കൊച്ചി: 96 വർഷങ്ങളുടെ വിശ്വസ്തതയും ഉപഭോക്തൃ സേവനരംഗത്തെ പാരമ്പര്യവും കൈമുതലാക്കി നവീന ബാങ്കിങ് സേവനങ്ങൾ നൽകുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ ഓഫീസ്, ‘എസ് ഐ ബി ടവർ’ ചെയർമാൻ വി ജെ കുര്യൻ, ഉദ്‌ഘാടനം ചെയ്തു. ബോർഡ് അംഗങ്ങൾ, മുൻകാല ഡയറക്ടർമാർ, മുൻ ജീവനക്കാർ, ഉപഭോക്താക്കൾ, ഓഹരി ഉടമകൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ബാങ്കിന്റെ 96-ാം സ്ഥാപകദിനാഘോഷം നടന്നു. 1929ൽ സ്വദേശി പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ച്, ദീർഘദർശികളായ നാല്പത്തിരണ്ട്‍ പേർ ചേർന്നാണ് തൃശൂരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ആരംഭിച്ചത്. തുടർന്ന് പതിറ്റാണ്ടുകളായി രാജ്യമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് മികച്ച ബാങ്കിങ് സേവനങ്ങൾ നൽകുന്ന ധനകാര്യ സ്ഥാപനമായി സൗത്ത് ഇന്ത്യൻ ബാങ്ക് മാറി.
ശതാബ്‌ദിയിലേക്ക് അടുക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പ്രവർത്തനങ്ങളിലെ നാഴികക്കല്ലാണ് കാക്കനാടുള്ള ‘എസ് ഐ ബി ടവർ’ എന്ന് ചെയർമാൻ വി ജെ കുര്യൻ പറഞ്ഞു. എല്ലാ ജീവനക്കാരെയും ഉൾക്കൊള്ളുന്ന തരത്തിൽ പുരോഗമനപരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിച്ചും ഉപഭോക്തൃ സേവന പ്രവത്തനങ്ങളിലെ കാര്യക്ഷമത വർധിപ്പിച്ചും കൂടുതൽ കരുത്തോടെ മുന്നേറാനുള്ള ബാങ്കിന്റെ ചുവടുവെയ്പ്പാണ് ഈ പുതിയ ഓഫീസ് തുറക്കുന്നതിലൂടെ യഥാർഥ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിൽഡിംഗിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എല്ലാവർക്കും, പ്രത്യേകിച്ച് മുൻ ചെയർമാൻ സലിം ഗംഗാധരനും അദ്ദേഹം നന്ദി പറഞ്ഞു. പ്രളയം, കോവിഡ് മഹാമാരി തുടങ്ങിയ വെല്ലുവിളികളെ മറികടന്നാണ് പുതിയ ബിൽഡിംഗിന്റെ പണി പൂർത്തീകരിച്ചത്.
സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ പി ആർ ശേഷാദ്രി അധ്യക്ഷത വഹിച്ചു. “അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ വിജയകരമായി മറികടക്കാനും പുതിയ നാഴികക്കല്ലുകൾ പടുത്തുയർത്താനും ബാങ്കിനെ സഹായിക്കുന്നത് വിശ്വാസ്യത, ഐക്യം, സേവന മികവ് എന്ന അടിസ്ഥാന തത്വങ്ങളിലുള്ള പ്രതിബദ്ധത മൂലമാണ്. ആരംഭ കാലഘട്ടം മുതൽ ഈ അടിസ്ഥാന തത്വങ്ങളിലൂന്നിയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവർത്തിക്കുന്നത്. ബാങ്കിങ് വ്യവസായ രംഗത്തെ പുത്തൻ രീതികൾ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തി മികച്ച സേവനം നൽകുന്നതിൽ സൗത്ത് ഇന്ത്യൻ ബാങ്ക് പ്രതിജ്ഞാബദ്ധരായിരിക്കും.”- പി ആർ ശേഷാദ്രി പറഞ്ഞു.
2 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പന്ത്രണ്ട് നിലകളിലായാണ് ‘എസ് ഐ ബി ടവർ’ നിലകൊള്ളുന്നത്. 1200 ജീവനക്കാർക്കുള്ള വർക്ക് സ്പേസിന് പുറമെ മെഗാ കറൻസി ചെസ്റ്, ബ്രാഞ്ച് ഓഫീസ്, അനുബന്ധ ഓഫീസുകൾ തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഉള്ളത്. അത്യാധുനിക പാർക്കിംഗ് സംവിധാനങ്ങൾ ഉള്ള ബേസ്‌മെന്റ്, വിശാലമായ ഓഡിറ്റോറിയം, ഓഡിയോ വിഷ്വൽ സൗകര്യമുള്ള ബോർഡ്‌റൂം, 9 മീറ്റിംഗ് റൂമുകൾ, 3 ഇന്റർവ്യൂ റൂമുകൾ എന്നിവയും ഈ ബിൽഡിംഗിൽ ഒരുക്കിയിട്ടുണ്ട്.
Asha Mahadevan