പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം (04/03/2025).
ആശ വര്‍ക്കര്‍മാര്‍ കേന്ദ്രത്തിന് എതിരെയാണ് സമരം ചെയ്യേണ്ടതെങ്കില്‍ ഹരിയാനയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സി.ഐ.ടി.യു സമരം ചെയ്തത് എന്തിന്? 2007-11 കാലയളവില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കിയില്ല; സി.ഐ.ടി.യു നേതാവ് സ്ത്രീകളെ അപമാനിച്ചതില്‍ ആരോഗ്യമന്ത്രിക്ക് ഒരു വിഷമവും പ്രതിഷേധവുമില്ല; സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ കിങ്കരനെ പോലെ; മുഖ്യമന്ത്രിയും മന്ത്രിമാരും അനുവദിച്ച സമയത്തില്‍ കൂടുതല്‍ സംസാരിച്ചാല്‍ പ്രതിപക്ഷം ബഹിഷ്‌ക്കരിക്കും.
ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ കണക്കുകളും കാലഘട്ടവും വ്യത്യസ്തമാണ്. എസ്.യു.സി.ഐയുടെ വക്താവായി സംസാരിക്കുന്നതെന്ന് മന്ത്രി ചോദിച്ചത് എന്തിനാണ്? നിയമസഭയില്‍ ഇരിക്കുന്ന കക്ഷികള്‍ക്ക് മാത്രമെ സമരം നടത്താന്‍ പാടുള്ളോ? ഈ നാട്ടില്‍ എത്ര സംഘടനകളുണ്ട്? അവരൊക്കെ ഏതെല്ലാം തരത്തില്‍ സമരം ചെയ്യുന്നുണ്ട്? നമ്മളെല്ലാം ചില സമരങ്ങള്‍ ന്യായയുക്തമാണെന്നു കരുതി പിന്തുണ നല്‍കാറുമുണ്ട്. ശരിയായ ആവശ്യം മുന്നില്‍ വച്ച് ഒരു സംഘടന സമരം ചെയ്യുകയാണ്. ഇതേ ആവശ്യം ഉന്നയിച്ച് സി.ഐ.ടി.യുവും ഐ.എന്‍.ടി.യുസിയും സമരം ചെയ്തിട്ടുണ്ട്. രാജ്യവ്യാപകമായി സമരം ചെയ്തിട്ടില്ലേ. ആശ വര്‍ക്കര്‍മാരുടെ ആവശ്യം കൂടുതലാണെങ്കില്‍ എന്തിനാണ് 2014-ല്‍, ഇപ്പോള്‍ അവരെ ആക്ഷേപിക്കുന്ന സി.ഐ.ടി.യു നേതാവ് എളമരം കരീം അവരുടെ ഓണറേറിയം 10000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചത്. അന്ന് ഇത്രയും ജോലി പോലുമില്ല. 2007 മുതല്‍ 2011 വരെയുള്ള കാലയളവില്‍ സംസ്ഥാന സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാര്‍ക്ക് യാതൊരു ഓണറേറിയവും നല്‍കിയിരുന്നില്ല. ആ സര്‍ക്കാരിന്റെ കാലത്ത് 2011-12-ലെ അവസാന ബജറ്റില്‍ 300 ഓണറേറിയം പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. അത് മുഴുവന്‍ കൊടുത്തത് യു.ഡി.എഫ് സര്‍ക്കാരാണ്. യു.ഡി.എഫ് സര്‍ക്കാരാണ് ആദ്യമായി ഓണറേറിയം നല്‍കിത്തുടങ്ങിയത്. നിയമസഭയില്‍ നല്‍കിയ കണക്കുകളാണിത്.
ഭരണപക്ഷം എത്ര തടസപ്പെടുത്തിയാലും പറയാനുള്ളത് പറഞ്ഞട്ടേ പോകൂ. സ്പീക്കര്‍ ഇല്ലാത്ത റൂളൊന്നും ഉണ്ടാക്കേണ്ട.
പാര്‍ലമെന്റ് അംഗങ്ങള്‍ എന്തെങ്കിലും പണി ചെയ്യുന്നുണ്ടോയെന്നാണ് മന്ത്രി ചോദിച്ചത്. എന്‍.കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇവിടെ പറഞ്ഞത്. ആശ വര്‍ക്കര്‍മാര്‍ക്ക് പ്രത്യേക ഫണ്ടായല്ല, എന്‍.എച്ച്.എമ്മില്‍ ഉള്‍പ്പെടുത്തിയാണ് നല്‍കുന്നത്. 2024-25 വര്‍ഷത്തില്‍ എന്‍.എച്ച്.എം ഫണ്ട് 913 കോടി നല്‍കേണ്ട സ്ഥാനത്ത് 815 കോടി ജനുവരി 25 ന് നല്‍കി കഴിഞ്ഞു. ബാക്കിയുള്ള 97 കോടി മാത്രമാണ് കിട്ടേണ്ടത്. അത് എന്‍.എച്ച്.എമ്മിന്റെ ഫണ്ടാണ്. അല്ലാതെ ആശ വര്‍ക്കര്‍മാര്‍ക്കുള്ള ഇന്‍സെന്റീവല്ല. 9 വര്‍ഷക്കാലം ഈ സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാര്‍ക്ക് എന്‍.എച്ച്.എമ്മില്‍ നിന്നും നല്‍കിയ 40 ശതമാനം തുകയുടെ വിവരങ്ങള്‍ നിയമസഭയില്‍ വയ്ക്കാമോ? അതിന്റെ കണക്കൊക്കെ ഞങ്ങളുടെ കയ്യിലുമുണ്ട്. ജി കുമാര്‍ നായിക് പാര്‍ലമെന്റില്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് സിക്കിം സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാരുടെ ഓണറേറിയും 6000 രൂപയില്‍ നിന്നും 10000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ആന്ധ്രാപ്രദേശ് 7000 രൂപ ഓണറേറിയും നല്‍കുന്നുണ്ടെന്നും പാര്‍ലമെന്റില്‍ നല്‍കിയ ഈ മറുപടിയിലുണ്ട്.
കേന്ദ്രത്തിന് എതിരെയാണ് സമരം ചെയ്യേണ്ടതെങ്കില്‍ സി.ഐ.ടി.യു ഹരിയാനയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്തത് എന്തിനാണ്? കര്‍ണാടകയില്‍ ആശ വര്‍ക്കര്‍മാര്‍ സമരം നടത്തി. അവിടുത്തെ മുഖ്യമന്ത്രി ആശ വര്‍ക്കാര്‍മാരുടെ നേതാക്കളെയും ഉദ്യോഗസ്ഥരെയും വിളിച്ചു ചേര്‍ത്ത് ഓണറേറിയും 10000 രൂപയാക്കി വര്‍ധിപ്പിച്ചു. ഇതിനു പിന്നാലെ ഹെല്‍ത്ത് കമ്മിഷണറെ സമര സ്ഥലത്തേക്ക് വിട്ട് ഓണറേറിയം വര്‍ധിപ്പിച്ച കാര്യം സമരക്കാരെ അറിയിച്ചു. അന്ന് അവരുടെ സന്തോഷം കാണണമായിരുന്നു. അതാണ് മുഖ്യമന്ത്രി. പശ്ചിമ ബംഗാളില്‍ ആശ വര്‍ക്കര്‍മാരുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. പണ്ടു മുതല്‍ക്കെ ആരോഗ്യരംഗവും വിദ്യാഭ്യാസ രംഗവും നന്നായി നടക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ ആശ വര്‍ക്കര്‍മാര്‍ക്കുള്ള ജോലി മറ്റ് ഏതെങ്കിലും
സംസ്ഥാനത്തെ ആശ വര്‍ക്കര്‍മാര്‍ക്കുണ്ടോ? അത്രയും ജോലി ആരെങ്കിലും ചെയ്യുന്നുണ്ടോ? മന്‍മോഹന്‍ സിംഗ് അന്ന് ഇത് കൊണ്ടു വരുമ്പോള്‍ വോളന്ററി സര്‍വീസായാണ് കൊണ്ടുവന്നത്. ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം പണിയെടുത്താല്‍ മതിയെന്നാണ് പറഞ്ഞത്. അന്ന് മറ്റു ജോലികള്‍ക്കും പോകാമായിരുന്നു. ഇപ്പോള്‍ ഏതെങ്കിലും ആശ വര്‍ക്കര്‍മാര്‍ക്ക് മറ്റു ജോലികള്‍ക്ക് പോകാന്‍ സാധിക്കുമോ? പന്ത്രണ്ടും പതിനാലും മണിക്കൂറാണ് ജോലി. ഈ പാവങ്ങള്‍ വീട്ടില്‍ എത്തിയാലും കണക്ക് എഴുത്തുമായി പാതിരാ വരെ ഇരിക്കണം. ഇതൊന്നും കാണാതെ പോകരുത്. കേരളത്തില്‍ എത്രയോ സമരങ്ങള്‍ ചെയ്തിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് ബസ് കത്തിച്ച് അതിനുള്ളിലെ നാലു പേര്‍ വെന്ത് മരിച്ച സമരം കേരളത്തിലുണ്ടായിട്ടുണ്ട്. എന്നിട്ടാണ് ആശ വര്‍ക്കര്‍മാരെ പാട്ടപ്പിരിവുകാരെന്നും സാംക്രമിക രോഗം പരത്തുന്ന കീടങ്ങളെന്നും വിളിക്കുന്നത്. സുരേഷ് ഗോപി അവിടെ പോയി കുട കൊടുത്തതിനൊപ്പം ഉമ്മയും കൊടുത്തോയെന്നാണ് ഇന്നലെ ഒരു സി.ഐ.ടി.യു നേതാവ് ചോദിച്ചത്. ഇതൊക്കെ നിങ്ങള്‍ക്ക് യോജിച്ചതാണോ? അയാള്‍ പറഞ്ഞത് തെറ്റാണെന്ന് ഈ ആരോഗ്യമന്ത്രി പറയണ്ടേ?
ആശ വര്‍ക്കര്‍മാരുടെ ജോലിഭാരം മനസിലാക്കി ന്യായമായ തീരുമാനം എടുക്കണം. സമരം ചെയ്യുന്നത് തെറ്റാണോ? ന്യായമായ ആവശ്യത്തിന് വേണ്ടി സ്ത്രീകള്‍ സമരം ചെയ്യുമ്പോള്‍ മുഖ്യമന്ത്രി അവരെ വിളിച്ച് ചര്‍ച്ച ചെയ്യണം. എന്നിട്ട് തീരുമാനം എടുക്കണം. നിങ്ങള്‍ നിങ്ങളുടെ പ്രകടനപത്രികയില്‍ 21000 രൂപ ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കുമെന്ന് പറഞ്ഞതല്ലേ? അതേ ആവശ്യം ഉന്നയിച്ച് സമരം ചെയ്യുമ്പോള്‍ അത് എങ്ങനെ തെറ്റായി മാറും?