* ലഹരി മാഫിയകളില്‍ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.
* ഏകദിന ഉപവാസം ലഹരിക്കെതിരെ യു.ഡി.എഫ് ആരംഭിക്കുന്ന ജനകീയ പ്രതിരോധത്തിന്റെ തുടക്കം.
ലഹരി മാഫിയകള്‍ക്ക് രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കുന്നത് സി.പി.എം നേതാക്കളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
വര്‍ധിച്ചുവരുന്ന കൊലപാതകങ്ങള്‍ക്കും ലഹരി വ്യാപനത്തിനുമെതിരെ ‘നോ ക്രൈം നോ ഡ്രഗ്‌സ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി യുഡിഎഫ് സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തേക്ക് ലഹരി വസ്തുക്കള്‍ എത്തുന്ന സ്രോതസുകള്‍ കണ്ടെത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യണം. നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ലഹരി പിടിച്ചെടുക്കുന്നതിന് വേണ്ടി സംസ്ഥാനത്ത് ഒരു പരിശോധനയുമില്ല. വിമുക്തി നടത്തുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ലഹരി വിരുദ്ധ പ്രചരണം എക്‌സൈസുകാരല്ല, മറ്റേതെങ്കിലും വകുപ്പാണ് നടത്തേണ്ടത്. ലഹരി വസ്തുക്കള്‍ ചെറിയ തോതില്‍ കടത്തുന്നവരെ പിടിക്കുന്നതല്ലാതെ ലഹരിയുടെ സ്രോതസ് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നില്ല. സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം നേതാക്കള്‍ പല ജില്ലകളിലും ലഹരി മാഫിയകള്‍ക്ക് രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കുന്നുണ്ട്. ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് പല സ്ഥലങ്ങളിലും ലഹരി മാഫിയകളുമായി ബന്ധമുണ്ട്. സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും ഇത്തരം പ്രവൃത്തികളിലും നേതാക്കളെ പിന്തിരിപ്പിക്കണം. കേരളത്തിലേക്കുള്ള സ്പിരിറ്റ് ഒഴുക്ക് അവസാനിപ്പിച്ചതു പോലെ ലഹരി വസ്തുക്കളുടെ വരവും അവസാനിപ്പിക്കണമെന്നും വിഡി സതീശൻ പറഞ്ഞു.
കുറ്റവാളികളെ പിടികൂടാന്‍ സര്‍ക്കാര്‍ നടപടി ശക്തമാക്കണം. അതിനൊപ്പം ജനങ്ങളെ അണിനിരത്തിയുള്ള പോരാട്ടത്തിനും തുടക്കം കുറിക്കണം. അതിന് സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തിയുള്ള പോരാട്ടത്തിന് യു.ഡി.എഫ് തുടക്കം കുറിക്കും. ലഹരിക്കെതിരെ യു.ഡി.എഫ് കേരളത്തില്‍ ആരംഭിക്കാന്‍ പോകുന്ന ജനകീയ പ്രതിരോധത്തിന്റെ തുടക്കമാണ് ഏകദിന ഉപവാസം. ലഹരി മാഫിയകളില്‍ നിന്നും കേരളത്തെ രക്ഷക്കാന്‍ യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണ്. യു.ഡി.എഫിലെ വിവിധ ഘടകകക്ഷികളും വിദ്യാര്‍ത്ഥി യുവജന സംഘടനകളും ലഹരിക്കെതിരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
ലഹരി മരുന്നിന്റെ കേന്ദ്രമായി കേരളം മാറി. കേട്ടുകേള്‍വി പോലുമില്ലാത്ത മാരകമായ രാസലഹരി വസ്തുക്കളാണ് സംസ്ഥാനത്തേക്ക് എത്തുന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും കുട്ടികള്‍ക്കിടയിലും ഡ്രഗ് പാര്‍ട്ടി നടക്കുകയാണ്. ലഹരി ഉപഭോഗം വര്‍ധിച്ചതോടെ അക്രമങ്ങളുടെ സ്വാഭാവവും മാറുകയാണ്. ക്രൂരമായ കൊലപാതകങ്ങളാണ് നടക്കുന്നത്. പൂക്കോടും കോട്ടയത്തും റാഗിങിന്റെ പേരിലുള്ള ക്രൂരതയ്ക്ക് നേതൃത്വം നല്‍കുന്നത് എസ്.എഫ്.ഐ നേതാക്കളാണ്. നേതാക്കള്‍ക്ക് മദ്യപിക്കാനും ഡ്രഗ്‌സ് വാങ്ങാനും പണം നല്‍കാത്തതാണ് ഈ ക്രൂര ആക്രമണങ്ങള്‍ക്ക് കാരണമെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.
സമൂഹത്തിലെ ലഹരി ഉപയോഗവും വ്യാപനവും തടയുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.അതിന്റെ ഭാഗമായി പാര്‍ട്ടി തിരഞ്ഞെടുക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി മാഹാത്മാ ഗാന്ധിജിയുടെ പേരില്‍ മാനവ സേനയ്ക്ക് (മഹാത്മാ ആന്റി നാര്‍കോട്ടിക് ആക്ഷന്‍ വോളന്റിയേഴ്സ്) രൂപം നല്‍കും. അതിന്റെ പ്രവര്‍ത്തനം മണ്ഡലം തലത്തില്‍ കേരളം മുഴുവനായി വ്യാപിപ്പിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അധ്യക്ഷത വഹിച്ചു. എം.കെ.മുനീര്‍,മോന്‍സ് ജോസഫ്, എന്‍.കെ.പ്രേമചന്ദ്രന്‍,ഷിബുബേബി ജോണ്‍, സിപി ജോണ്‍,അനൂപ് ജേക്കബ്,ജി.ദേവരാജന്‍,സലീം പി മാത്യൂ, ബെന്നി ബെഹ്നാന്‍,ഷാഫി പറമ്പില്‍,അടൂര്‍ പ്രകാശ്,വി.കെ.ശ്രീകണ്ഠന്‍, നജീബ് കാന്തപുരം, ടി.സിദ്ധിഖ്, റോജി എം ജോണ്‍,മാത്യൂ കുഴല്‍നാടന്‍,രാഹുല്‍ മാങ്കൂട്ടത്തില്‍,സജീവ് ജോസഫ്,ചാണ്ടി ഉമ്മന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി, എം.ലിജു,കെപി ശ്രീകുമാര്‍, എംഎം നസീര്‍, പഴകുളം മധു, ജി.എസ്.ബാബു, വി.എസ്.ശിവകുമാര്‍, എൻ ശക്തൻ,ജോസഫ് എം പുതുശ്ശേരി,ഷാനിമോള്‍ ഉസ്മാന്‍, ബീമാപള്ളി റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.