ജലാശയാപകടങ്ങളുടെ തോത് കുറയ്ക്കാൻ ബോധവത്കരണം തുടരണം : മുഖ്യമന്ത്രി

Spread the love

ഇന്ത്യയിലെ ആദ്യ വനിതാ സ്‌കൂബാ ഡൈവിങ് ആൻഡ് റെസ്‌ക്യൂ ടീം പരിശീലനം പൂര്‍ത്തിയാക്കി
ജലസുരക്ഷയില്‍ വിദഗ്ധ പരിശീലനം നേടിയ സംസ്ഥാന വനിതാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസർമാരിലൂടെ കേരളം രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലസുരക്ഷാ പരിശീലനം പൂര്‍ത്തിയാക്കിയ പതിനേഴംഗ വനിതാ സ്‌കൂബാ ഡൈവിങ് ടീം അംഗങ്ങളുടെ ഉദ്ഘാടനവും ഡൈവിംഗ് ബാഡ്ജ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.രാജ്യത്ത് തന്നെ ആദ്യമായാണ് വനിതകളുടെ നേതൃത്വത്തിലുള്ള ഒരു സ്‌ക്യൂബ ഡൈവിങ് ടീമിനെ രൂപീകരിച്ചിരിക്കുന്നത്. അഗ്‌നിസുരക്ഷാ വകുപ്പിന്റെ കീഴില്‍ ആദ്യമായി വനിതാ ഫയര്‍ ഫോഴ്‌സ് ആന്‍ഡ് റെസ്‌ക്യൂ ഓഫീസർമാരെ നിയമിച്ചത് കഴിഞ്ഞ വര്‍ഷമാണ്. അന്ന് നിയമിതരായ 100 ഓഫീസർമാരില്‍ സാഹസികത ഇഷ്ടപ്പെടുന്ന 17 ഓഫീസര്‍മാര്‍ക്കാണ് സ്‌ക്യൂബ ഡൈവിങ്ങില്‍ പരിശീലനം നല്‍കിയതെന്ന് തൃശ്ശൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസ്സ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി അറിയിച്ചു.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം കേരളത്തില്‍ റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് ജലാശയങ്ങളിലാണ്. കേരളത്തില്‍ പ്രതിവര്‍ഷം ആയിരത്തിലധികം പേര്‍ ജലാശയപകടങ്ങളില്‍ മരണപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫോര്‍ട്ട് കൊച്ചിയില്‍ ജലസുരക്ഷാ പരിശീലന കേന്ദ്രം ആരംഭിച്ചത്. ഇവിടെയാണ് വനിതാ സ്‌കൂബാ ഡൈവിങ് ടീം പരിശീലനം നേടിയത്. 21 ദിവസത്തെ ഓപ്പണ്‍ വാട്ടര്‍ ഡൈവിങ് കോഴ്സും, 11 ദിവസത്തെ അഡ്വാന്‍സ്ഡ് ഓപ്പണ്‍ ഡൈവിങ് കോഴ്‌സുമാണ് ഇവര്‍ പൂര്‍ത്തീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.പരിശീലനം പൂർത്തിയാക്കിയ വനിതാ ഓഫീസർമാർക്ക് 30 മീറ്റര്‍വരെ താഴ്ചയില്‍ രക്ഷാപ്രവര്‍ത്തനം നല്‍കാൻ സാധിക്കും. സംസ്ഥാനത്തെ ജല പരിശീലനകേന്ദ്രം ഇതുവരെ 300 ലധികം പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട് . നാഷണല്‍ ഫയര്‍ സര്‍വീസ് കോളജില്‍ നിന്നു വരെ ഇവിടെ സ്‌കൂബാ ഡൈവിങ് പരിശീലനത്തിന് ഓഫീസർമാർ വരുന്നുണ്ട്. ഇത് കേരളം ഈ മേഖലയില്‍ കൈവരിച്ച മുന്നേറ്റത്തേയാണ് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *