വോക്‌സ് വാഗണെ ഓടിച്ചു നിക്ഷേപ സംഗമം കാലത്തിന്റെ മധുര പ്രതികാരമെന്ന് കെ സുധാകരന്‍ എംപി

Spread the love

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2012ല്‍ നടത്തിയ നിക്ഷേപ സംഗമം ബഹിഷ്‌കരിക്കുകയും ഹര്‍ത്താലാചരിക്കുകയും നിക്ഷേപകരെ ഓടിക്കുകയും ചെയ്ത സിപിഎം 13 വര്‍ഷത്തിനുശേഷം നിക്ഷേപ സംഗമം നടത്തുന്നതു കാലത്തിന്റെ മധുര പ്രതികാരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സിപിഎമ്മിൻ്റെ ഈ മനംമാറ്റത്തെ സ്വാഗതം ചെയ്യുന്നു.

2012 സെപ്റ്റംബര്‍ 12,13,14 തീയതികളില്‍ കൊച്ചിയില്‍ നടന്ന നിക്ഷേപ സംഗമം ഇടതുപക്ഷം ബഹിഷ്‌കരിച്ചു. കേരളം വില്‍ക്കപ്പെടുന്നു എന്നായിരുന്നു അന്നു സിപിഎം പ്രചാരണം. നിശാക്ലബ്ബുകള്‍ വരുന്നു, തിരുവനന്തപുരത്തെ ചന്ദ്രശേഖര്‍നായര്‍ സ്റ്റേഡിയം വില്‍ക്കുന്നു, കേരളത്തിന്റെ മണ്ണും പുഴയും വില്ക്കുന്നു തുടങ്ങിയ ഫ്‌ളെക്‌സുകള്‍ കേരളമൊട്ടാകെ നിരന്നു. നിക്ഷേപ സംഗമം നടന്ന കൊച്ചി പ്രതിഷേധക്കടലായി. വിദേശത്തുനിന്ന് പറന്നിറങ്ങിയ നിക്ഷേപകര്‍ റോഡ് തടയലും കോലം കത്തിക്കലും ഉള്‍പ്പെടെയുള്ള പ്രാകൃതമായ സമരമുറകള്‍ക്ക് സാക്ഷികളായി. ഇതെല്ലാം പോരാഞ്ഞിട്ട് ഒരു ദിവസം ഹര്‍ത്താലും നടത്തി. നിക്ഷേപത്തിനു വന്ന വോക്‌സ് വാഗണ്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ ജീവനും കൊണ്ടോടി.

പ്രധാനമന്ത്രി ഡോ മന്‍മോഹിന്‍സിംഗാണ് അന്ന് പരിപാടി ഉദ്ഘാടനം ചെയ്തത്. 42 രാജ്യങ്ങള്‍, ലോകമെമ്പാടുംനിന്ന് 2500 പ്രതിനിധികള്‍, പ്രധാനമന്ത്രി ഉള്‍പ്പെടെ പത്തു കേന്ദ്രമന്ത്രിമാര്‍. 21 അറബ് രാജ്യങ്ങളില്‍നിന്നും അമേരിക്ക, ഹോളണ്ട്, ടര്‍ക്കി എന്നിവിടങ്ങളില്‍നിന്നു് അംബാസിഡര്‍മാര്‍. ബ്രിട്ടന്‍ ഓസ്‌ട്രേലിയ, ബ്രൂണെ, മൗറീഷ്യസ് എന്നിവിടങ്ങളിലെ ഹൈക്കമ്മീഷണര്‍മാര്‍. കാനഡ, ബ്രിട്ടന്‍, ചൈന എന്നിവിടങ്ങളില്‍നിന്ന് പ്രതിനിധി സംഘം. ലോകത്തെ 16ഉം രജ്യത്തെ 19 ഉം കമ്പനികളുടെ മേധാവികള്‍. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍നിന്ന് എത്തിയ 35 മാധ്യമ പ്രവര്‍ത്തകര്‍. എല്ലാവരും കേരളത്തിന്റെ കുപ്രസിദ്ധമായ ഹര്‍ത്താലും സമരമുറകളും നേരിട്ടു കണ്ടു.

മറ്റു സംസ്ഥാനങ്ങളില്‍ നിക്ഷേപ സംഗമം ഒരു തുടര്‍ പ്രക്രിയയാണ്. സര്‍ക്കാരുകള്‍ മാറിയാലും നിക്ഷേപ സംഗമം തുടരുന്നു. കര്‍ണാടകത്തില്‍ ഈ മാസം നടന്ന നിക്ഷേപസംഗമത്തില്‍ 5 ലക്ഷം കോടിയുടെ നിക്ഷേപമെത്തി. 2024ല്‍ തമിഴ്‌നാട് നിക്ഷേപ സംഗമം നടത്തി 6.64 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചു. ഗുജറാത്ത്, ഒഡീഷ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളും തുടര്‍ച്ചയായി നിക്ഷേപ സംഗമം നടത്തുന്നു.

2003ല്‍ എകെ ആന്റണി സര്‍ക്കാര്‍ തുടക്കമിട്ടതാണ് കേരളത്തിലെ നിക്ഷേപ സംഗമം. ഒന്‍പതു വര്‍ഷം കഴിഞ്ഞാണ് 2012ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അടുത്ത സംഗമം നടത്തിയത്. 2025ല്‍ പിണറായി സര്‍ക്കാര്‍ നിക്ഷേപ സംഗമം നടത്തുമ്പോള്‍ അതിനെ വളരെ വൈകി വന്ന വിവേകമെന്നു വിശേഷിപ്പിക്കാമെന്നു സുധാകരന്‍ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *