സ്വകാര്യ സര്‍വകലാശാല ബില്ല് സര്‍ക്കാര്‍ പാസാക്കുന്നതിന് മുന്‍പ് മറ്റു സംസ്ഥാനങ്ങളില്‍ സ്വകാര്യ സര്‍വകലാശാലകള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നപ്പോള്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ പഠിക്കണമെന്നും അതിനായി ഈ ബില്ല് ഒരു സെലക്ട് കമ്മിറ്റി വിടണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു കെ.സി.വേണുഗോപാലിന്റെ പ്രതികരണം.
സ്വകാര്യ സര്‍വകലാശാല ബില്ലില്‍ നിയനിര്‍മ്മാണം നടത്തുമ്പോള്‍ അതില്‍ കൃത്യമായ സംവരണ തത്വങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പാവപ്പെട്ടവരുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കാനുള്ള നിര്‍ദ്ദേശം കൃത്യമായി ഉള്‍പ്പെടുത്തണം. ഉട്ട്യോപ്യന്‍ ആശയങ്ങള്‍ വെച്ച് സിപിഎം പതിറ്റാണ്ടുകളാണ് കേരളത്തെ പിറകോട്ടടിച്ചത്. കേരളത്തിന്റെ ഒന്നോ രണ്ടോ മുന്‍ തലമുറകള്‍ക്ക് കൂടി ലഭിക്കുമായിരുന്ന ആധുനിക വിദ്യാഭ്യാസ സൗകര്യത്തെ പാടേ ഇല്ലാതാക്കുകയുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. സംസ്ഥാനത്തിന്റെ ഒരു തലമുറയെ വിദേശത്തേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ച, നിര്‍ബന്ധിതമാക്കിയ സര്‍ക്കാരാണ് ഇപ്പോള്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പട്ടുപരവതാനി വിരിക്കുന്നത്. കരുണാകരന്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വരെ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികള്‍ക്ക് ക്രെഡിറ്റ് ലഭിക്കാതിരിക്കാനും കാലങ്ങളായി സ്വീകരിച്ചുപോന്ന വികസന വിരുദ്ധ നയസമീപനത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കാനും സിപിഎം ജാഗ്രത കാണിച്ചപ്പോള്‍, വഞ്ചിക്കപ്പെട്ടത് കേരളത്തിന്റെ യുവതയാണ്.വൈകിയുദിച്ച വിവേകമാണെങ്കിലും ഇത്രയും നാള്‍ കാട്ടിയ വഞ്ചനയ്ക്ക് കേരളത്തിലെ യുവാക്കളോടും മുന്‍ തലമുറകളോടും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും മാപ്പിരക്കണമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസിസ്റ്റിന്റെ പൂര്‍ണ്ണം രൂപം.
കേരളത്തിലെ സിപിഎം നേതാക്കളോടാണ്. നിങ്ങള്‍ നിങ്ങളുടെ കേരളത്തിലുടനീളമുള്ള പാര്‍ട്ടി ഓഫീസുകള്‍ വെറുതെയെങ്കിലുമൊന്ന് കാര്യമായി പരിശോധിക്കണം. പണ്ട് നിങ്ങള്‍ സംഘടിപ്പിച്ച പരിപാടികളുടെ പഴയ ബാനറുകള്‍ ഓഫീസുകളില്‍ എവിടെയെങ്കിലും കാണാന്‍ സാധിക്കും. പറ്റുമെങ്കില്‍ അതിന്റെ അവശിഷ്ടങ്ങള്‍ ഇല്ലാതാക്കുകയെങ്കിലും ചെയ്യണം. ഇല്ലെങ്കില്‍ സ്വപ്നങ്ങളിലെങ്കിലും അതിന്റെ ഓര്‍മ്മകള്‍ വന്ന് തികട്ടും. അത് നിങ്ങളുടെ ഉറക്കം കെടുത്തും. അതുകൊണ്ട് മാത്രമാണ്.
ഓര്‍മ്മകള്‍ എന്ന് പറയുമ്പോള്‍, അതിന് 30 വര്‍ഷത്തെ ചരിത്രമുണ്ട്. അല്ലെങ്കില്‍ കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ മൂന്ന് പതിറ്റാണ്ടുകള്‍. ഇതിനിടയില്‍ എത്രവട്ടമാണ് നിലപാടുകളില്‍ വെള്ളം ചേര്‍ത്തതെന്നും ആ രക്തസാക്ഷിത്വത്തെ ഒറ്റുകൊടുത്തതെന്നും സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ഓര്‍ത്തെടുക്കണം. സിപിഐഎം മറന്നാലും മറന്നുവെന്ന് നടിച്ചാലും അത്ര പെട്ടെന്ന് മറക്കാന്‍ കഴിയാത്തതാണ് കൂത്തുപറമ്പെന്ന ചരിത്രം. പരിയാരം സഹകരണ മെഡിക്കല്‍ കോളേജിനെ അട്ടിമറിച്ച് സ്വകാര്യ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് അന്ന് ഡിവൈഎഫ്‌ഐ തെരുവിലിറങ്ങിയത്. അഞ്ച് രക്തസാക്ഷികളാണ് കേരളത്തിന്റെ തെരുവിലുണ്ടായത്. അന്നുമുതല്‍ ഇന്നുവരെ സിപിഎം ആ രക്തസാക്ഷിത്വം ആഘോഷിച്ചു. ഒടുവില്‍ പുഷ്പനും വിടവാങ്ങിയതോടെ മുതലാളിത്ത സമ്പദ് വ്യവസ്ഥയില്‍ സ്വകാര്യ മൂലധനം സ്വീകരിക്കാമെന്ന, സ്വകാര്യ സര്‍വകലാശാലകളാവാം എന്ന നിലപാടുകളിലേക്ക് സിപിഎം എത്തിച്ചേര്‍ന്നു.
ശേഷം, കേരളത്തിന്റെ മനസ്സാക്ഷി മുഴുവന്‍ മരവിച്ച ഒരു രംഗമുണ്ടായി. അതിന് ഒമ്പത് വയസ്സുണ്ട്. മലയാളികളുടെ മുഴുവന്‍ അഭിമാനമായ ഒരു നയതന്ത്രജ്ഞനെ, ടി.പി. ശ്രീനിവാസനെ തെരുവിലിട്ട് ക്രൂരമായി അടിച്ചുവീഴ്ത്തിയ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് എസ്എഫ്‌ഐ എന്നാണ് പേര്. സ്വകാര്യ സര്‍വകലാശാല എന്ന ആശയം മുന്നോട്ടുകൊണ്ടുവന്നതിന്റെ പേരില്‍ മാത്രം അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനായിരുന്ന വ്യക്തി നേരിടേണ്ടി വന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധതയാണ്. തൊണ്ണൂറുകളില്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തും, 2001ല്‍ എ.കെ ആന്റണി പ്രൊഫഷണല്‍ കോഴ്‌സുകള്‍ സ്വാശ്രയ മേഖലയില്‍ അവതരിപ്പിച്ചപ്പോഴും പിന്നീട് ഉമ്മന്‍ ചാണ്ടി ഭരിക്കുമ്പോള്‍ സര്‍ക്കാര്‍ എയ്ഡഡ് കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാന്‍ തീരുമാനിച്ചപ്പോഴും നടത്തിയ സമരങ്ങള്‍ തൂത്താലോ മായ്ച്ചാലോ ഇല്ലാതാകുമോ? അന്ന് ടി.പി. ശ്രീനിവാസനെ വിദേശ ഏജന്റ് എന്നും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിനെയും കേരളാ വിരുദ്ധരെന്നും അവതരിപ്പിച്ച പ്രസംഗങ്ങളും വാര്‍ത്താസമ്മേളനങ്ങളും ഇന്നത്തെ മുഖ്യമന്ത്രിക്കും ഓര്‍മയിലുണ്ടാവണം.
ഉട്ട്യോപ്യന്‍ ആശയങ്ങള്‍ വെച്ച് സിപിഎം എത്ര പതിറ്റാണ്ടുകളാണ് കേരളത്തെ പിറകോട്ടടിച്ചതെന്ന് നമ്മളും ഓര്‍ക്കണം. കേരളത്തിന്റെ ഒന്നോ രണ്ടോ മുന്‍ തലമുറകള്‍ക്ക് കൂടി ലഭിക്കുമായിരുന്ന ആധുനിക വിദ്യാഭ്യാസ സൗകര്യത്തെ പാടേ ഇല്ലാതാക്കുകയുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. സംസ്ഥാനത്തിന്റെ ഒരു തലമുറയെ വിദേശത്തേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ച, നിര്‍ബന്ധിതമാക്കിയ സര്‍ക്കാരാണ് ഇപ്പോള്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പട്ടുപരവതാനി വിരിക്കുന്നത്. കരുണാകരന്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വരെ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികള്‍ക്ക് ക്രെഡിറ്റ് ലഭിക്കാതിരിക്കാനും കാലങ്ങളായി സ്വീകരിച്ചുപോന്ന വികസന വിരുദ്ധ നയസമീപനത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കാനും സിപിഎം ജാഗ്രത കാണിച്ചപ്പോള്‍, വഞ്ചിക്കപ്പെട്ടത് കേരളത്തിന്റെ യുവതയാണ്. കമ്പ്യൂട്ടര്‍ മുതല്‍ അത് നിര്‍ബാധം തുടരുകയാണ്. വൈകി എത്ര വട്ടം വിവേകമുദിച്ചാലും വഞ്ചന, വഞ്ചന തന്നെയാണെന്ന് കേരളത്തിന് ബോധ്യമുണ്ട്.
അങ്ങേയറ്റം കാപട്യം നിറഞ്ഞ ഈ പ്രവൃത്തി കൊണ്ട് നഷ്ടപ്പെട്ടതൊന്നും തിരിച്ചുകിട്ടില്ല. കേരളത്തിലെ യുവാക്കളോട്, മുന്‍ തലമുറകളോട് ചെയ്തുപോയ ചതിക്ക് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും മാപ്പിരക്കണം.
സ്വകാര്യ സര്‍വകലാശാല ബില്ലില്‍ നിയനിര്‍മ്മാണം നടത്തുമ്പോള്‍ അതില്‍ കൃത്യമായ സംവരണ തത്വങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പാവപ്പെട്ടവരുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കാനുള്ള നിര്‍ദ്ദേശം ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും മറ്റു സംസ്ഥാനങ്ങളില്‍ സ്വകാര്യ സര്‍വകലാശാലകള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നപ്പോള്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനുമായി ഒരു സെലക്ട് കമ്മിറ്റി വിട്ടത്തിന് ശേഷം മാത്രമെ സ്വകാര്യ സര്‍വകലാശാല ബില്ല് സര്‍ക്കാര്‍ പാസാക്കാവു.അതിനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ടാവണം ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചുവടുവെയ്പ്പിലേക്ക് നാം കടക്കേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുന്നു.