സംസ്ഥാന പട്ടികജാതി പട്ടികവർഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പായ കിർടാഡ്സിന്റെ പരിശീലന പരിപാടി സന്ദർശിച്ച പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു വകുപ്പിന്റെ നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനവും വകുപ്പ് തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനവും നിർവഹിച്ചു.
കിർടാഡ്സ് പരിശീലന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ എസ് പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ‘തച്ചനാടൻ മൂപ്പൻ ഗോത്രജനത: ജീവിത ചുറ്റുപാടുകൾ സാമൂഹ്യ-സാംസ്കാരിക സവിശേഷതകൾ’ എന്ന പുസ്തകമാണ് പ്രകാശിപ്പിക്കപ്പെട്ടത്.
ഗോത്രജനതയുടെ സംസ്കാരത്തേയും പാരമ്പര്യ അറിവുകളേയും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വികസനസങ്കൽപങ്ങളാണ് വേണ്ടതെന്ന് മന്ത്രി കേളു അഭിപ്രായപ്പെട്ടു.
വകുപ്പ് ഡയറക്ടർ ഡോ. എസ് ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരവാലൻ ഗോത്ര ജനതയുടെ തനത് കലാരൂപം അവതരിപ്പിച്ചു. ഗോത്രകലാകാരായ ബാലൻ നൻമണ്ട, രാജി രാഘവൻ, സുബ്രമണ്യൻ, ചെടയൻ, ചെല്ലി, അയ്യപ്പൻ വി കെ എന്നിവരെ ആദരിച്ചു.
കിർടാഡ്സ് പരിശീലന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 17 മുതല്‍ ഇരവാലന്‍ ഗോത്രജനതയുടെ പാരമ്പര്യ കലാ പഠന കളരി, പട്ടികവര്‍ഗ ജനസമൂഹങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ക്കുള്ള സാഹിത്യ ക്യാമ്പ്, സാമൂഹിക-സാമ്പത്തിക ഭദ്രതയ്ക്ക് തദ്ദേശീയ ഭക്ഷ്യ പാരമ്പര്യത്തെ
പ്രയോജനപ്പെടുത്തുന്നതിന് പട്ടികവര്‍ഗക്കാരായ യുവതി യുവാക്കള്‍ക്കുള്ള പരിശീലനം എന്നിവ കിർടാഡ്സ് ക്യാമ്പസില്‍ നടന്നു വരികയാണ്. നരവംശശാസ്ത്ര വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സുഭാഷ് വി എസ്, വികസന വകുപ്പ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സന്ധ്യ ശേഖർ തുടങ്ങിയവർ പങ്കെടുത്തു.
പരിശീലന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രദീപ്കുമാർ കെ എസ് സ്വാഗതവും കിർടാഡ്സ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അനീഷ് ടി നന്ദിയും പറഞ്ഞു.