ആശാവർക്കർമാരുടെ സമരം പോലീസിനെ കൊണ്ട് അടിച്ചമർത്താമെന്ന് കരുതരുത് : രമേശ് ചെന്നിത്തല

Spread the love

തിരുവനന്തപുരം : ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന ആശാവർക്കർമാരെ പോലീസിനെ കൊണ്ട് അടിച്ചമർത്താമെന്ന് കരുതുന്നത് പിണറായി സർക്കാരിൻറെ വ്യാമോഹം മാത്രമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു.

ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയാണ് അവർ സമരം ചെയ്യുന്നത്. ഇതിൽ പങ്കെടുത്ത 14 പൊതുപ്രവർത്തകർ പോലീസിന് മുന്നേ ഹാജരാകണം എന്നാവശ്യപ്പെട്ട നൽകിയ നോട്ടീസ് പിണറായി സർക്കാരിൻറെ ഫാസിസത്തിന്റെ ലക്ഷണമാണ്.

ഇത്തരം വിരട്ടലുകൾ ഒന്നും കൊണ്ട് കേരളത്തിൻറെ പൊതുസമൂഹത്തിൽ ആശാവർക്കർമാർക്ക് അനുകൂലമായി രൂപപ്പെട്ട വികാരത്തെ അടിച്ചമർത്താനാവില്ല.

ജോലിക്ക് ഹാജരായില്ലെങ്കിൽ പിരിച്ചുവിടും എന്നതടക്കമുള്ള ഭീഷണികൾ സമൂഹത്തിന്റെ ഈ ദുർബല വിഭാഗത്തിനെതിരെ പ്രയോഗിക്കുന്നത് അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണ്.

യുഡിഎഫ് ഈ പൊതുപ്രവർത്തകർക്കും ആശാവർക്കർമാർക്കും ഒപ്പമുണ്ട്. ജനാധിപത്യ വിരുദ്ധ മാർഗ്ഗങ്ങളിലൂടെ ജനതയെ ഭീഷണിപ്പെടുത്തിക്കൊണ്ട് കിരാതഭരണം നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാരിനെതിരെ ശക്തമായി പൊരുതുക തന്നെ ചെയ്യും.

ശമ്പള കുടിശ്ശിക തീർക്കണം എന്നത് ന്യായമായ ആവശ്യമാണ്. അത് ഒരു ഭീകര പ്രവർത്തനം അല്ല. പെൻഷനും മറ്റ് ആനുകൂല്യങ്ങളും വേണം എന്നത് വളരെ ന്യായമായ ആവശ്യമാണ്. അത് ഒരു ജനാധിപത്യവിരുദ്ധ പ്രവർത്തനം അല്ല.

ഈ പാവപ്പെട്ട സ്ത്രീകളെ വിളിച്ചുവരുത്തി അവരുടെ ആവശ്യങ്ങൾ കേൾക്കാൻ മുഖ്യമന്ത്രി തയ്യാറായാൽ അരമണിക്കൂർ കൊണ്ട് അവസാനിപ്പിക്കാവുന്ന സമരമാണ് ഈ ധാർഷ്ട്യം കാരണം കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വലിച്ചു നീട്ടി കൊണ്ടിരിക്കുന്നത്.

ഈ ജനദ്രോഹ സർക്കാരിനെതിരെ ജനങ്ങൾ തെരുവിലിറങ്ങാൻ സമയമായി – ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *