ആശാവര്‍ക്കര്‍മാരുടെ സമരം അതിജീവനത്തിനുള്ളതാണെന്നും അതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി
കഴിഞ്ഞ 13 ദിവസമായി ആശാവര്‍ക്കര്‍മാര്‍ സമരത്തിലാണ്. പിഎസ് സി അംഗങ്ങള്‍ക്കും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും ശമ്പളവും ഡല്‍ഹിയിലെ കേരള പ്രതിനിധിക്ക് വാര്‍ഷിക യാത്രാ ബത്തയും വര്‍ധിപ്പിക്കാന്‍ അത്യുത്സാഹം കാട്ടിയ മുഖ്യമന്ത്രിയും സര്‍ക്കാരും ആശാവര്‍ക്കര്‍മാരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്. മനുഷ്യത്വപരമായ സമീപനം ഇവരുടെ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ശമ്പള വര്‍ധനവ്,വിരമിക്കല്‍ ആനുകൂല്യം എന്നീ അവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം. ആശാവര്‍ക്കര്‍മാരുടെ സമരത്തോട് വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നത് കടുത്ത അനീതിയാണ്. വിലക്കയറ്റത്തില്‍ ജീവിതച്ചെലവ് വര്‍ധിച്ച് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഓണറേറിയമായി നല്‍കുന്ന 7000രൂപ കൊണ്ട് ജീവിക്കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. കേരളത്തിന്റെ പുകഴ്‌പെറ്റ സാമൂഹിക ആരോഗ്യ രംഗത്തെ മുന്നണിപോരാളികളാണ് ആശാവര്‍ക്കര്‍മാര്‍. കോവിഡും നിപ്പയും ഉണ്ടായപ്പോള്‍ അവരുടെ സേവനത്തിന്റെ മഹത്വം കേരളം തിരിച്ചറിഞ്ഞതാണ്. എന്നാല്‍ അത് മനസിലാക്കാത്തത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ്.
മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും ഒറ്റക്കെട്ടായി ആശാവര്‍ക്കര്‍മാരെ കൈവിട്ടതുകൊണ്ടാണ് നടുത്തെരുവില്‍ അവര്‍ക്ക് സമരം ചെയ്യേണ്ടിവന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.