ഓരോ ദിവസവും കൊലപാതക വാർത്തകൾ കേട്ടുകൊണ്ടാണ് കേരളം ഉണരുന്നത്. പ്രായഭേദമന്യേ കൊലപാതകം നടക്കുന്ന രീതിയിലേക്ക് കേരളം മാറിയിരിക്കുന്നു. ഏത് അക്രമങ്ങളുടെ ഉള്ളറകളിലേക്ക് കടന്നാലും വലിയ രീതിയിൽ ലഹരി ഉപയോഗിക്കുന്നവരാണ് ഓരോ പ്രതികളുമെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
സഹപാഠികളുടെ മർദ്ദനമേറ്റ് വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഒരു പത്താം ക്ലാസുകാരൻ കൊല്ലപ്പെട്ടിരിക്കുന്നു. അതിനുശേഷം പുറത്തുവന്ന ശബ്ദ സന്ദേശങ്ങളിൽ നിന്നും ആ ആക്രമണം കരുതിക്കൂട്ടി ചെയ്തതാണ് എന്നാണ് വ്യക്തമാവുന്നത്. പ്രായപൂർത്തി ആവുന്നതിനു മുൻപേ കൂടെ പഠിക്കുന്ന സഹപാഠിയെ ടാർഗറ്റ് ചെയ്തു ആക്രമിച്ചു കൊലപ്പെടുത്തുന്ന നിലയിലേക്ക് നമ്മുടെ നാട് മാറിയിരിക്കുന്നു. കഴിഞ്ഞദിവസം സ്വന്തം കുടുംബത്തിലെ അംഗങ്ങളെ കിലോമീറ്റർ യാത്ര ചെയ്തു ഒന്നൊന്നായി കൊലപ്പെടുത്തിയ സംഭവം നാട്ടിലെ ക്രമസമാധാന രംഗത്തിന്റെ തകർച്ച എത്രത്തോളം വലുതാണെന്ന് ചൂണ്ടിക്കാണിക്കുന്നതാണ്
അധികാരം നിലനിർത്തുന്നതിനായി നാടിനെ ലഹരി മാഫിയക്ക് തീറെഴുതിയിരിക്കുന്ന സർക്കാരും അതിന് ഒത്താശ പാടുന്ന ഉദ്യോഗസ്ഥ വൃന്ദവുമാണ് കേരളത്തിലെ ക്രമസമാധാന തകർച്ചയ്ക്ക് ഉത്തരവാദികൾ. സ്വന്തം വകുപ്പ് പോലും ഭരിക്കാൻ അറിയാത്ത പൂർണ്ണ പരാജയമായ ഒരു മുഖ്യമന്ത്രിയെ ബിംബവൽക്കരിക്കാൻ സാധാരണക്കാരുടെ നികുതിപ്പണത്തിൽ നിന്ന് അനേകം കോടികളാണ് ചിലവഴിച്ചു കൊണ്ടിരിക്കുന്നത്.
ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്ന നിരുത്തരവാദപരമായ സമീപനമാണ് കഴിഞ്ഞ 9 വർഷങ്ങളിലും പിണറായി വിജയൻ സ്വീകരിച്ചു പോരുന്നത്. കൺമുമ്പിൽ അക്രമങ്ങൾ നടക്കുമ്പോൾ നിറഞ്ഞ ചിരിയോടെ അതൊക്കെ രക്ഷാപ്രവർത്തനമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തിലെ മുഴുവൻ ക്രിമിനലുകളുടെയും ഊർജ്ജവും റോൾ മോഡലുമാണ്. സംസ്ഥാനത്തെ ഒരു എംഎൽഎയുടെ മകനെ കഞ്ചാവുമായി പിടികൂടിയതിനു കേസ് രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടുന്ന സാഹചര്യമടക്കം ഉണ്ടായി എന്നത് സർക്കാർ ആർക്കൊപ്പമാണ് നിലകൊള്ളുന്നത് എന്നതിന് ഉദാഹരണമാണ്. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്ന ബഹുഭൂരിപക്ഷം പ്രതികൾക്കും സിപിഎം നേതാക്കളുടെ സംരക്ഷണം ഉള്ളതിനാൽ അവർക്കെതിരെ കേസെടുക്കാൻ പോലും ഉദ്യോഗസ്ഥർ ഭയപ്പെടുകയാണ്.
ലഹരി മാഫിയയുടെ കടിഞ്ഞാണില്ലാത്ത വ്യാപനം മൂലമാണ് കൊലപാതകങ്ങളും അക്രമങ്ങളും ഇതുപോലെ വർദ്ധിക്കുന്നത്. ലഹരി മാഫിയയെ പ്രോത്സാഹിപ്പിക്കുന്ന പിണറായി സർക്കാരിന്റെ ഭരണം അവസാനിപ്പിക്കാൻ കേരളത്തിന്റെ പൊതുസമൂഹം എല്ലാം മറന്ന് ഒന്നിച്ചു നിൽക്കേണ്ടതായിട്ടുണ്ട്. കക്ഷിരാഷ്ട്രീയഭേദമന്യേ ലഹരി എന്ന വിപത്തിനെ സമൂഹത്തിൽ നിന്ന് ഇല്ലാതാക്കാൻ ചെയ്യാൻ നമുക്ക് കൂട്ടായി തീരുമാനമെടുക്കാം.