കൊച്ചി: രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡറായി പ്രശസ്ത ചലച്ചിത്രതാരമായ വിദ്യ ബാലൻ നിയമിതയായി. ചരിത്രത്തിൽ ആദ്യമായാണ് ഫെഡറൽ ബാങ്ക് ഒരു ബ്രാൻഡ് അംബാസിഡറെ നിയമിക്കുന്നത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെവിഎസ് മണിയന്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. ബാങ്കിംഗ് മേഖലയിൽ കൂടുതൽ ഉയരങ്ങളിൽ എത്താനുള്ള ബാങ്കിന്റെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ പ്രഖ്യാപനം. അടുത്തിടെ നടന്ന അനലിസ്റ്റ് മീറ്റിൽ, ബാങ്കിന്റെ ഭാവിപരിപാടികളെക്കുറിച്ചുള്ള ദിശാസൂചനകൾ നൽകിയിരുന്നു. അവയിലെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു ബ്രാൻഡ് പരിവർത്തനം.
ഏതു സംസ്ഥാനത്തു താമസിക്കുന്നവരാണെങ്കിലും ഏതു പ്രായക്കാരാണെങ്കിലും സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും ശ്രദ്ധിക്കുന്ന വ്യക്തിത്വമാണ് വിദ്യ ബാലനെന്ന് ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ എംവിഎസ് മൂര്‍ത്തി പറഞ്ഞു. “ഫെഡറൽ ബാങ്കിന്റെ ബ്രാൻഡ് അംബാസിഡറായി വിദ്യ ബാലനെ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. വൈവിധ്യമാർന്ന, ബഹുമുഖവ്യക്തിത്വത്തിന് ഉടമയായ അവർക്ക് ഇന്ത്യയൊട്ടാകെ ആരാധകരുണ്ട്. ഓരോ റോൾ ചെയ്യുന്നതിലുള്ള തയ്യാറെടുപ്പും സൂക്ഷ്മമായ കാര്യങ്ങൾ വരെ മനസിലാക്കാനുള്ള താല്പര്യവും വ്യത്യസ്തമായ സാഹചര്യങ്ങളെ പരിഗണിക്കുന്ന രീതിയുമെല്ലാം, അവതരിപ്പിക്കുന്ന ഓരോ വേഷത്തിലും പൂർണത കാഴ്ചവെക്കാനുള്ള അവരുടെ കഴിവിന് സംഭാവന ചെയ്യുന്നു. അവരെ തെരഞ്ഞെടുക്കുമ്പോൾ ഞങ്ങൾക്ക് ബോധ്യമായ കാര്യമാണിത്. ഇടപാടുകാരുടെ ആവശ്യങ്ങൾ മനസിലാക്കാനും അതനുസരിച്ചുള്ള സേവനം നൽകാനുമുള്ള പ്രതിബദ്ധത ഞങ്ങൾക്കുണ്ട്. നീൽസൺ നടത്തിയ പഠനത്തിൽ പരാമർശിച്ചിട്ടുള്ള ഞങ്ങളുടെ നെറ്റ് പ്രൊമോട്ടർ സ്കോറും മറ്റു ബാങ്കുകളുമായിട്ടുള്ള താരതമ്യവും, ഡിജിറ്റൽ രംഗത്ത് മികവ് കാട്ടുമ്പോൾ തന്നെ മാനുഷിക സ്പർശത്തിനു നൽകുന്ന പ്രാധാന്യത്തിലൂടെ ഞങ്ങൾ കൈവരിച്ച നേട്ടങ്ങൾക്ക് അടിവരയിടുന്നു. വിദ്യയെപ്പോലെ, ഞങ്ങളുടെ ജോലി ആസ്വദിക്കുന്നതിനൊപ്പം കൂട്ടായ പരിശ്രമങ്ങളിലൂടെ നേടിയ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നു. ഫെഡറൽ ബാങ്കുമായി ബന്ധപ്പെട്ട എല്ലാവർക്കും വിദ്യ അഭിവൃദ്ധി പകരുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്വഭാവം, സംസ്കാരം, ഇടപാടുകാർ എന്നിവയാണ് ഞങ്ങളുടെയും ബ്രാൻഡിന്റെയും ആഘോഷത്തിന്റെ ഘടകങ്ങൾ.” എം വി എസ് മൂർത്തി കൂട്ടിച്ചേര്‍ത്തു.
കഹാനി, പരിണീത, ശകുന്തളാ ദേവി തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ അഭിനന്ദനങ്ങള്‍ നേടിയ വിദ്യ ബാലന്‍ പുതിയ പങ്കാളിത്തത്തിൽ തനിക്കുള്ള ആവേശം പങ്കുവെച്ചു. “രാജ്യത്തെ വിവിധ ബ്രാന്‍ഡുകളുടെ അംബാസിഡര്‍ എന്ന നിലയില്‍ ഇന്ത്യന്‍ വിജയഗാഥ ലോകത്തിനു പറഞ്ഞുകൊടുക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്ത് നിന്ന് വടക്കു വരെ സേവനം നൽകി നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുന്ന സ്ഥാപനമാണ് ഫെഡറൽ ബാങ്ക്. തലമുറകളായി വിശ്വസ്തമായ ഒരു സ്ഥാപനമാണ് എന്നത് കൂടാതെ വനിതകൾക്ക് തൊഴിൽ നൽകുന്നതിൽ രാജ്യത്തെ മുൻനിര സ്ഥാപനമാണ് എന്നതും ജോലിയിൽ തുടർന്ന് സമഗ്ര വളർച്ചയ്ക്ക് മികച്ച സംഭാവന നൽകാനുള്ള തൊഴിൽ അന്തരീക്ഷം സൃഷ്ടിച്ചു എന്നതും ഫെഡറൽ ബാങ്കിന്റെ വ്യത്യസ്തമാക്കുന്നു. വളരെ ശക്തമായ ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുമ്പോഴും, സമൂഹങ്ങളെയും ഉദ്ദേശ്യലക്ഷ്യങ്ങളെയും പിന്തുണയ്ക്കുന്നതിൽ ബാങ്ക് നടത്തുന്ന ശ്രമങ്ങളെ ഞാൻ വളരെയധികം അഭിനന്ദിക്കുന്നു.”
മാനവികതയില്‍ അടിസ്ഥാനമായുള്ള ഡിജിറ്റല്‍ സേവനങ്ങളെക്കുറിച്ച് ഫെഡറല്‍ ബാങ്ക് പ്രതിനിധികള്‍ പറഞ്ഞപ്പോള്‍ തനിക്ക് കൃത്യമായി മനസിലായതായും ബാങ്കുമൊത്തുള്ള ആവേശകരമായ യാത്രകള്‍ക്കായി കാത്തിരിക്കുന്നതായും വിദ്യ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
ടെലിവിഷൻ പരസ്യങ്ങൾ, സോഷ്യൽ മീഡിയ ക്യാംപെയ്നുകൾ തുടങ്ങി ബാങ്കിന്റെ പല മാർക്കറ്റിങ് സംരംഭങ്ങളിലും വരും വർഷങ്ങളിൽ വിദ്യ ബാലൻ ഭാഗഭാക്കാകും. ഒരു കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുന്ന ഫെഡറൽ ബാങ്കിന് തങ്ങളുടെ ആദ്യ ബ്രാൻഡ് അംബാസിഡർ ഒരു മുതൽക്കൂട്ടാകും. തന്റെ ശക്തമായ പ്രകടനങ്ങളിലൂടെയും അർഥപൂർണമായ തെരഞ്ഞെടുക്കലുകളിലൂടെയും ഇന്ത്യൻ സിനിമകളിലെ സ്ത്രീ നേതൃത്വത്തെ വിദ്യ ബാലൻ പുനർനിർവചിച്ചതുപോലെ, ഉത്പന്നങ്ങളുടെ വൈവിധ്യവും സേവനമികവും ഉറപ്പുവരുത്തി പുതിയ സ്ഥലങ്ങളിലേക്ക് ശാഖകൾ വിന്യസിച്ച് മുന്നേറാനാണ് ഈ ഘട്ടത്തിൽ ഫെഡറൽ ബാങ്ക് ലക്ഷ്യമിടുന്നത്.
ഫോട്ടോ 1 : ഫെഡറൽ ബാങ്ക് ബ്രാൻഡ് അംബാസിഡറായ വിദ്യാ ബാലനോടൊപ്പം ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ.വി.എസ് മണിയൻ, ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം.വി.എസ് മൂർത്തി എന്നിവർ.
ഫോട്ടോ 2: ഫെഡറൽ ബാങ്ക് ബ്രാൻഡ് അംബാസഡർ വിദ്യാ ബാലൻ.
Anju V Nair