ഫ്ലോറിഡയിലെ മലയാളി നഴ്സിനോടുള്ള ആക്രമണം : ഒരു നഴ്സിന്റെ ശിഥില ചിന്തകൾ – പോൾ ഡി പനയ്ക്കൽ

Spread the love

വളരെ വിഷമത്തോടെയും സങ്കടത്തോടെയും ആശയക്കുഴപ്പത്തോടെ യുമായിരുന്നു ഫ്‌ളോറിഡയിൽ മലയാളി നഴ്സ് ഒരു രോഗിയുടെ നിഷ്ട്ടൂരവും മൃഗീയവുമായ ശാരീരികാക്രമണത്തിനു വിധേയയായി ജീവനു വേണ്ടി മല്ലിടുന്നുവെന്ന ടെലിവിഷൻ “ബ്രേക്കിംഗ് ന്യൂസ്” ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് വഴി അറിഞ്ഞത്. നഴ്സിനെ ഹെലികോപ്റ്ററിൽ അടുത്ത ട്രൗമാ സെന്ററിലേക്ക് പെട്ടെന്ന് മാറ്റിയെന്നും വാർത്തയിൽ ഉണ്ടായിരുന്നു. അവരുടെ മുഖത്തെ എല്ലാ എല്ലുകളും ഒടിഞ്ഞുവെന്നാണ് വാർത്തകളിൽ കേൾക്കുന്നത്. രണ്ടുകണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം. പ്രിയപ്പെട്ട ആ നഴ്സിന്റെ ആരോഗ്യ നില അതിവേഗം തിരിച്ചുവരുവാൻ പ്രാർഥിക്കുന്നു. അവരെ സഹായിക്കുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും മറ്റു സ്റ്റാഫിനും വിജയം നേരുന്നു.
അക്രമിയെ അറസ്റ്റ് ചെയ്തുവെന്നും രണ്ടാം ഡിഗ്രി കൊലപാതകശ്രമക്കുറ്റവും ഹേറ്റ് ക്രൈമും ചുമത്തിയെന്നും അറിയുന്നു (ഇന്ത്യക്കാരിയോടുള്ള വിധ്വേഷകുറ്റം ആയിരിക്കാം). നിയമനീക്കങ്ങളും നീതിന്യായവും അതിന്റേതായ വഴിയിലൂടെ നീങ്ങും. ഒരു നഴ്സിനെ ആക്രമിക്കുന്നത് ആരും നിസ്സാരമായി കാണുന്നില്ല. അമേരിക്കയിലെ നാല് ദശലക്ഷം വരുന്ന നഴ്സിംഗ് കമ്മ്യൂണിറ്റിയും മെഡിക്കൽ കമ്മ്യൂണിറ്റിയും നീതിന്യായ സംവിധാനവും നിയമനിര്മാതാക്കളും ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള അക്രമത്തെ അതി ഗൗരവമായി മാത്രമേ കാണുന്നുള്ളൂ എന്ന് തീർച്ച. എന്നിരുന്നാലും നിയമം ഈ സംഭവത്തെ ഒരു ഏക സംഭവമായി മാത്രമേ കൈകാര്യം ചെയ്യുകയുള്ളൂ. സ്റ്റീഫൻ സ്കാൻഡെൽബറി എന്ന അക്രമിക്കെതിരെ നീതിന്യായ സംവിധാനം എങ്ങനെ നടപടി എടുക്കുമെന്ന് കണ്ടറിയണം.
അത്യാക്രമണത്തിനിരയായ നഴ്സ് നീണ്ട വര്ഷങ്ങളിലെ സുസ്രൂഷാ സേവനത്തിനു ശേഷം വിശ്രമ ജീവിതം പ്ലാൻ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് അവരുടെ പ്രായത്തിൽ നിന്ന് ഈ ലേഖകൻ അനുമാനിക്കുന്നത്. ഔദ്യോഗിക ജീവിതത്തിൽ, വ്യക്തിജീവിതത്തിലെ നല്ല സമയത്തിലെ വലിയൊരു ഭാഗം, മറ്റുള്ളവരുടെ ആശ്വാസത്തിനും വേദന അകറ്റാനും രോഗികളെ അവരുടെ ആരോഗ്യനില വീണ്ടെടുക്കുന്നതിന് സഹായിച്ചും ശരീരം കൊണ്ടും മനസ്സുകൊണ്ടും ത്യാഗം ചെയ്ത്, പരോപകാരപ്രദമായ ജീവിതത്തിന്റെ ചാരിതാർഥ്യം നൽകുന്ന ഓർമ്മകളുമായാണ് ഒരു നേഴ്സ് പ്രൊഫഷണൽ ജീവിതത്തിൽ നിന്ന് വിരമിക്കുന്നത്; ആരോഗ്യത്തോടെ തങ്ങളുടെ പ്രിയപ്പെട്ടവരുമായി ഉൽകൃഷ്ഠവും ധന്യവുമായ ഒരു ജീവിതസ്വപ്നവുമായി. എന്നാൽ മാനസികാഘാതവും അംഗക്ഷതവും അനുഭവിച്ച്, തീരാത്ത വേദനയുമായി ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങേണ്ട അവസ്ഥയാണെങ്കിലോ? അക്രമത്തിനിരയായ നമ്മുടെ നഴ്സിന് പൂർണ്ണാരോഗ്യം തിരിച്ചുകിട്ടും; അനുഗ്രഹപൂര്ണമായ വിശ്രമജീവിതം ലഭിക്കും എന്ന ശുഭാപ്തിവിശ്വാസവും ശുഭപ്രതീക്ഷയും സൂക്ഷിച്ചുകൊണ്ടാണീ കുറിപ്പെഴുതുന്നത്.
ഇതെഴുതുന്നയാൾ ഒരു സൈക്കയാട്രിക് നഴ്സ് ആണ്. അനേക വർഷങ്ങൾ സൈക്കയാട്രിക് എമെർജൻസിയിലും തുടർന്ന് രോഗികളെ ചികിൽസിച്ചു സുഖപ്പെടുത്തി, അല്ലെങ്കിൽ സുരക്ഷതയ്ക്കു ഭംഗം വരുത്താവുന്ന രോഗലക്ഷണങ്ങളെ നിയന്ത്രിച്ച് അവരെ സമൂഹത്തിലേക്ക് തിരിച്ചു വിടുന്ന ഇൻപേഷ്യന്റ് യൂണിറ്റുകളിലും ജോലി ചെയ്ത ഒരു നഴ്സ്. മെഡിക്കൽ, സർജിക്കൽ, ഇന്റെൻസീവ് കെയർ തുടങ്ങിയ യൂണിറ്റുകളിൽ ജോലി ചെയ്യുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു സൈക്കയാട്രിക് യൂണിറ്റിലെ നഴ്സുമാർ കുറച്ചു കൂടി തിരക്ക് കുറഞ്ഞ ജോലി സാഹചര്യത്തിലാണ് ജോലി ചെയ്യുന്നതെന്നാണ് എന്റെ അനുഭവം. പക്ഷെ മറുവശത്ത് സൈക്കയാട്രിയിൽ ജോലി ചെയ്യുന്ന ഓരോ നഴ്സും “ഈ ദിനം സുരക്ഷിതമായിരിക്കണേ; സുരക്ഷിതമായി തിരിച്ചെത്തണെ” എന്ന പ്രാർത്ഥനയോടെ മാത്രമേ ജോലിക്കു പുറപ്പെടുകയുള്ളൂ. മറ്റു നഴ്സുമാർ പ്രാർത്ഥിച്ചിട്ടല്ലാ പുറപ്പെടുന്നതെന്നല്ല ഇവിടെ വിവക്ഷ. ഓരോരുത്തർക്കും അവരവരുടേതായ സംകീർണ്ണതകൾ ജോലിസ്ഥലത്തുണ്ട്. എന്നാൽ, അക്രമവും പരിക്കിനുള്ള സാധ്യതയും സൈക്കയാട്രിയിൽ കൂടുതലാണ്.
മാനസിക രോഗമുള്ളവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തരുതെന്നും മറ്റു ശാരീരിക രോഗം പോലെ തന്നെ വിഷമത അനുഭവിക്കുന്നവരാണവർ; അവരെ സഹാനുഭൂതിയോടെ മാത്രം കാണണമെന്ന നിര്ബന്ധിതയ്ക്ക് കൂടുതൽ കൂടുതൽ ബലം വന്നു കൊണ്ടിരിക്കുന്ന ഒരു സമയമാണിപ്പോൾ. സൈക്കയാട്രിക് യൂണിറ്റുകൾ നിയന്ത്രണങ്ങൾ എത്രത്തോളം ഒഴിവാക്കാമോ അത്രത്തോളം ഒഴിവാക്കണം എന്ന വാദം പൊതുവെ സ്വീകാര്യമായി വരുന്ന സമയം. അതെ സമയം ഒക്ക്യൂപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത് അഡ്മിനിസ്ട്രേഷൻ, ജോയിന്റ് കമ്മീഷൻ തുടങ്ങിയ നിയന്ത്രണ ഏജൻസികൾ ചികിത്സാസ്ഥാപനങ്ങളിലെ ജോലിക്കാർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്തണമെന്ന നിഷ്കര്ഷകളും ഏർപ്പെടുത്തിയിട്ടുണ്ട്. അപകടസാധ്യതയുള്ള രോഗികളോട് മാനുഷികമായി പെരുമാറുകയും സുരക്ഷ നിലനിർത്തുകയും ചെയ്യുമ്പോൾ രണ്ട് ലക്ഷ്യങ്ങളും എങ്ങനെ നേടാം എന്നതാണ് വെല്ലുവിളി.
മാനസിക പ്രശ്നങ്ങളുമായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നവരുടെ ജീവിതം കഴിയുന്നിടത്തോളം സാധാരണമാക്കുക എന്ന ഉദ്ദേശ്യത്തോടെ, കുറഞ്ഞ സുരക്ഷിതത്വത്തോടെയുള്ള ‘ഓപെൺ യൂണിറ്റുകളും’ വ്യക്തികളുടെ സമ്മതമില്ലാതെ നിര്ബന്ധമായി ചികിത്സയ്ക്ക് വിധേയമായവരുടെ ‘ലോക്ക്ഡ് യൂണിറ്റുകളും’ ഹൈ റിസ്ക് വ്യക്തികൾക്കുള്ള “ഹൈ സെക്യൂർ” യൂണിറ്റുകളും പല സ്ഥലങ്ങളിലുമുണ്ടെങ്കിലും അനുപാതമില്ലാത്തവിധത്തിലോ ഹോസ്പിറ്റലുകളുടെ സൗകര്യങ്ങൾക്കതീതമായോ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികളെ ചികില്സിക്കുന്നതിന് പ്രതീക്ഷകൾക്കും താല്പര്യങ്ങൾക്കും അപ്പുറത്ത് യൂണിറ്റുകളുടെ സജ്ജമല്ലാത്ത അവസ്ഥയിലും രോഗികളെ ചികിൽസിക്കാൻ നിർബന്ധിതമാകും പലപ്പോഴും ഹോസ്പിറ്റലുകൾ. സ്റ്റാഫിന്റേയും രോഗികളുടെയും സുരക്ഷിതത്വം തന്നെ അവിടെ പ്രവചിക്കുവാനാവാത്ത വിധം വിട്ടുവീഴ്ചയ്ക്ക് വിധേയമാക്കപ്പെടുകയാണ്.
മാനസിക രോഗമുള്ളവരെയെല്ലാം ആരോഗ്യപരമായി വിശാലമായ ഒരു കാറ്റഗറിയിൽ ലോകം പെടുത്തിയിട്ടുണ്ടെങ്കിലും വളരെ വ്യത്യസ്തവും വ്യതിരിക്തവുമായ ഡയഗ്നോസിസുകളും വ്യത്യസ്തമായ രോഗലക്ഷണങ്ങളും അവരെ വിവേചിതരാക്കുന്നു. വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും പലരെയും ക്ലേശങ്ങളിലേക്കും ആശങ്കകളിലേക്കും നയിക്കുമ്പോൾ പലർക്കും ജീവിതത്തോടുള്ള സമീപനം മാറുകയും വിഷാദരോഗത്തിനടിമയാക്കുകയും ചെയ്യാറുണ്ട്. വ്യക്തമായി ചിന്തിക്കുന്നതിനോ സ്വന്തം ദൈനം ദിന കാര്യങ്ങൾ നിറവേറ്റുന്നതിനോ വ്യക്തിപരമായും ഔദ്യോഗികമായും സാമൂഹ്യമായുമുള്ള കടപ്പാടുകളിൽ ശ്രദ്ധിക്കാൻ പോലും പലരും പരാജയപ്പെടുന്നു. ചിലർക്ക് ജീവിതത്തിന് അർത്ഥമില്ലാത്തതും മൂല്യമില്ലാത്തതും പ്രതീക്ഷയില്ലാത്തതുമായ നിസ്സഹായാവസ്ഥയിൽ എത്തുമ്പോൾ ചിലർ ജീവിതം തന്നെ അവസാനിപ്പിക്കാൻ ഗൗരവപൂർവ്വം ചിന്തിക്കുകയോ പ്ലാൻ ഇടുകയോ ചെയ്യും. മറ്റു ചിലർ ജനിതകമായോ പാരമ്പര്യമായോ വിട്ടുമാറാത്ത വിഷാദ രോഗം ബാധിച്ച് ജീവിതവും ആല്മഹത്യയുമായി മല്ലിടുന്നവർ. ഇവരെല്ലാവരും, വ്യക്തിപരമായ ദുർസ്വഭാവക്കാർ ഒഴികെ, മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്നില്ല. അവർക്കാവശ്യം സ്വീകാര്യതയും സ്വാഗതം നൽകുന്ന പോസിറ്റീവ് അന്തരീക്ഷവും പിന്തുണയുമാണ്. മറ്റുള്ളവരുടെ സുരക്ഷയ്ക്ക് ഭീഷണി അല്ലാത്ത അവരെ ഭീകരമായ മാനസികരോഗ ലക്ഷണങ്ങളുള്ളവരുമായി ഒരു സ്ഥലത്തു ചികില്സിക്കുന്നത് ആരോഗ്യകരമല്ല.
യാഥാർത്ഥമല്ലാത്ത കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുക, മറ്റുള്ളവരെല്ലാം തനിക്കെതിരാണെന്നും സ്വന്തം സുരക്ഷിതത്വത്തിന് ചിലർ ഭീഷണിയാണെന്നും ഭ്രമണാൽമകതയിൽ നിന്നുള്ള, കാരണമില്ലാതെ, അടിസ്ഥാനമില്ലാത്ത സംശയങ്ങളും പല മാനസിക രോഗികളെയും മറ്റുള്ളവർക്ക് ഭീഷണിയാക്കി മാറ്റുന്നു. അവരുടെ രോഗശാന്തിക്കും സുഖപ്രാപ്തിക്കും അതിനനുസരിച്ചുള്ള ചികിത്സാപരമായ (തെറാപ്യൂട്ടിക്) അന്തരീക്ഷമാണ് വേണ്ടത്. സെക്യൂരിറ്റി, പോലീസ് യൂണിഫോമുകൾ സംശയരോഗികളെ കൂടുതൽ സംശയാലുക്കളാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും അവരെ രോഗികളുടെ സമീപത്തു നിന്ന് മാറ്റണം എന്ന പ്രവണതയാണ് വർധിക്കുന്നത്. സംശയാലുക്കളും ഭീകരരുമായ രോഗികളുമായി വിശ്വാസം സ്ഥാപിച്ച് അവരുമായി ക്രിയാത്‌മകമായി ഇടപഴകുന്നതിന് പരിശീലനം നേടിയ സ്റ്റാഫ് പല സ്ഥാപനങ്ങളിലും അക്രമം കുറയ്ക്കുന്നതിന് സഹായമാകുന്നുണ്ട്. പക്ഷെ, കഠിനമായ ഭ്രമാൽകതയുള്ളവരും സാമൂഹ്യവിരുദ്ധതയുള്ളവരും നഴ്സുമാരടങ്ങുന്ന ആരോഗ്യ പ്രവർത്തകർക്ക് പേടിസ്വപ്നമായി തുടരുന്നു.
ആരോഗ്യപ്രവർത്തകർ ജോലി സ്ഥലത്തു അനുഭവിക്കുന്ന ശാരീരിക അക്രമവും ആക്രമണങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ല. അക്രമം തടയുന്നതിനുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെ ശ്രമങ്ങളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമ്പോളും അക്രമ സംഭവങ്ങളുടെ നിരക്കിൽ അതിനേക്കാൾ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാൽപ്പത്തിനാല് ശതമാനത്തിൽ അധികം നഴ്സുമാർ ശാരീരികാക്രമണത്തിനു വിധേയമായിട്ടുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്. അറുപത്തിയേഴു ശതമാനം നഴ്സുമാർ വിവിധ തരത്തിലുള്ള അധിക്ഷേപം അനുഭവിച്ചവരാണ്. ചീത്ത പറച്ചിൽ, ലൈംഗികച്ചുവയുള്ള സംസാരം, വംശീയ വിദ്വേഷം, കുടിയേറ്റക്കാരോടുള്ള വിദ്വേഷം, വാക്കുകൾ കൊണ്ടുള്ള പീഢനം, അങ്ങനെ പോകുന്നു മാനസികമായും വൈകാരികമായും ക്ഷതമേല്പിക്കുന്ന ശാരീരികമല്ലാത്ത അക്രമങ്ങൾ. പലരും അവരുടെ അനുഭവങ്ങൾ റിപ്പോർട്ട് ചെയ്യാറില്ല. വിശാലമനസ്കതയും രോഗികളോടുള്ള സഹാനുഭൂതിയും ചേർന്ന് “അവർ രോഗികളല്ലേ”, “അവർ മനസ്സറിഞ്ഞു ചെയ്യുന്നതല്ല”, തുടങ്ങിയ കമന്റുകളിൽ ആക്രമണത്തിന് ഇരയായ പല നഴ്സുമാരും അവരുടെ വിഷമത്തെ സാധൂകരിക്കുന്നത് ഈ ലേഖകൻ കേട്ടിട്ടുണ്ട്. ശാരീരികമായി ആക്രമിക്കപ്പെട്ട് എമർജൻസി റൂമിൽ ചികിത്സ തേടേണ്ടി വന്ന പല നഴ്സുമാരും കേസെടുക്കാൻ വന്ന പോലീസ് ഓഫീസർമാരെ “ഐ ഡോണ്ട് വാണ്ട് ടു പ്രെസ്സ് ചാർജസ്” എന്നു പറഞ്ഞു തിരിച്ചയച്ചത് എനിക്ക് നേരിട്ടറിയാം.
നഴ്സുമാരെ കയ്യേറ്റത്തിൽ നിന്നും അധിക്ഷേപത്തിൽ നിന്നും സംരക്ഷിക്കാൻ മാനേജ്‌മന്റ് വേണ്ടത്ര നടപടികൾ എടുക്കുന്നില്ലായെന്ന ആരോപണങ്ങളെ മിശ്രിതമായ കാഴ്ചപ്പാടോടെ മാത്രമേ കാണാനാകൂ. നഴ്സ് പേഷ്യന്റ് അനുപാതം വർധിപ്പിക്കുക, കൂടുതൽ ഹോസ്പിറ്റൽ പോലീസിനെ യൂണിറ്റുകളിൽ നിയോഗിക്കുക, ഉയർന്ന അപകടസാധ്യതയുള്ള രോഗികൾക്ക് ഉയർന്ന സുരക്ഷാ സംവിധാനമുള്ള യൂണിറ്റുകളിൽ ചികിത്സ നൽകുക എന്നീ നിർദ്ദേശങ്ങളാണ് പ്രധാനമായും കേൾക്കുക. പലയിടങ്ങളിലും ഇവ പ്രാവർത്തികമാക്കി യിട്ടുണ്ടെങ്കിലും സംഭവങ്ങളിൽ സാരമായ കുറവ് ഉണ്ടായതായി തെളിവുകളില്ല.
ഈ ലേഖകന്റെ രണ്ടു മൂന്നനുഭവങ്ങൾ വായനക്കാരുമായി പങ്കിടട്ടെ.
ന്യൂ യോർക്ക് സിറ്റിയുടെ സ്പെഷ്യലൈസ്ഡ് ഹൈ സ്‌കൂളുകളിലൊന്നായ ബ്രോങ്ക്സ് സയൻസ് ഹൈ സ്‌കൂളിലെ അതിസമർഥനായ ഒരു വിദ്യാർഥി ആയിരുന്നു ആൻഡ്രൂ ഗോൾഡ്‌സ്റ്റീൻ. പഠിച്ചു കൊണ്ടിരിക്കെ മനോരോഗം ബാധിച്ചു. ഹാലൂസിനേഷൻ (യാഥാർത്ഥമല്ലാത്തത് കാണുക; കേൾക്കുക; മണക്കുക; രുചിക്കുക എന്നീ അനുഭവങ്ങൾ) അറിയാത്തവർ പോലും തന്നെ ആക്രമിക്കാൻ വരുന്നു എന്ന തോന്നൽ അവനെ പീഡിപ്പിക്കാൻ തുടങ്ങി. പിന്നെ ചികിത്സ തുടങ്ങി. ഞാൻ ജോലി ചെയ്ത സൈക്കയാട്രിക് എമർജൻസി റൂമിൽ അവൻ പലപ്പോഴും ഒറ്റയ്ക്ക് സഹായം തേടി വരുമായിരുന്നു. വളരെ സൗമ്യനും സഹകരിക്കുന്നവനുമായ പേഷ്യന്റ്. ആന്റി സൈക്കോട്ടിക് മരുന്ന് കൊടുത്ത് ഇരുപത്തിനാല് മണിക്കൂർ നിരീക്ഷിച്ചു സൈക്കയാട്രിസ്റ് വീണ്ടും ഇവാല്യൂവേറ്റ് ചെയ്ത് സുരക്ഷിതമെന്നുറപ്പുവരുത്തി ഔട്ട് പേഷ്യന്റ് ക്ലിനിക്കിൽ അപ്പോയ്ന്റ്മെന്റ് കൊടുത്ത് അയാളെ ഡിസ്ചാർജ് ചെയ്യും; ഏതാനും ആഴ്ചകൾക്കു ശേഷം അയാളെ വീണ്ടും എമർജൻസി റൂമിൽ കാണും, അതെ കംപ്ലയിന്റുകളോടെ. ഒരു ദിവസം അയാൾ ഔട്പാഷ്യന്റ ക്ലിനിക്കിലെ അപ്പോയ്‌ട്മെന്റനുസരിച്ച് വെയ്റ്റിംഗ് റൂമിൽ ഇരിക്കുകയായിരുന്നു. മുറിയിലുണ്ടായിരുന്ന ഓരോ പേഷ്യന്റിനെയും വളരെ ജാഗ്രതയോടെ നിരീക്ഷിച്ചുകൊണ്ട് സെകുരിറ്റി ഓഫീസർ മുറിയിൽ തന്നെയുണ്ടായിരുന്നു. സൈക്കയാട്രിസ്റ്റ്, ഡോ. എസ് തന്റെ ഡ്യൂട്ടിക്കായി മുറിയിലേക്കു കയറിവന്ന് എല്ലാവര്ക്കും ‘ഗുഡ് മോർണിംഗ്’ പറഞ്ഞു. അടുത്ത നിമിഷത്തിൽ നടന്നത് എല്ലാവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ആൻഡ്രൂ തന്റെ സീറ്റിൽ നിന്നു ചാടിയെഴുന്നേറ്റ് ഡോ. എസിനെ പൊക്കിയെടുത്ത് മതിലിലേക്കെറിഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ സെകുരിറ്റി ഓഫീസർ ആൻഡ്രൂവിനെ തളച്ചു; മറ്റു സെകുരിറ്റി ഒഫീസര്മാരെത്തി അയാളെ പൊക്കി എമെർജൻസി റൂമിൽ എത്തിച്ചു. നഴ്സിംഗ് അസ്സെസ്സ്മെന്റ് ചെയ്യവേ ആൻഡ്രൂ പറഞ്ഞു. “എന്നെ എന്തിനാണിവിടെ കൊണ്ടുവന്നതെന്ന് എനിക്കറിയില്ല. ഞാൻ എന്തു ചെയ്‌തെന്ന് എനിക്കറിയില്ല.” അയാൾ എന്താണ് ചെയ്തതെന്ന് ഞാൻ അയാളോടു വിശദീകരിച്ചപ്പോൾ അയാളുടെ മുഖത്തു ആല്മാർത്ഥമായ കുറ്റബോധവും സങ്കടവും കാണാമായിരുന്നു. സൈക്കയാട്രിസ്റ്റ് അയാളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ തീരുമാനിച്ചു. ബെഡിനു വേണ്ടി ഒരു ദിവസം കാത്തിരിക്കേണ്ടി വന്നു. ആ സമയമെല്ലാം ആൻഡ്രൂ ശാന്തനും സൗമ്യനും ആയി തുടർന്നു. പിറ്റേന്ന് റൂട്ടീൻ അസ്സെസ്സ്മെന്റിനു സമീപിച്ച എന്നോട് അയാൾ പറഞ്ഞു “ഇതിനു മുൻപും ഞാൻ മറ്റുള്ളവരെ അക്രമിച്ചിട്ടുണ്ട്; പല പ്രാവശ്യം. ഞാൻ അറിഞ്ഞുകൊണ്ടല്ല അത് ചെയ്തിട്ടുള്ളത്. മാനസിക രോഗം എന്നെ പീഡിപ്പിക്കുകയാണ്. എനിക്കു തോന്നുന്നത് മറ്റുള്ളവരുടെ സുരക്ഷയ്ക്കായി ഏതെങ്കിലും ലോങ്ങ് ടെർമ് ഹോസ്പിറ്റലിൽ ചികിത്സ വേണമെന്നാണ്.” ആൻഡ്രൂവിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഓർഡർ ചെയ്ത മരുന്നുകളെ കുറിച്ച് അറിയുകയും സമയാസമയം എടുക്കുകയും ഹോസ്പിറ്റലിലെ തെറാപ്പി സെഷനുകളിൽ പങ്കെടുക്കുകയും ചെയ്ത ഒരു മോഡൽ പേഷ്യന്റ് ആയിരുന്നു ആൻഡ്രൂ. വീണ്ടും ഔട്പാഷ്യന്റ് അപ്പോയ്ന്റ്മെന്റോടെ അയാളെ ഡിസ്ചാർജ് ചെയ്തു. അധികം വൈകാതെ അയാളെ ഞാൻ മെഡിക്കൽ എമെർജൻസി റൂമിൽ കണ്ടുമുട്ടി. ഒരു നഴ്സിനോടുള്ള സ്നേഹബഹുമാനം നിറഞ്ഞ പുഞ്ചിരിയോടെ അയാൾ പറഞ്ഞു “അയാം ഡൂയിങ് വെൽ. എന്റെ കാലിനു വേദനയായിട്ടു വന്നതാണ്.” “സ്റ്റേ വെൽ ആൻഡ്രൂ” എന്നാശംസിച്ചുകൊണ്ട് ഞാൻ നടന്നു നീങ്ങി. രണ്ടു ദിവസം കഴിഞ്ഞു. ന്യൂസ് കേൾക്കാനായി ടീവി ഓൺ ചെയ്ത ഞാൻ ആദ്യം ടീവി സ്‌ക്രീനിൽ കണ്ടത് ആൻഡ്രൂവിനെയാണ്. കറുത്ത ലെതർ ജാക്കറ്റിട്ട കയ്യാമത്തിലിട്ട ആൻഡ്രൂവിനെ പോലീസ് എസ്‌കോർട്ട് ചെയ്യുന്ന കാഴ്ച. കേന്ദ്ര വെബ്ഡെയ്ൽ എന്ന ഒരു യുവതിയെ ഓടി വന്ന സബ്‌വേ ട്രെയിനിന്റെ മുന്നിലേക്ക് തള്ളിയിട്ടത്രേ! ട്രെയ്ൻ കാത്തു നിന്ന കേന്ദ്രയുടെ അടുത്തു ചെന്ന് ആൻഡ്രൂ സമയം ചോദിച്ചു; കേന്ദ്ര സമയം പറഞ്ഞു. അടുത്ത നിമിഷത്തിൽ ഓടിവന്ന ട്രെയിനിനടിയിൽ കേന്ദ്ര എന്ന യുവതി ഇല്ലാതായി. ആൻഡ്രൂ നീണ്ട ജയിൽ വാസത്തിനു വിധിക്കപ്പെട്ടു. അപകടകാരികളായ മാനസിക രോഗികളെ നിര്ബന്ധമായി ചികിത്സയ്ക്ക് വിധേയമാക്കണമെന്ന് ന്യൂ യോർക്ക് സ്റ്റേറ്റ് നിയമ നിർമ്മാണ സഭ “കേന്ദ്രാസ് ലോ” എന്ന നിയമമുണ്ടാക്കി.
മറ്റൊരു ദിവസം: പോലീസും എമെർജൻസി മെഡിക്കൽ ടെക്‌നീഷ്യന്മാരും ചേർന്ന് ചാർളി (പേഷ്യന്റിന്റെ പേര് സ്വകാര്യതയ്ക്കു വേണ്ടി മാറ്റി ഉപയോഗിക്കുന്നു) എന്ന യുവാവിനെ കയ്യാമം വെച്ച് എമർജൻസി റൂമിൽ കൊണ്ടു വരുന്നു. ദിവസങ്ങളായി സ്വന്തം മുറിയിൽ മതിലിലേക്കു മാത്രം നോക്കി നിൽക്കുന്നു എന്നതായിരുന്നു കംപ്ലൈന്റ്. ഒരിക്കലും ആരെയും ഉപദ്രവിച്ചിട്ടില്ല; ഭക്ഷണമോ പാനീയമോ ഇല്ല. ഒരൊറ്റ നിൽപ്പു മാത്രം. മാതാപിതാക്കന്മാർ 911 വിളിച്ചു; സൈക്കയാട്രിക് എമെർജൻസി റൂമിൽ എത്തിച്ചു. ഡ്യൂട്ടി നഴ്‌സുമാരിൽ ഒരാളായ എന്നോട് എമെർജൻസി റൂമിലെ രോഗികൾ പരാതിപ്പെട്ടു, അവർക്കു ബാത്റൂം ഉപയോഗിക്കാനാകുന്നില്ല കാരണം ചാർളി ബാത്ത് റൂമിൽ നിന്ന് പുറത്തു വരുന്നില്ല. ഞാൻ പതുക്കെ ബാത്ത് റൂം വാതിലിലിൽ മുട്ടി. മറുപടിയില്ല. ഒരിക്കൽ കൂടി മുട്ടി. മറുപടിയില്ല. സാവധാനം ഞാൻ വാതിൽ തുറന്നു. ചാർളി ബാത്ത് റൂമിന്റെ മൂലയ്ക്ക് മതിലിലേക്കു തുറിച്ചു നോക്കി നിൽക്കുന്നു. ഞാൻ പേര് വിളിച്ചു. അയാൾ ശ്രദ്ധിച്ചില്ല. ഞാൻ മയത്തോടെ ആവശ്യപ്പെട്ടു: “ചാർളി, നിങ്ങൾക്ക് എന്തെങ്കിലും സഹായം വേണോ? ബാത്ത് റൂം ഉപയോഗിച്ചു കഴിഞ്ഞെങ്കിൽ വെളിയിലേക്കു വരാമോ? മറ്റു പേഷ്യന്റ്‌സിന് ബാത്ത് റൂം ഉപയോഗിക്കണം.” ചാർളി ഞാൻ പറഞ്ഞത് കേട്ടെന്നോ ശ്രദ്ധിച്ചെന്നോ തോന്നിയില്ല. ഞാൻ ഒന്നു കൂടി മയം വിടാതെ അൽപ്പം ദൃഢമായി വീണ്ടും ആവശ്യപ്പെട്ടു. ചാർലിയിൽ നിന്ന് പ്രതികരണമില്ല. എന്റെ അനുമാനത്തിൽ അടുത്ത പടി മറ്റുള്ളവരുടെ സഹായം തേടുക എന്നതായിരുന്നു. പ്ളെക്സി ഗ്ലാസ് മതിലിനപ്പുറത്തെ നഴ്സസ് സ്റ്റേഷനിൽ മറ്റു നഴ്സുമാരും സൈക്കയാട്രിസ്റ്റും എമെർജൻസി റൂമിൽ തന്നെ സെകുരിറ്റിയും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സെക്യൂരിറ്റിയുടെ അടുത്തേക്ക് നീങ്ങാൻ തിരിഞ്ഞ ഞാൻ തലയ്ക്കടിയേറ്റ് തറയിലേക്ക് വീഴുകയായിരുന്നു. മറ്റൊരു അടി വരുന്നതിനു മുൻപ് ചാർളി സ്റ്റാഫിന്റേയും സെകുരിറ്റിയുടെയും കൈകളിലായിക്കഴിഞ്ഞിരുന്നു. പക്ഷെ വൈകിപ്പോയി. എന്നോടുള്ള ആക്രമണം ഒഴിവാക്കാനായില്ല. ഭാഗ്യവശാൽ താൽക്കാലികമായ മാനസിക ക്ഷതമല്ലാതെ ഒന്നും സംഭവിച്ചില്ല. തലയുടെ സി ടി സ്കാൻ അപാകതകളൊന്നും സൂചിപ്പിച്ചില്ല. നിര്ബന്ധമായി മരുന്ന് ഇൻജെക്ഷൻ ആയി കിട്ടിയ ചാർളി രണ്ടു ദിവസം കഴിഞ്ഞ എന്നെ സമീപിച്ചു: “എന്നോട് ക്ഷമിക്കണം. ഞാൻ ചെയ്തതെന്താണെന്ന് എനിക്കറിയില്ലായിരുന്നു.”
എമെർജൻസി റൂമിൽ നിന്ന് ഇൻപേഷ്യന്റ് യൂണിറ്റിൽ ചികിത്സയ്ക്ക് അഡ്മിറ്റ് ചെയ്യപ്പെട്ട ജോ എന്ന പേഷ്യന്റ് മുന്നിൽ കാണുന്നവരെല്ലാം ദുർഭൂതങ്ങളായിരുന്നു. അയാളെ ആക്രമിക്കാൻ വരുന്ന ദുർഭൂതങ്ങൾ! എമെർജൻസി റൂമിൽ അയാൾ മറ്റുള്ളവരെ ഇടിച്ചു; അവർ ദുർഭൂതങ്ങളാണെന്നും അയാളെ ആക്രമിക്കാൻ വരുകയാണെന്നുമുള്ള കാരണത്താൽ. അവിടെ വെച്ചുതന്നെ അയാൾക്ക് ആന്റി സൈക്കോട്ടിക് മരുന്നു കൊടുത്തത് താൽക്കാലികാശ്വാസമായി. ഇൻപേഷ്യന്റ് യൂണിറ്റിൽ എത്തിയപ്പോൾ തന്നെ അയാളുടെ അത്യപകട സ്ഥിതിയിൽ ചെറിയ അയവു വന്നിരുന്നു. എങ്കിലും അയാൾ സേഫ് അല്ലാത്തതുകൊണ്ട് ഒരു നഴ്സിംഗ് സ്റ്റാഫിന്റേയും ഒരു സെകുരിറ്റിയുടെയും അകമ്പടിയോടെ ആയിരുന്നു അയാളെ ചികില്സിച്ചത്. അത്യാവശ്യത്തിനല്ലാതെ മുറിയിൽ നിന്ന് പുറത്തു വരില്ലായെന്ന് അയാൾ സമ്മതിച്ചിരുന്നു. ഒറ്റയ്ക്ക് അയാളുടെ അടുത്തു ചെല്ലരുതെന്ന് എല്ലാ സ്റ്റാഫിനും നിർദ്ദേശം നൽകിയിരുന്നു. റൂട്ടീൻ അസ്സെസ്സ്മെന്റിൽ അയാൾ പറഞ്ഞു കൂടെയുള്ള സെകുരിറ്റിയും സ്റ്റാഫും ദുർഭൂതങ്ങളല്ലായെന്ന്. ചിലപ്പോൾ അവരെ ദുർഭൂതങ്ങളായി കാണാറുണ്ടെന്നും അപ്പോളെല്ലാം അയാൾ സ്വയം ഓർമ്മപ്പെടുത്തും തന്നെ സഹായിക്കുന്ന സ്റ്റാഫാണെന്ന്. അയാൾ ഇടനാഴിയിലെത്തുമ്പോൾ അയാളുടെ കൂടെയുള്ള സ്റ്റാഫ് മറ്റു പേഷ്യന്റുമാരെ ദൂരേയ്ക്ക് മാറാൻ പറയാറുണ്ടായിരുന്നു; എന്നിട്ടും ഒരു പേഷ്യന്റിനെ ഭീകരമായി മർദിച്ചു സ്റ്റാഫിനു നിയന്ത്രിക്കാൻ കഴിയും മുൻപ്. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം അയാൾ യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നു. ചുറ്റുമുള്ളവരെ മനുഷ്യരായി കാണാൻ അയാൾക്ക് കഴിഞ്ഞു. ചുരുക്കമായി മാത്രം ഭ്രമാൽമകത നൈമിഷികമായി ബാധിക്കുമായിരുന്നു. സ്റ്റാഫിനെയും സെകുരിറ്റിയെയും പിൻവലിച്ചു. അയാൾ മറ്റുള്ളവരുമായി ഇടപഴകിത്തുടങ്ങി. ഒരു ദിവസം ഞാൻ ഇടനാഴിയിൽ നിൽക്കുമ്പോൾ ജോ മുറിയിൽ നിന്നു പുറത്തിറങ്ങി ഡൈനിങ് റൂമിലേക്ക് നടക്കുകയായിരുന്നു. ഓരോ അടി വയ്ക്കുമ്പോളും എന്നോടുള്ള അകൽച്ച കുറഞ്ഞു വന്നു. അയാളെ ശ്രദ്ധിച്ച ഞാൻ കണ്ടത് എന്നെ ഭീഭത്സതയോടെ തുറിച്ചു നോക്കി രണ്ടു കൈമുഷ്ടികളും ഇറുക്കിപ്പിടിക്കുന്നതായിരുന്നു. ഓടി രക്ഷപ്പെടുക എന്നതായിരുന്നു അടുത്ത നിമിഷത്തിൽ ഞാൻ ചെയ്യേണ്ടത്. എന്നെക്കാൾ ചെറുപ്പവും ആരോഗ്യവാനായ അയ്യാൾക്ക് എന്നെക്കാൾ വേഗത്തിൽ ഓടി എന്റെ അടുത്തെത്താൻ കഴിയുമെന്ന് തീർച്ച. ഓടി രക്ഷപ്പെടുവാനുള്ള സാധ്യത കുറവാണ്. നല്ല ദൃഢഗാത്രനായ അയാളുടെ ഒരു ഇടി താങ്ങുവാനുള്ള ശക്തി എനിക്കില്ല. എങ്കിലും ധൈര്യം സംഭരിച്ചു ഞാൻ വിളിച്ചു. “ജോ”. പെട്ടെന്ന് അയാളുടെ മുഖം മാറി; കണ്ണുകൾ സാധാരണമായി; അയാളുടെ ചുണ്ടിൽ നേരിയ പുഞ്ചിരി വന്നു. എന്നെ തിരിച്ചറിഞ്ഞതിന്റെ സൂചന. എന്നെ കടന്നു പോയ അയാളെ ഞാൻ വീണ്ടും വിളിച്ചു “നിങ്ങൾ എന്നെ ഞാനല്ലാതെ കണ്ടോ?” അയാൾ പറഞ്ഞു “അതേ. നിങ്ങളെ ഞാൻ ഭൂതമായി കണ്ടു. നിങ്ങളെ ഇടിച്ചിടാൻ ഞാൻ തയ്യാറാവുകയായിരുന്നു. നിങ്ങൾ എന്നെ വിളിച്ചപ്പോൾ, നിങ്ങളുടെ സ്വരം തിരിച്ചറിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി എന്റെ മുന്നിൽ ഭൂതമല്ലായെന്ന്.”
ഈ ലേഖകന്റെ അനുഭവങ്ങൾ ഇവിടെ വിവരിക്കാൻ ചില കാരണങ്ങളുണ്ട്. മാനസിക രോഗികൾ എല്ലാവരും അക്രമികൾ അല്ല. മാനസികരോഗം ബാധിച്ചവരിൽ അക്രമം പലപ്പോഴും രോഗലക്ഷണമായാണ് പ്രകടമാകുന്നത്. ചികിത്സ ഫലപ്രദമായാൽ രോഗികളുടെ രോഗലക്ഷണങ്ങളും അപ്രത്യക്ഷമാകും. അക്രമം രോഗലക്ഷണമാണെന്നു തിരിച്ചറിഞ്ഞു സെകുരിറ്റി പോലുള്ള നടപടികൾ എടുത്താലും, നിയമങ്ങൾ നിർമ്മിച്ചാലും, പലപ്പോഴും അക്രമങ്ങൾ ഒഴിവാക്കാൻ പരാജയപ്പെട്ടേക്കും.
ശാരീരിക കാരണങ്ങൾ കൊണ്ടും രോഗികൾ ആക്രമണാൽമകത പ്രകടിപ്പിക്കാം. ഇൻഫെക്ഷൻ, ഡീഹൈഡ്രേഷൻ, ബ്ലഡ് ഷുഗർ അമിതമാകുകയോ കുറയുകയോ ചെയ്യുക, തലച്ചോറിലുള്ള ബ്ലീഡിങ്, ചില മരുന്നുകളുടെ പ്രതികൂല ഫലങ്ങൾ, തുടങ്ങിയ അനേക കാരണങ്ങൾ പലരിലും മാനസിക ഭ്രമം ഉണ്ടാക്കുകയും കയ്യേറ്റം നടത്തുന്ന പെരുമാറ്റം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. അതുപോലെ ഡിമെൻഷ്യ എന്ന അവസ്ഥയും ചിലരിൽ അക്രമാവസ്ഥ ഉണ്ടാക്കാറുണ്ട്. രോഗാവസ്ഥയിൽ ക്ലേശിക്കുന്ന ഈ നിസ്സഹായർക്ക് ആശ്വാസം നൽകാൻ സഹായിക്കുന്നതിനിടയിൽ നഴ്സുമാർ അനുഭവിക്കുന്ന പീഡനങ്ങൾ പലരും ഒരു പുഞ്ചിരിയോടെ അവഗണിക്കുന്നത് ഞാൻ എത്രയോ തവണ കണ്ടിരിക്കുന്നു!
പക്ഷെ, നഴ്സുമാരെയും മറ്റു ആരോഗ്യപ്രവർത്തകരെയും മനഃപൂർവ്വം കയ്യേറ്റം ചെയ്യുന്ന സോഷ്യോപാത്തുകളോടും സാമൂഹ്യവിരുദ്ധരോടും ദുഷ്ടഹൃദയരോടും സമൂഹമോ നിയമമോ ഒട്ടും തന്നെ വിട്ടുവീഴ്ച കാണിക്കാൻ പാടില്ല.

Author

Leave a Reply

Your email address will not be published. Required fields are marked *