കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് യോഗ്യതക്കും നൈപുണ്യത്തിനും അനുസൃതമായ തൊഴിലവസരങ്ങൾ സ്വകാര്യമേഖലയിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന വിജ്ഞാനകേരളം പദ്ധതിയുടെ പൈലറ്റ് നൈപുണ്യ പരിശീലന പരിപാടി മാർച്ച് അഞ്ചിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വഴുതക്കാട് ഗവൺമെന്റ് വനിതാ കോളേജിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സുധീർ കെ, എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്ടർ സുഫിയാൻ അഹമ്മദ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ഷാലിജ് പി.ആർ., ലിങ്ക്ഡിൻ സീനിയർ കസ്റ്റമർ സക്‌സസ് മാനേജർ അമിത് മുഖർജി, കോഴ്‌സിറ ഗവൺമെന്റ് പാർട്ണർഷിപ്പ് ഡയറക്ടർ അഭിഷേക് കോഹ്ലി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് കേരളാ ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി (കെ-ഡിസ്‌ക്) ചേർന്ന് നടപ്പ് അധ്യയന വർഷത്തിൽ പൈലറ്റ് നൈപുണ്യ പരിശീലന പരിപാടിയിലൂടെ 25000 വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകാനും അതുവഴി തൊഴിൽ സജ്ജമാക്കുവാനുമാണ് ലക്ഷ്യമിടുന്നത്.
നൈപുണ്യ പരിശീലന പരിപാടിയുടെ ഭാഗമായി ലിങ്ക്ഡിൻ, കോഴ്‌സിറ, ഫൗണ്ടിറ്റ്, ടിസിഎസ് അയോൺ എന്നീ പ്രമുഖ പങ്കാളിത്ത സ്ഥാപനങ്ങളുമായി സഹകരിച് ജോബ് റോളുകളുടെ അടിസ്ഥാനത്തിലുള്ള കോഴ്‌സുകൾ, സോഫ്റ്റ് സ്‌കിൽ വർദ്ധിപ്പിക്കാനായുള്ള വർക്ക് റെഡിനസ് പ്രോഗ്രാം, എംപ്ലോയബിലിറ്റി പരിശീലനം, രണ്ടു ദിവസത്തെ ഇമ്മേഴ്‌സീവ് ഡൊമെയ്ൻ പരിശീലനം, ഭാഷാ പരിശീലന പരിപാടികളായ പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് പരിശീലനം ,ബ്രിട്ടീഷ് കൗണ്‌സിലിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ഭാഷ പരിശീലനം എന്നിവയും ഉൾപെടുത്തിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങങ്ങളിലെ വിദ്യാർത്ഥികൾക്ക് അവരുടെ താല്പര്യവും അഭിരുചിയും അനുസരിച്ച് ഇതിലെ പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അദ്ധ്യാപകരുടെയും പൂർണ പങ്കാളിത്തത്തിലൂടെ വിദ്യാർത്ഥികളെ അവരുടെ അക്കാദമിക് മേഖലകൾക്കനുസൃതമായ പരിശീലനം നൽകി പഠന ശേഷം തൊഴിൽ നേടുന്നതിനുള്ള അവരുടെ നൈപുണ്യം ഉറപ്പാക്കുന്നതിനുമാണ് വിജ്ഞാന കേരളം നൈപുണ്യ പരിശീലന പരിപാടി ലക്ഷ്യമാക്കുന്നത്.