടന നിലവിൽ വന്നു. നമ്മുടെ ഭൂതകാലത്തെക്കുറിച്ചും, ഭാവിയെ കുറിച്ചും ചിന്തിക്കാൻ ഇന്ന് കേരളത്തിലെ എല്ലാ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു. അടുത്ത 20-25 വർഷങ്ങൾക്കുള്ളിൽ നമ്മൾ എന്താണ് നേടാൻ ആഗ്രഹിക്കുന്നതെന്ന് ചിന്തിക്കണമെന്ന് ഗവർണർ പറഞ്ഞു.
റിപ്പബ്ലിക് ദിനമായ ഇന്ന് നാടിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ ഓർക്കാമെന്നും ഏവരും ഐക്യത്തോടെ നിലകൊണ്ടാൽ രാജ്യം മഹത്തരമാകുമെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, എ എ റഹിം എംപി, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, കളക്ടർ അനു കുമാരി മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.