പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭ മീഡിയ റൂമില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്

Spread the love

 

അടിയന്തിര പ്രമേയ നോട്ടീസില്‍ തെറ്റായ സമീപനമാണ് സര്‍ക്കാരിന്റെയും സ്പീക്കറുടെയും ഭാഗത്ത് നിന്നുണ്ടായത്. തെറ്റായ കണക്കുകള്‍ ഉദ്ധരിച്ച് സര്‍ക്കാരിന്റെ നിലപാടിനെ ന്യായീകരിക്കാനാണ് ആരോഗ്യമന്ത്രി ശ്രമിച്ചത്. മറ്റു സംസ്ഥാനങ്ങളുമായാണ് കേരളത്തിലെ ആശ വര്‍ക്കര്‍മാരെ താരതമ്യപ്പെടുത്തിയത്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും കേരളത്തിലെ ആശ വര്‍ക്കര്‍മാര്‍ ചെയ്യുന്നതു പോലുള്ള ജോലിയില്ല. പന്ത്രണ്ടും പതിനാലും മണിക്കൂറുമാണ് അവര്‍ ജോലി ചെയ്യുന്നത്. എന്നിട്ടും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തയാറാകുന്നില്ല. എല്‍.ഡി.എഫിന്റെ പ്രകടനപത്രികയില്‍ തന്നെ ആശ വര്‍ക്കര്‍മാരുടെ ദിവസ വേതനം 700 രൂപയാക്കുമെന്നുണ്ട്. എന്നിട്ടും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

എസ്.യു.സി.ഐ ചെയ്യുന്ന സമരം നിയമസഭയില്‍ കൊണ്ടുവന്നതിലാണ് ആരോഗ്യമന്ത്രിക്ക് സങ്കടം. സി.ഐ.ടി.യു നേതാവ് സ്ത്രീകളെ അപമാനിച്ചതില്‍ സ്ത്രീ കൂടിയായ ആരോഗ്യമന്ത്രി ഒരു വിഷമവും പ്രതിഷേധവുമില്ല. സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുകയാണ്. പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കുമെല്ലാം തോന്നിയതു പോലെ ശമ്പളം കൂട്ടിക്കൊടുക്കുകയാണ്. ആവശ്യമില്ലാത്ത എത്രയോ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നുണ്ട്. സമരം ഒത്തു തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ശ്രമം നടത്തണം. ഇല്ലെങ്കില്‍ സമരം രൂക്ഷമാകും. കെ.എസ്.ആര്‍.ടി.സിയില്‍ സമരം ചെയ്തതിന് ശമ്പളം എഴുതേണ്ടെന്നു തീരുമാനിച്ച ഈ സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റാണോ തീവ്രവലതുപക്ഷമാണോ?

വാക്കൗട്ട് പ്രസംഗത്തില്‍ മാത്രമല്ല. രാവിലെ മാത്യുകുഴല്‍നാടന്‍ ചോദ്യം ചോദിച്ച സമയം മുതല്‍ യു.ഡി.എഫ് അംഗങ്ങള്‍ ചോദ്യം ചോദിക്കുന്നതില്‍ സ്പീക്കര്‍ നിരന്തരമായി ഇടപെടുകയും അവരെ തടസപ്പെടുത്തുകയുമാണ്. 20 സെക്കന്റ് ആകുന്നതിന് മുന്‍പ് ചോദ്യം ചോദിക്കുന്നതില്‍ യു.ഡി.എഫ് അംഗങ്ങളെ തടസപ്പെടുത്തുന്ന നിലപടാണ് സ്പീക്കര്‍ സ്വീകരിച്ചത്. നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത തരത്തില്‍ 9 മിനിട്ട് ആയപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്യുമെന്ന രീതിയിലാണ് സ്പീക്കര്‍ സംസാരിച്ചത്. ഒരു സ്പീക്കറും ചെയ്യാത്ത നടപടികളുമായി മുന്നോട്ടു പോകുകയാണ്.

സര്‍ക്കാരിന്റെ കിങ്കരനെ പോലെ സ്പീക്കര്‍ പദവിയുടെ ഗൗരവം കളഞ്ഞുകൊണ്ടാണ് സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നത്. ഭരണകക്ഷിയിലെ ബാക്ക് ബെഞ്ച് എം.എല്‍.എ ബഹളമുണ്ടാക്കുന്നതു പോലെയാണ് വലിയ കസേരയില്‍ ഇരിക്കുന്ന സ്പീക്കര്‍ പെരുമാറുന്നത്. ഇക്കാര്യത്തില്‍ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇന്നലെ മുഖ്യമന്ത്രി 59 മിനിട്ടാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ഇനി മുതല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അവര്‍ക്ക് അനുവദിച്ച സമയത്തില്‍ ഒരു മിനിട്ട് കൂടുതല്‍ സംസാരിച്ചാല്‍ പ്രതിപക്ഷം അത് ബഹിഷ്‌ക്കരിക്കും. 2 മണിക്കൂര്‍ 40 മിനിട്ട് മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ട് ക്ഷമയോടെ ഇരുന്ന ആളുകളാണ് ഞങ്ങള്‍. അച്യുതാനന്ദന്‍ 36 മിനിട്ട് പ്രസംഗിച്ചിട്ടുണ്ട്. നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കുറവ് സമയം വാക്കൗട്ട് പ്രസംഗം നടത്തുന്ന പ്രതിപക്ഷ നേതാവായിട്ടും എന്റെ പ്രസംഗം മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തടസപ്പെടുത്തുന്നതിനു പുറമെയാണ് സ്പീക്കറും തടസപ്പെടുത്തിയത്. സ്പീക്കര്‍ ആ കസേരയോട് നീതി പുലര്‍ത്തുന്നില്ലെന്ന് വളരെ ദുഃഖത്തോടെ പറയുകയാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *