ആശാവര്‍ക്കേഴ്‌സ് സമരം : വിവാദ ഉത്തരവ് കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

Spread the love

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് രാപ്പകല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ തിരികെ ജോലിക്ക് ഹാജരായില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ഭീഷണപ്പെടുത്തി സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസിന് മുന്നിലും കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വിവാദ സര്‍ക്കുലര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചത്. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധ പരിപാടിയുടെ ഭാഗമായി. വിവിധ ജില്ലകളില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍,മുതിര്‍ന്ന നേതാക്കള്‍ നേതൃത്വം നല്‍കി.

തിരുവനന്തപുരത്ത് വള്ളക്കടവ് കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ് ബാബു,കോര്‍പ്പറേഷന് മുന്നില്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പത്മകുമാര്‍, കൊല്ലം കോര്‍പ്പറേഷന് മുന്നില്‍ രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്,പത്തനംതിട്ട മിനി സവില്‍സ്റ്റേഷന് മുന്നില്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എംഎം നസീര്‍,പഴകുളം മധു, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, എറണാകുളം കളമശ്ശേരിയില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കോഴിക്കോട് നാദാപുരത്ത് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍,വയനാട് കല്‍പ്പറ്റയില്‍ ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്,കണ്ണൂര്‍ കോര്‍പ്പേറഷന് മുന്നില്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ്,മലപ്പുറം എടക്കരയില്‍ ഡിസിസി പ്രസിഡന്റ് വി.എസ്.ജോയി,പാലക്കാട്ട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.കാസര്‍ഗോഡ്, ആലപ്പുഴ, കോട്ടയം,എന്നിവിടങ്ങളിലെ പ്രതിഷേധ പരിപാടി ഫെബ്രുവരി 28ന് നടക്കും. മാര്‍ച്ച് 3 തിങ്കളാഴ്ച ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റുജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ പ്രകടനവും നടത്തും.

ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെബ്രുവരി 24ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി തീപ്പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആശാവര്‍ക്കര്‍മാരെ സന്ദര്‍ശിച്ച ശേഷം സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് തുടര്‍ച്ചയായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ച് അവര്‍ക്കുള്ള പിന്തുണ കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നതെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു പറഞ്ഞു.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *